'ഒരു രാത്രി പോലും ജയിലിലടക്കരുത്'; എന്‍എസ്എ പ്രകാരം അറസ്റ്റ്‌ചെയ്ത ആക്ടിവിസ്റ്റിനെ വിട്ടയക്കാന്‍ സുപ്രീം കോടതി

By Web TeamFirst Published Jul 19, 2021, 4:48 PM IST
Highlights

ഇദ്ദേഹത്തെ കസ്റ്റഡിയില്‍ വെക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും കോടതി നിരീക്ഷിച്ചു. കൊവിഡ് 19നെതിരെ ഗോമൂത്രവും ചാണകവും ഉപയോഗിച്ച ബിജെപി നേതാക്കളെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിച്ചതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
 

ദില്ലി: ദേശീയ സുരക്ഷ നിയമപ്രകാരം അറസ്റ്റ് ചെയ്ത ആക്ടിവിസ്റ്റിനെ തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് വിട്ടയക്കാന്‍ സുപ്രീം കോടതി ഉത്തരവ്. മണിപ്പൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ ആക്ടിവിസ്റ്റ് ലിച്ചോംബം എറെന്‍ഡോയെയാണ് വിട്ടയക്കാന്‍ ജഡ്ജിമാരായ ഡിവൈ ചന്ദ്രചൂഡ്, എംആര്‍ ഷാ എന്നിവര്‍ ഉത്തരവിട്ടത്. ഇദ്ദേഹത്തെ കസ്റ്റഡിയില്‍ വെക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും കോടതി നിരീക്ഷിച്ചു.

കൊവിഡ് 19നെതിരെ ഗോമൂത്രവും ചാണകവും ഉപയോഗിച്ച ബിജെപി നേതാക്കളെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിച്ചതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മണിപ്പൂര്‍ ജയില്‍ അധികൃതരുമായി എത്രയും വേഗം ആശയവിനിമയം നടത്തി ആക്ടിവിസ്റ്റിന്റെ മോചനം ഉറപ്പാക്കണമെന്നും ഒരു രാത്രി പോലും അദ്ദേഹത്തെ തടവില്‍ പാര്‍പ്പിക്കരുതെന്നും കോടതി നിര്‍ദേശിച്ചു. ഹര്‍ജി നല്‍കില്ലെന്നും പ്രതികരണം ഫയല്‍ ചെയ്യുമെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. എറന്‍ഡോയുടെ പിതാവാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.  

ബിജെപി മണിപ്പൂര്‍ അധ്യക്ഷന്‍ ശൈഖോം തികേന്ദ്ര സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ടാണ് ലിച്ചോംബം എറെന്‍ഡോയും മാധ്യമപ്രവര്‍ത്തകന്‍ കിഷോരെചന്ദ്ര വാങ്‌ഖെമിനെയും അറസ്റ്റ് ചെയ്തത്. ബിജെപി പ്രസിഡന്റിന്റെ മരണത്തിന് ശേഷമാണ് ഇവര്‍ കൊവിഡ് 19ന് ഗോമൂത്രവും ചാണകവും ഉപയോഗിക്കുന്നതിന് ബിജെപി നേതാക്കളെ വിമര്‍ശിച്ചത്.  മണിപ്പൂര്‍ ബിജെപി വൈസ് പ്രസിഡന്റ് ഉഷം ദെബാനാണ് പരാതി നല്‍കിയത്. നേരത്തെ 2020ലും ലിച്ചോംബം എറെന്‍ഡോക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തിരുന്നു.

രാജ്യസഭ എംപി സനജോബ ലീഷെംബയും അമിത് ഷായും നില്‍ക്കുന്ന ഫോട്ടോ 'വേലക്കാരന്റെ മകന്‍' എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്തതിനാണ് അന്ന് കേസെടുത്തത്. പിന്നീട് അദ്ദേഹത്തിന് ജാമ്യം ലഭിച്ചു. യുഎപിഎ, എന്‍എസ്എ പോലുള്ള കടുത്ത നിയമങ്ങള്‍ ഇപ്പോഴും രാജ്യത്ത് വേണോ എന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി ആരാഞ്ഞിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!