
ചണ്ഡിഗഡ്: മുൻവൈരാഗ്യത്തെ തുടർന്ന് ദളിത് യുവാവിനെ ക്രൂരമായി മർദ്ദിച്ചതായി പരാതി. പഞ്ചാബിലെ സൻഗ്രൂരിലാണ് സംഭവം. ജഗ്മയിൽ സിംഗ് എന്ന യുവാവിനെയാണ് നാലുപേർ ചേർന്ന് മർദ്ദിക്കുകയും മൂത്രംകുടിപ്പിക്കുകയും ചെയ്തതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ റിങ്കു, അമർജിത് സിങ്, ലക്കി, ബീട്ട എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു.
നവംബർ ഏഴിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. രണ്ട് പേർ ചേർന്ന് ജഗ്മയിലിനെ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോവുകയും മർദ്ദിക്കുകയുമായിരുന്നുവെന്ന് ഡിഎസ്പി ബുത്ത സിങ് പറഞ്ഞു. യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ നാല് പേർക്കെതിരെ കേസെടുത്തുവെങ്കിലും ഇവരെ പിടികൂടാനായിട്ടില്ല. നേരത്തെ റിങ്കുവും ജഗ്മയിലും തമ്മിലുണ്ടായിരുന്ന പ്രശ്നം പരിഹരിച്ചിരുന്നുവെന്നും ഉദ്യോഗസ്ഥർ പറയുന്നു.
'ഒക്ടോബർ 21നായിരുന്നു റിങ്കുവും ജഗ്മയിലും തമ്മിൽ തർക്കം നടന്നത്. ഇത് പരിഹരിച്ചിരുന്നെങ്കിലും നംവബർ ഏഴിന് രാവിലെ ജഗ്മയിലിന്‍റെ വീട്ടിലെത്തിയ റിങ്കുവും അമർജിത്തും ചേർന്ന് ഇയാളെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടർന്ന് നാല് പേരും ചേർന്ന് മർദ്ദിച്ചെന്നാണ് പരാതി' പൊലീസ് പറയുന്നു.
'വടികൾ ഉപയോഗിച്ചാണ് മർദ്ദിച്ചത്. കുടിക്കാനായി വെള്ളം ചോദിച്ചപ്പോൾ, അവരെന്നെക്കൊണ്ട് മൂത്രം കുടിപ്പിച്ചു.' യുവാവ് പറഞ്ഞു. അന്വേഷണം നടക്കുകയാണെന്നും പ്രതികൾക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam