
ചെന്നൈ: തമിഴ്നാട് കരൂരിൽ നാല് സ്കൂൾ കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു. പുതുക്കോട്ട വീരാളിമല സർക്കാർ സ്കൂളിൽ ആറാം ക്ലാസിലും എട്ടാം ക്ലാസിലും പഠിക്കുന്ന പെൺകുട്ടികളാണ് മരിച്ച നാലുപേരും. ഫുട്ബോൾ മത്സരത്തിൽ പങ്കെടുക്കാനെത്തിയ കുട്ടികൾ നദിയിൽ കുളിക്കാനിറങ്ങിയപ്പോൾ അപകടത്തിൽപ്പെടുകയായിരുന്നു. എട്ടാം ക്ലാസ് വിദ്യാർത്ഥികളായ തമിഴരസി, സോഫി, ആറാം ക്ലാസിൽ പഠിക്കുന്ന ഇനിയ, ലാവണ്യ എന്നിവരാണ് മരിച്ചത്.
ഇവരടക്കം വീരാളിമല സർക്കാർ സ്കൂളിലെ 13 കുട്ടികൾക്ക് സംസ്ഥാനതല ഫുട്ബോൾ മത്സരത്തിൽ പങ്കെടുക്കാൻ സെലക്ഷൻ കിട്ടിയിരുന്നു. ടൂർണമെന്‍റിനായി കരൂർ ജില്ലയിലെ തന്നെ മറ്റൊരു സ്കൂൾ ഗ്രൗണ്ടിലേക്ക് അധ്യാപകർക്കൊപ്പം പോയതായിരുന്നു നാലുപേരും. രണ്ട് അധ്യാപകരും ഇവർക്കൊപ്പമുണ്ടായിരുന്നു. ആദ്യ റൗണ്ട് മത്സരത്തിന് ശേഷം കുട്ടികൾ കാവേരി നദിയിൽ മായന്നൂർ ഭാഗത്ത് കുളിക്കാനിറങ്ങി. നീന്തൽ പരിചയമില്ലാത്ത ഒരു കുട്ടി ആദ്യം വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു.
രക്ഷിക്കാനുള്ള ശ്രമത്തിനിടെ മറ്റ് മൂന്ന് പേർ കൂടി അപകടത്തില്‍പ്പെടുകയായിരുന്നുവെന്നാണ് വിവരം. നാലുപേരുടേയും മൃതദേഹങ്ങൾ ഏറെ നേരം നീണ്ട തെരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്. അധ്യാപകരുടെ അനാസ്ഥയാണ് ദുരന്തത്തിന് കാരണം എന്നാരോപിച്ച് നാട്ടുകാർ പ്രതിഷേധിച്ചു. സ്ഥലത്ത് നേരിയ സംഘർഷാവസ്ഥ ഉണ്ടാവുകയും ചെയ്തു. പൊലീസ് ഇടപെട്ട് ആൾക്കൂട്ടത്തെ പിന്നീട് പിരിച്ചുവിടുകയായിരുന്നു.
വിദ്യാർത്ഥികൾക്കൊപ്പം ഉണ്ടായിരുന്ന ഇബ്രാഹിം, തിലകവതി എന്നീ അധ്യാപകരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. മരിച്ച വിദ്യാർത്ഥികളുടെ കുടുംബത്തിന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ രണ്ട് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. അതേസമയം, ഇടുക്കിയില്‍ മുത്തശ്ശിയും രണ്ട് പേരക്കുട്ടികളും മുങ്ങി മരിച്ചതിന്‍റെ ഞെട്ടലിലാണ് നാട്. ഇടുക്കി കൊമ്പൊടിഞ്ഞാലിന് സമീപം പാറ ക്വാറിയിലെ വെള്ളത്തിൽ വീണ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. കൊമ്പോടിഞ്ഞാൽ ഇണ്ടിക്കുഴിയിൽ ബിനോയി - ജാസ്മി ദമ്പതികളുടെ മക്കളായ ആൻമരിയ (8), അമേയ (4) എന്നിവരും ജാസ്മിയുടെ മാതാവ് എൽസമ്മ (50) യുമാണ് മുങ്ങി മരിച്ചത്. കുട്ടികളിലൊരാൾ വെള്ളത്തിൽ വീണപ്പോൾ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മറ്റ് രണ്ട് പേരും മുങ്ങിമരിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam