ഹെൽമറ്റ് ധരിച്ച് കോട്ടിട്ട് ഓടിപ്പോയതാര്? വീടിനരികെ നിർത്തിയിട്ട നാല് വാഹനങ്ങൾ കത്തിച്ച സംഭവത്തിൽ നിർണായക സിസിടിവി ദൃശ്യം പുറത്ത്

Published : Dec 01, 2025, 05:25 PM IST
 BJP worker vehicles burned in Kerala

Synopsis

തിരുവനന്തപുരം ചിറയിൻകീഴിൽ ബിജെപി പ്രവർത്തകനായ ബാബുവിൻ്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന നാല് വാഹനങ്ങൾ കത്തിനശിച്ചു. ഹെൽമറ്റ് ധരിച്ചെത്തിയ പ്രതികളെന്ന് സംശയിക്കുന്നവരുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം: ചിറയിൻകീഴ് ബിജെപി പ്രവർത്തകന്‍റെ വീട്ടിലെ നാല് വാഹനങ്ങൾ കത്തിച്ച സംഭവത്തിൽ പ്രതികളെന്ന് സംശയിക്കുന്നവരുടെ സിസിടിവി ദൃശ്യം പുറത്ത്. ഹെൽമറ്റ് ധരിച്ചും തല കുനിച്ചും പ്രതികൾ ഓടിപ്പോകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇവർ ആരാണെന്നോ എന്തിനാണ് വാഹനങ്ങൾ കത്തിച്ചതെന്നോ വ്യക്തമായിട്ടില്ല.  ബിജെപി പ്രവർത്തകനും ഓട്ടോ ഡ്രൈവറുമായ ബാബുവിന്‍റെ (56) വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളാണ് കത്തിനശിച്ചത്.

ചിറയിൻകീഴ് പുളിമൂട്ടിൽ കടവ് പാലത്തിനു സമീപം വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന നാല് വാഹനങ്ങളാണ് കത്തിനശിച്ച നിലയിൽ കണ്ടെത്തിയത്. പുളിമൂട്ടിൽ കടവ് പാലത്തിന് സമീപം കാർ ഷെഡിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയും രണ്ട് ബൈക്കുകളും ഒരു സ്കൂട്ടിയുമാണ് കത്തി നശിച്ചത്. ആറ്റിങ്ങൽ ഫയർഫോഴ്സ് സ്ഥലത്തെത്തിയപ്പോഴേക്കും വാഹനങ്ങൾ പൂർണമായും കത്തിനശിച്ചിരുന്നു.

വാഹനങ്ങൾ കത്തിനശിച്ച സാഹചര്യത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ വീടുകളിൽ സ്ഥാപിച്ചിരിക്കുന്ന നിരീക്ഷണ ക്യാമറകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നടക്കുന്നുണ്ട്. ദിവസങ്ങൾക്കു മുമ്പ് ബാബുവിന്‍റെ വീടിനു മുന്നിൽ ഇരുചക്ര വാഹനത്തിൽ ഹെൽമറ്റ് ധരിച്ചെത്തിയ അജ്ഞാതൻ ബാബുവിന്‍റെ വീട് ഇതാണോ എന്നും ഫോൺ നമ്പറും അന്വേഷിച്ചിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. ഇയാളെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.

ചിറയിൻകീഴ് 17-ാം വാർഡ് ആയ പണ്ടകശാലയിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ബാബുവിന്‍റെ സഹോദരീപുത്രിയായ റ്റിൻ്റുവിൻ്റെ വീട് ദിവസങ്ങൾക്ക് മുമ്പ് കത്തി നശിച്ചിരുന്നു. ചിറയിൻകീഴ് പൊലീസ് അന്വേഷിക്കുന്ന ആ സംഭവത്തിലും ഒരു തുമ്പും കിട്ടിയിട്ടില്ല. രാഷ്ട്രീയ വൈരാഗ്യം മൂലം ആരെങ്കിലും വാഹനം കത്തിച്ചതാണോ എന്ന് ചിറയിൻകീഴ് പൊലീസ് അന്വേഷിക്കുന്നുണ്ട്.

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത തകർന്ന സംഭവം; വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും, 3 അംഗ വിദഗ്ധ സമിതി സ്ഥലം സന്ദർശിച്ചു
യാത്രാ പ്രതിസന്ധി; ഇൻഡിഗോ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി ഡിജിസിഎ, ഇന്ന് മറുപടി നൽകണം