
ബെംഗളൂരു: കർണാടകയിൽ ഭക്ഷണത്തിൽ വിഷം കലർന്ന് ഒരു കുടുംബത്തിലെ 4 പേർ മരിച്ചു. റായ്ച്ചൂര്‍ ജില്ലയിലെ കല്ലൂരിലാണ് രാത്രി ഭക്ഷണം കഴിച്ച് കിടന്ന കുടുംബത്തിലെ 4 പേർക്ക് ദുരൂഹസാഹചര്യത്തില്‍ ദാരുണാന്ത്യം സംഭവിച്ചത്. കല്ലൂർ സ്വദേശികളായ ഭീമണ്ണ ബഗ്ലി(60) ഭാര്യ ഏരമ്മ(54) മക്കളായ മല്ലേഷ(19) പാര്‍വതി(17) എന്നിവരാണ് മരിച്ചത്. കുടുംബത്തിലെ മറ്റൊരംഗമായ മല്ലമ്മ എന്ന സ്ത്രീ ആശുപത്രിയില്‍ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഇവര്‍ അബോധാവസ്ഥയിലാണെന്നാണ് ആശുപത്രിയില്‍നിന്നുള്ള വിവരം.
കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. രാത്രി പതിവ് പോലെ ഭക്ഷണം കഴിഞ്ഞ് കുടുംബാംഗങ്ങൾ എല്ലാവരും കിടന്നുറങ്ങി. വീട്ടിലുണ്ടാക്കിയ ചപ്പാത്തിയും മട്ടണും സാലഡുമാണ് കുടുംബം കഴിച്ചതെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. ഉറക്കത്തിനിടെ അര്‍ധരാത്രിയോടെ ഇവർക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഇതോടെ ഇവരെ അഞ്ചുപേരെയും ബന്ധുക്കളും അയൽവാസികളും ചേർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നാലു പേർ മരണപ്പെടുകയായിരുന്നു.
വീട്ടിൽ നിന്നും ബഹളം കേട്ടെത്തിയ അയല്‍ക്കാരാണ് ഇവരെ ബന്ധുക്കളുടെ സഹായത്തോടെ റായ്ച്ചൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ പുലര്‍ച്ചെയോടെ നാലുപേരുടെയും മരണം സംഭവിക്കുകയായിരുന്നു. രാത്രി കഴിച്ച ഭക്ഷണത്തില്‍ വിഷാംശം കലര്‍ന്നതാണ് കൂട്ടമരണത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സംഭവം ആത്മഹത്യയാണോ എന്നതടക്കം പൊലീസ് പരിശോധിച്ചുവരികയാണ്.
വീട്ടില്‍നിന്നുള്ള ഭക്ഷണ സാമ്പിളുകള്‍ ഹൈദരാബാദിലെ ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ലാബ് റിപ്പോര്‍ട്ടും ലഭിച്ചാലേ മരണകാരണം വ്യക്തമാവുകയുള്ളൂവെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. ഭീമണ്ണയും കുടുംബവും സന്തോഷത്തോടെയായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ കഴിഞ്ഞതെന്നും എന്തെങ്കിലും പ്രശ്നം ഉള്ളതായി തോന്നിയിട്ടില്ലെന്നുമാണ് നാട്ടുകാർ പറയുന്നത്.
Read More : തോക്കുമായി 3 പേർ, ജ്വല്ലറിയിലേക്ക് ഇരച്ചെത്തി; 20 സെക്കന്‍റിനുള്ളിൽ ലക്ഷങ്ങളുടെ ആഭരണം കവർന്ന് രക്ഷപ്പെട്ടു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam