
ദില്ലി: 52 ജീവിത കഥകളുമായി മുൻ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനത്തിന്‍റെ പുതിയ പുസ്തകം പുറത്തിറങ്ങുന്നു. 'ദ വിന്നിംഗ് ഫോർമുല'യെന്ന് പേരിട്ട പുസ്തകം വായനക്കാരുടെ ജീവിതത്തിൽ മാറ്റം കൊണ്ടുവരുമെന്ന് കണ്ണന്താനം പറയുന്നു. നവംബർ 21ന് ദില്ലിയിൽ പുസ്തകം പ്രകാശനം ചെയ്യും.
അസാധാരണ സാഹചര്യങ്ങളിൽ നിന്നും വളർന്ന് അപൂർവ നേട്ടങ്ങൾ കൈവരിച്ചവരുടെ ജീവിത കഥകളാണ് ദ വിന്നിംഗ് ഫോർമുല. 52 കൊച്ചു ലേഖനങ്ങളാണ് പുസ്തകത്തിലുള്ളത്. പത്താം ക്ലാസ് പരീക്ഷയിലെ നാൽപ്പത്തിരണ്ട് ശതമാനം മാർക്കിന്റെ വിജയത്തിൽ തുടങ്ങി ഐഎഎസ് പദവിയിലും കേന്ദ്രമന്ത്രി പദവിയിലും വരെയെത്തിയ സ്വന്തം ജീവിതാനുഭവങ്ങളാണ് 13 ലേഖനങ്ങളിലെ വിഷയം. അസാധാരണ നേട്ടത്തിനുടമകളായ മറ്റ് 39 വ്യക്തികളെ കുറിച്ചാണ് ബാക്കി.
പുസ്തകം ഒറ്റയടിക്ക് വായിക്കാൻ പറയുന്നില്ലെന്ന് അൽഫോൻസ് കണ്ണന്താനം പറഞ്ഞു. ഓരോ ആഴ്ചയിലും ഓരോ അധ്യായം വായിക്കുക. നാല് പേജേ ഉള്ളൂ ഒരു ചാപ്റ്റർ. ഒരു അധ്യായം വായിച്ച് അതേക്കുറിച്ച് ചിന്തിച്ച് ജീവിതത്തിൽ മാറ്റങ്ങൾ വരുത്തുക. അങ്ങനെ 52 അധ്യായങ്ങൾ വായിച്ച് ജീവിതത്തിൽ മാറ്റം വരുത്തിയാൽ ലോകം തന്നെ കീഴടക്കാനാകുമെന്ന് അൽഫോൻസ് കണ്ണന്താനം പറയുന്നു.
ശശി തരൂർ എംപിയും മുൻ സുപ്രീം കോടതി ജസ്റ്റിസ് കുര്യൻ ജോസഫുമാണ് അവതാരിക എഴുതിയത്. അൽഫോൺസ് കണ്ണന്താനത്തിന്‍റെ മൂന്നാമത്തെ പുസ്തകമാണിത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam