
മുംബൈ: മഹാരാഷ്ട്രയിൽ മന്ത്രിസ്ഥാനം നൽകാമെന്ന് വാഗ്ദാനം ചെയ്ത് ബിജെപി എംഎൽഎയിൽനിന്ന് 100 കോടി തട്ടിയെടുക്കാൻ ശ്രമിച്ച നാലംഗ സംഘത്തെ അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര സർക്കാരിൽ മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്നുവെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് സംഭവം പുറത്തറിഞ്ഞത്. ബിജെപി എംഎൽഎ രാഹുൽ കുലിനെയാണ് സംഘം കബളിപ്പിക്കാൻ ശ്രമിച്ചത്. എന്നാൽ, തട്ടിപ്പാണെന്ന് മനസ്സിലാക്കിയ എംഎൽഎ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. എംഎൽഎയുടെ തന്ത്രപരമായ നീക്കത്തിലാണ് സംഘം കുടുങ്ങിയത്.
റിയാസ് ഷെയ്ഖ് എന്ന് പരിചയപ്പെടുത്തുന്ന ഒരാളിൽ നിന്ന് ജൂലൈ 16 ന് തന്റെ പേഴ്‌സണൽ അസിസ്റ്റന്റിന് ഫോൺ വന്നതായി രാഹുൽ കുൽ പറഞ്ഞു. ഒരു ഓഫർ ചർച്ച ചെയ്യാൻ എംഎൽഎയെ കാണണമെന്ന് റിയാസ് പറഞ്ഞു. ഇതേത്തുടർന്ന് മുംബൈയിലെ ഒരു ഹോട്ടലിൽ കൂടിക്കാഴ്ച നടത്തി. മഹാരാഷ്ട്ര മന്ത്രിസഭയിൽ മന്ത്രിയാക്കാമെന്നും ഇതിന് 100 കോടി രൂപ നൽകണമെന്നും ഇയാൾ വാഗ്ദാനം ചെയ്തു. തട്ടിപ്പാണെന്ന് സംശയം തോന്നിയ എംഎൽഎ 90 കോടി രൂപ നൽകാമെന്ന് 'സമ്മതിച്ചു'. 20 ശതമാനം തുക അഡ്വാൻസായി റിയാസ് ആവശ്യപ്പെട്ടു.
എംഎൽഎ തുക നൽകാമെന്ന് സമ്മതിക്കുകയും പിന്നീട് വരാൻ ആവശ്യപ്പെടുകയും ചെയ്തു. അതേസമയം, വിവരങ്ങളെല്ലാം രാഹുൽ കുൽ പാർട്ടി നേതൃത്വത്തെ അറിയിക്കുകയും മറൈൻ ഡ്രൈവ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. മുംബൈ പൊലീസ് കമ്മീഷണർ വിവേക് ഫൻസാൽക്കർ അന്വേഷണം സിറ്റി ക്രൈംബ്രാഞ്ചിന് കൈമാറി.
സിറ്റി ക്രൈംബ്രാഞ്ച് ഒരുക്കിയ കെണിയിൽ സംഘം കുടുങ്ങി. 18 കോടി രൂപ മുൻകൂറായി വാങ്ങാൻ പ്രതിയും കൂട്ടാളികളും എംഎൽഎയെ കാണാൻ ഹോട്ടലിലെത്തിയപ്പോൾ പൊലീസ് പിടികൂടുകയായിരുന്നു. തുടർന്ന് ഇവരെ അന്വേഷണത്തിനായി പൊലീസ് ആസ്ഥാനത്ത് എത്തിച്ചു. റിയാസ് ഷെയ്ഖ്, യോഗേഷ് കുൽക്കർണി, സാഗർ സംഘ്വി, സഫർ ഉസ്മാനി എന്നിവരാണ് അറസ്റ്റിലായ പ്രതികൾ. നാല് പേരെയും ജൂലൈ 26 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതികളിൽ നിന്ന് മൂന്ന് മൊബൈൽ ഫോണുകൾ പൊലീസ് കണ്ടെടുത്തു.
വീട്ടിലെത്തി മൊഴിയെടുക്കാമെന്ന ഇഡി നിർദ്ദേശം സോണിയ ഗാന്ധി തള്ളി, നേരിട്ട് ഹാജരാകും
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam