കടുവയുടെ ആക്രമണത്തിൽ നാല് സ്ത്രീകൾ കൊല്ലപ്പെട്ടു; ദാരുണ സംഭവം ബീഡി തെറുക്കാനുള്ള ഇല ശേഖരിക്കാൻ പോയപ്പോൾ

Published : May 23, 2026, 09:18 AM IST
tiger

Synopsis

പെൺകടുവയും കുട്ടികളുമാണ് സ്ത്രീകളെ ആക്രമിച്ചതെന്ന് ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് രാമാനുജം ആർ എം പറഞ്ഞു. പ്രദേശത്ത് നിരീക്ഷണം ശക്തമാക്കുന്നതിനായി മൂന്ന് നിരീക്ഷണ ക്യാമറകളും 30 ക്യാമറ ട്രാപ്പുകളും സ്ഥാപിച്ചു.

മുംബൈ: കടുവയുടെ ആക്രമണത്തിൽ മഹാരാഷ്ട്രയിൽ നാല് സ്ത്രീകൾ കൊല്ലപ്പെട്ടു. ബീഡി തെറുക്കാനുള്ള ഇല ശേഖരിക്കാൻ കാട്ടിൽ കയറിയപ്പോഴായിരുന്നു ആക്രമണം. സംഗീത ചൗധരി (50), കൗദാബായ് മോഹുർലെ (45), അനുബായ് മോഹുർലെ (40), സുനിത മോഹുർലെ (38) എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് സംസ്ഥാന വനംവകുപ്പ് തിരിച്ചറിഞ്ഞു. ചന്ദ്രപൂർ ജില്ലയിലെ ഗുഞ്ജേവാഹി ഗ്രാമത്തോട് ചേർന്നുള്ള വനമേഖലയിൽ വെച്ചായിരുന്നു ആക്രമണം. ചന്ദ്രപൂർ ജില്ലയിൽ ഈ വർഷം റിപ്പോർട്ട് ചെയ്യപ്പെട്ട ഏഴാമത്തെ കടുവ ആക്രമണമാണിത്.

പെൺകടുവയും കുട്ടികളുമാണ് സ്ത്രീകളെ ആക്രമിച്ചതെന്ന് ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് രാമാനുജം ആർ എം പറഞ്ഞു. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മാസങ്ങളിലാണ് പൊതുവെ ഇവിടെ ബീഡി നിർമ്മാണത്തിനുള്ള ഇലകൾ കാട്ടിൽ നിന്നും ശേഖരിക്കാറുള്ളത്. ബ്രഹ്മപുരി ഡിവിഷനോട് ചേർന്നുള്ള ഈ വനഭാഗത്ത് കടുവയുടെ സാന്നിധ്യം ഉള്ളതിനാൽ തൽക്കാലം വനത്തിൽ പ്രവേശിക്കരുതെന്ന് ഗ്രാമീണർക്ക് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് വനം വകുപ്പ് അറിയിച്ചു. മെയ് 14-ന് സ്ത്രീകൾ വനത്തിൽ കയറിയപ്പോൾ വനം വകുപ്പിന്റെ പട്രോളിംഗ് സംഘം ഇവരെ തടയുകയും തിരികെ പറഞ്ഞയയ്ക്കുകയും ചെയ്തിരുന്നുവെന്നും ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്റർ അറിയിച്ചു. ആക്രമിച്ച കടുവക്കുട്ടികൾക്ക് രണ്ട് വയസ്സിലധികം പ്രായമുണ്ട്. അമ്മയിൽ നിന്ന് വേർപിരിയാൻ നിൽക്കുന്ന ഈ പ്രായത്തിൽ കടുവകൾ കൂടുതൽ ആക്രമണകാരികളും അപകടകാരികളും ആണെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് വനം വകുപ്പ് 25,000 രൂപ വീതം അടിയന്തര സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. പ്രദേശത്ത് നിരീക്ഷണം ശക്തമാക്കുന്നതിനായി മൂന്ന് നിരീക്ഷണ ക്യാമറകളും 30 ക്യാമറ ട്രാപ്പുകളും സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ വനത്തിൽ പ്രവേശിച്ച് ബീഡി ഇലകൾ ശേഖരിക്കുന്നതിന് താൽക്കാലികമായി പൂർണ വിലക്കേർപ്പെടുത്തി. വേനൽക്കാലത്ത് മാത്രമാണ് തങ്ങൾക്ക് ഈ ജോലി ലഭിക്കുന്നതെന്നും അതുകൊണ്ട് തന്നെ വനത്തിൽ പോകാതിരിക്കാൻ കഴിയില്ലെന്നും ഗ്രാമീണർ പറയുന്നു.

അതേസമയം തഡോബ-ചന്ദ്രപൂർ മേഖലയിലെ ഖനനവുമായി ബന്ധപ്പെട്ട വനനശീകരണമാണ് മനുഷ്യ-മൃഗ സംഘർഷം വർദ്ധിക്കാൻ കാരണമെന്ന് പരിസ്ഥിതി പ്രവർത്തകനായ രാം ധോത്രെ ആരോപിച്ചു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി സ്വകാര്യ കമ്പനികൾക്ക് ഖനനത്തിനായി വലിയ തോതിൽ വനഭൂമി വിട്ടുനൽകിയത് പ്രകൃതിയുടെ സന്തുലിതാവസ്ഥയെ ബാധിച്ചുവെന്നും ഇതാണ് വന്യമൃഗങ്ങൾ ജനവാസ മേഖലകളിലേക്ക് ഇറങ്ങാൻ കാരണമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇന്ത്യയിൽ, വൈകിട്ട് മോദിയുമായി കൂടിക്കാഴ്ച; ഊർജ, പ്രതിരോധ വിഷയങ്ങളിൽ ചർച്ച
മഡിവാള ബലാത്സംഗക്കേസ്: പെൺകുട്ടിയെയും സുഹൃത്തുക്കളെയും ഹണി ട്രാപ്പ് കേസിൽ പെടുത്താൻ പ്രതിയുടെ ശ്രമം