
ദില്ലി: ഇന്ത്യയിലെ പ്രധാന വിമാനത്താവളങ്ങളുടെ പരിധിയിൽ ജിപിഎസ് സ്പൂഫിങ് നടന്നു എന്ന് സ്ഥിരീകരിച്ച് കേന്ദ്ര സർക്കാർ. ജിപിഎസ് സ്പൂഫിങും ജിഎൻഎസ്എസ് തടസ്സവും നേരിട്ടു. പാർലമെന്റിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് വ്യോമയാന മന്ത്രി റാം മോഹൻ നായിഡു ഇത് സ്ഥിരീകരിച്ചത്. റിപ്പോർട്ട് ചെയ്യപ്പെട്ട സംഭവങ്ങളുടെ ഗൌരവവും അവ പരിഹരിക്കാൻ സ്വീകരിച്ച നടപടികളും മന്ത്രി വിശദീകരിച്ചു.
എംപി എസ് നിരഞ്ജൻ റെഡ്ഡി ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മന്ത്രി. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) 2023 നവംബറിൽ ജിപിഎസ് ജാമിംഗോ സ്പൂഫിംഗോ അടക്കം എല്ലാ സംഭവങ്ങളും റിപ്പോർട്ട് ചെയ്യുന്നത് നിർബന്ധമാക്കിയ ശേഷം പതിവായി റിപ്പോർട്ടുകൾ ലഭിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. കൊൽക്കത്ത, അമൃത്‍സർ, മുംബൈ, ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ ഇതിൽ ഉൾപ്പെടുന്നു. 2023 മുതൽ ജിപിഎസ് സ്പൂഫിങ് നടക്കുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ റൺവേ 10ൽ ലാൻഡ് ചെയ്യാൻ ശ്രമിച്ച വിമാനങ്ങൾക്കാണ് തടസ്സം നേരിട്ടത്.
ഉപഗ്രഹ അധിഷ്ഠിത ലാൻഡിംഗ് നടപടി പ്രകാരമുള്ള വിമാനങ്ങളിലാണ് ജിപിഎസ് സ്പൂഫിംഗ് റിപ്പോർട്ട് ചെയ്തത്. ഈ വിമാനങ്ങൾക്കായി അടിയന്തര നടപടി ക്രമങ്ങൾ സജീവമാക്കി. പരമ്പരാഗത ഗ്രൗണ്ട് അധിഷ്ഠിത നാവിഗേഷൻ സംവിധാനങ്ങൾ ഉപയോഗിക്കുന്ന മറ്റ് റൺവേകളിലെ പ്രവർത്തനങ്ങളെ ഇത് ബാധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സുരക്ഷാ നിർദേശങ്ങളും റിപ്പോർട്ടിംഗ് നിയമങ്ങളും കർശനമാക്കിയെന്ന് മന്ത്രി പറഞ്ഞു. ഏതെങ്കിലും അസാധാരണമായ ജിപിഎസ് പ്രവർത്തനം കണ്ടെത്തിയാൽ പൈലറ്റുമാരും എയർ ട്രാഫിക് കൺട്രോളർമാരും ഉടനടി റിപ്പോർട്ട് ചെയ്യണം. ഇടപെടലിന്‍റെ ഉറവിടം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഇടപെടലിൻ്റെ ഉറവിടം കൃത്യമായി കണ്ടെത്താൻ വയർലെസ് മോണിറ്ററിംഗ് ഓർഗനൈസേഷനോട് സഹായം തേടി.
ജിപിഎസ് സ്പൂഫിങ് എന്നത് ഒരു തരം സൈബർ ആക്രമണമാണ്. വ്യാജ ജിപിഎസ് സിഗ്നലുകൾ അയച്ച് മറ്റൊരു സ്ഥലത്തോ സമയത്തോ ആണെന്ന് വിശ്വസിപ്പിക്കുന്നു. സ്പൂഫിങ് തെറ്റായ ഡാറ്റ നൽകുന്നു. ഇത് തിരിച്ചറിയുന്നത് ബുദ്ധിമുട്ടാണ്. വാഹനങ്ങൾ, വിമാനങ്ങൾ, ഡ്രോണുകൾ എന്നിവയുടെയെല്ലാം തെറ്റായ നാവിഗേഷനിലേക്ക് ഇത് നയിക്കുകയും ചെയ്യും.