യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇന്ത്യയിൽ, വൈകിട്ട് മോദിയുമായി കൂടിക്കാഴ്ച; ഊർജ, പ്രതിരോധ വിഷയങ്ങളിൽ ചർച്ച

Published : May 23, 2026, 09:18 AM IST
Marco Rubio India Visit

Synopsis

യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇന്ത്യയിൽ എത്തി. ഇന്ന് വൈകുന്നേരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയിൽ ഊർജ, പ്രതിരോധ വിഷയങ്ങൾ ചർച്ചയാകും. നാല് ദിവസം ഇന്ത്യയിൽ തുടരുന്ന റൂബിയോ വിവിധ നഗരങ്ങളിൽ സന്ദർശനം നടത്തും. 

കൊൽക്കത്ത: യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇന്ത്യയിൽ എത്തി. നാല് ദിവസത്തെ ഇന്ത്യ സന്ദർശനത്തിനായി കൊൽക്കത്തിൽ എത്തിയ റൂബിയോ, പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. അമേരിക്കയിൽ ഡോണാൾഡ് ട്രംപ് അധികാരമേറ്റ് ഒന്നര വർഷം പിന്നിടുമ്പോൾ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ നടത്തുന്ന ആദ്യ ഇന്ത്യ സന്ദർശനമാണിത്. അതേസമയം 14 വർഷങ്ങൾക്ക് ശേഷമാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി കൊൽക്കത്ത നഗരത്തിൽ എത്തുന്നത്. 2012 മെയിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന ഹിലാരി ക്ലിൻ്റൺ കൊൽക്കത്ത സന്ദർശിച്ചിരുന്നു.

സെക്രട്ടറി മാർക്കോ റൂബിയോ കൊൽക്കത്തയിൽ എത്തിച്ചേർന്നതായും അദ്ദേഹത്തിന്റെ ആദ്യത്തെ ഇന്ത്യ സന്ദർശനമാണിതെന്നും ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ പറഞ്ഞു. ഇന്ന് വൈകുന്നേരം റൂബിയോ ദില്ലിയിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. വരും ദിവസങ്ങളിൽ വ്യാപാരം, സാങ്കേതികവിദ്യ, പ്രതിരോധം, ക്വാഡ് എന്നിങ്ങനെ വിവിധ മേഖലകളിലെ വിഷയങ്ങൾ ചർച്ച ചെയ്യാനും മുന്നോട്ട് കൊണ്ടുപോകാനും സന്ദർശനം ലക്ഷ്യമിടുന്നതായും സെർജിയോ ഗോർ എക്സിലൂടെ അറിയിച്ചു.

ആഗോള സഖ്യങ്ങൾ അതിവേഗം മാറുന്നതിനിടെയും അമേരിക്കയും ഇന്ത്യയും തങ്ങളുടെ പ്രധാന തന്ത്രപരമായ മുൻഗണനകൾ പുനഃക്രമീകരിക്കാൻ ശ്രമിക്കുന്നതിനിടെയുമാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുടെ ഇന്ത്യ സന്ദർശനം നടക്കുന്നത്. ഊർജം, സുരക്ഷ, പ്രതിരോധ സഹകരണം തുടങ്ങിയ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയാകും. ഇതിൽതന്നെ ഊർജവുമായി ബന്ധപ്പെട്ട ചർച്ചകൾക്കാകും മുൻതൂക്കം. എൽഎൻജി, ക്രൂഡ് കയറ്റുമതികളിലൂടെ ഇന്ത്യയുടെ എണ്ണ വിപണിയിൽ സ്വാധീനം വർധിപ്പിക്കാൻ യുഎസ് ശ്രമം നടത്തുന്നുണ്ട്.

മെയ് 26 വരെ മാർക്കോ റൂബിയോ ഇന്ത്യയിൽ തുടരും. കൊൽക്കത്തയ്ക്കും ദില്ലിക്കും പുറമേ, ആഗ്ര, ജയ്പുർ എന്നീ നഗരങ്ങളും റൂബിയോ സന്ദർശിക്കും. സെൻട്രൽ കൊൽക്കത്തയിലെ സെൻ്റ് തെരോസാസ് മിഷനറീസ് ഓഫ് ചാരിറ്റി റൂബിയോ സന്ദർശിച്ചേക്കാൻ സാധ്യതയുണ്ടെന്ന് യുഎസ് കോൺസുലേറ്റ് അറിയിച്ചിട്ടുണ്ട്. 26ന് ദില്ലിയിൽ നടക്കുന്ന ക്വാഡ് നേതാക്കളുടെ യോഗത്തിൽ റൂബിയോ പങ്കെടുക്കും. കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ഓസ്ട്രേലിയ, ജാപ്പനീസ് വിദേശകാര്യ മന്ത്രിമാരും പങ്കെടുക്കും. ഇന്തോ - പസഫിക് മേഖലയിലെ സഹകരണം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആണ് യോഗം നടക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കടുവയുടെ ആക്രമണത്തിൽ നാല് സ്ത്രീകൾ കൊല്ലപ്പെട്ടു; ദാരുണ സംഭവം ബീഡി തെറുക്കാനുള്ള ഇല ശേഖരിക്കാൻ പോയപ്പോൾ
മഡിവാള ബലാത്സംഗക്കേസ്: പെൺകുട്ടിയെയും സുഹൃത്തുക്കളെയും ഹണി ട്രാപ്പ് കേസിൽ പെടുത്താൻ പ്രതിയുടെ ശ്രമം