
ഗോരഖ്പൂർ: ട്യൂഷൻ ഒഴിവാക്കാനായി സ്വന്തം വീട്ടിനുള്ളിൽ ഒളിച്ചിരുന്ന നാലാം ക്ലാസുകാരനെ കണ്ടെത്തിയത്, മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ. കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് സംശയിച്ച് പൊലീസ് നടത്തിയ നീണ്ട തിരച്ചിലിന് ഒടുവിലാണ് വീടിനുള്ളിൽനിന്ന് തന്നെ കുട്ടിയെ കണ്ടെത്തിയത്. പൊലീസ് നായയുടെ സഹായത്തോടെയാണ് കുട്ടിയെ കണ്ടെത്തിയത്.
ബുധനാഴ്ച വൈകുന്നേരം അഞ്ചു മണിയോടെ കളിക്കാൻ പോയ 10 വയസ്സുകാരനായ ലക്ഷ്യ പ്രതാപ് സിംഗ് തിരികെ വരാതിരുന്നതോടെയാണ് വീട്ടുകാർ പരിഭ്രാന്തരായത്. കുട്ടിക്ക് എന്തോ ആപത്ത് സംഭവിച്ചുവെന്ന് ഭയന്ന് മുത്തച്ഛൻ സദാനന്ദ് സിംഗ് ചിലുഅതാൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഉടൻതന്നെ കുട്ടിയുടെ ചിത്രം എല്ലാ സ്റ്റേഷനുകളിലേക്കും വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലേക്കും കൈമാറി. റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും പൊലീസ് സംഘം തിരച്ചിൽ നടത്തി.
കുട്ടിയെക്കുറിച്ച് ഒരു തുമ്പും കിട്ടാതായതോടെയാണ് എസ്.പി. (നോർത്ത്) ജിതേന്ദ്ര കുമാർ ശ്രീവാസ്തവയുടെ നിർദ്ദേശപ്രകാരം പോലീസ് ഡോഗ് സ്ക്വാഡിനെ വിളിച്ചുവരുത്തിയത്. ഏഴ് വയസ്സുള്ള 'ടോണി' എന്ന ഡോബർമാൻ ഇനം നായക്ക് ലക്ഷ്യയുടെ ഷർട്ട് മണക്കാൻ നൽകി. മിനിറ്റുകൾക്കുള്ളിൽ ടോണി നേരെ ഓടിയത് വീടിന്റെ മുകളിലത്തെ നിലയിലേക്കായിരുന്നു. അവിടെ പൂട്ടിയിട്ട ഒരു മുറിയുടെ നേർക്ക് കുരയ്ക്കാൻ തുടങ്ങി. വനിതാ പോലീസുകാരുടെ സഹായത്തോടെ മുറി തുറന്നു പരിശോധിച്ചപ്പോൾ, മുറിയുടെ ഒരു മൂലയിൽ ലക്ഷ്യ പ്രതാപ് സിംഗ് സുഖമായി ഉറങ്ങുന്ന കാഴ്ചയാണ് കണ്ടത്.
പോലീസ് ഉണർത്തിയപ്പോഴാണ് താൻ എന്തിനാണ് ഒളിച്ചിരുന്നത് എന്ന് ലക്ഷ്യ വെളിപ്പെടുത്തിയത്. "ഹോംവർക്ക് പൂർത്തിയാക്കാത്തതുകൊണ്ട് ട്യൂഷന് പോകാതിരിക്കാൻ ഒളിച്ചതാണ്. ടീച്ചർ പോയ ശേഷം പുറത്തുവരാമെന്ന് കരുതിയെങ്കിലും ഉറങ്ങിപ്പോയി," ലക്ഷ്യ പോലീസിനോട് പറഞ്ഞു.കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് ഭയന്ന് നിരവധി ടീമുകളെയാണ് തിരച്ചിലിനായി വിന്യസിച്ചതെന്ന് എസ്.പി. ശ്രീവാസ്തവ പറഞ്ഞു. നിർണ്ണായകമായ സമയം ലാഭിക്കാൻ സഹായിച്ച നായ ടോണിയെ ഡോഗ് സ്ക്വാഡ് ഇൻ-ചാർജ് ധനേശ്വർ ചൗഹാൻ പ്രത്യേകം അഭിനന്ദിച്ചു. ഒടുവിൽ ലക്ഷ്യയെ സുരക്ഷിതമായി വീട്ടുകാർക്ക് കൈമാറി.