പൗരത്വ പ്രതിഷേധം: അറസ്റ്റില്‍ യുപി പൊലീസിന് വീഴ്ച; നിരപരാധികളെന്നുകണ്ട് നാല് പേരെ വിട്ടയച്ചു

By Web TeamFirst Published Jan 3, 2020, 6:56 PM IST
Highlights

പൗരത്വഭേദഗതി നിയമത്തിനെതിരായ സമരങ്ങളില്‍ 372 കേസുകളാണ് ഉത്തര്‍പ്രദേശ് പൊലീസ് രേഖപ്പെടുത്തിയത്. 1250 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

ദില്ലി: പൗരത്വ നിയമപ്രതിഷേധവുമായി ബന്ധപ്പെട്ട അറസ്റ്റുകളില്‍ ഉത്തര്‍പ്രദേശ് പൊലീസിന് വീഴ്ച. നിരപരാധികളെന്നുകണ്ട് നാലുപേരെ പത്തുദിവസത്തിനുശേഷം വിട്ടയച്ചു. പാക്ക് കവിയുടെ കവിത ചൊല്ലിയ വിദ്യാര്‍ഥികള്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച നടപടി കാണ്‍പൂര്‍ ഐഐടി മയപ്പെടുത്തി.

പൗരത്വഭേദഗതി നിയമത്തിനെതിരായ സമരങ്ങളില്‍ 372 കേസുകളാണ് ഉത്തര്‍പ്രദേശ് പൊലീസ് രേഖപ്പെടുത്തിയത്. 1250 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. സമരം ചെയ്യുന്നവരെ പൊലീസ് വേട്ടയാടുന്നെന്ന ആക്ഷേപം ഉയര്‍ന്നതിന് പിന്നാലെയാണ് മുസാഫർ നഗറിലെ നാലുപേരെ മോചിപ്പിച്ചത്. കഴിഞ്ഞ മാസം 20ന് അറസ്റ്റിലായ സർക്കാർ ഉദ്യോഗസ്ഥന് മുഹമ്മദ് ഖാലിദ് അടക്കം നാല് പേര്‍ക്ക് അക്രമത്തില്‍ പങ്കില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു. പിന്നാലെ അറസ്റ്റുകളിൽ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന സർക്കാർ പൊലീസിന് കർശന നിർദേശം നൽകി.

അതേസമയം, പാക്ക് കവിയുടെ കവിത ചൊല്ലിയ വിദ്യാര്‍ഥികള്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച നടപടി കാണ്‍പൂര്‍ ഐഐടി മയപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ 17 ന് നടത്തിയ പ്രതിഷേധത്തിലാണ് കാണ്‍പൂര്‍ ഐഐടിയില്‍ വിദ്യാര്‍ത്ഥികള്‍ ഫായിസ് അഹമ്മദ് ഫായിസിന്‍റെ കവിത ചൊല്ലിയത്. ക്യാംപസുകളില്‍ ഇസ്ലാമിക മുദ്രാവാക്യമുയര്‍ത്തുന്നത് ആശങ്കാജനകമെന്നായിരുന്നു ബിജെപി ഐടിസെല്‍ തലവന്‍ അമിത് മാളവ്യയുടെ പ്രതികരണം. 

ഹിന്ദു വികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി താത്കാലിക അധ്യാപകന്‍ വസിമാനന്ദ ശര്‍മ്മ ഉള്‍പ്പടെ 16 പേര്‍ പരാതി നല്‍കിയതോടെ ആറംഗ സമിതിയെ ഐഐടി അന്വേഷണത്തിന് നിയോഗിച്ചു. വിദ്യാര്‍ഥികളെ അനുകൂലിച്ച് കവി ജാവേദ് അക്തര്‍ ഉള്‍പ്പടെയുള്ളവര്‍ രംഗത്തെത്തിയതിന് പിന്നാലെ സര്‍വ്വകലാശാല നിലപാട് മയപ്പെടുത്തി. ക്യാപസില്‍ നടന്ന സമരങ്ങളക്കുറിച്ചുയര്‍ന്ന പരാതികളാണ് അന്വേഷിക്കുന്നതെന്ന് ഐഐടി വിശദീകരിച്ചു.

click me!