
"വെല്‍ ഡണ്‍ അമിതാഭ് കാന്ത്! നിങ്ങൾ ഐഎഎസ് തെരഞ്ഞെടുത്തപ്പോൾ ഐഎഫ്‌എസിന് ഒരു നയതന്ത്രജ്ഞനെ നഷ്‌ടമാവുകയായിരുന്നു"- ജി20 ഷെര്‍പ്പ അമിതാഭ് കാന്തിനെ പ്രശംസിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍ നടത്തിയ ഈ പരാമര്‍ശത്തില്‍ അതിശയോക്തിയില്ല. ജി20 ഉച്ചകോടിയിലെ സംയുക്ത പ്രസ്താവനയില്‍ സമവായമുണ്ടാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചത് അമിതാഭ് കാന്താണ്. വിവിധ രാജ്യങ്ങളുടെ പ്രതിനിധികളുമായി 200 മണിക്കൂറോളം ചര്‍ച്ച നടത്തിയും റഷ്യയെയും ചൈനയെയും വരെ ഈ സമാവയത്തിലേക്ക് നയിച്ചുമാണ് അമിതാഭ് കാന്ത് രാജ്യത്തിന് അഭിമാന നിമിഷം സമ്മാനിച്ചത്. കേരള കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന അമിതാഭ് കാന്ത് മലയാളികള്‍ക്ക് സുപരിചിതനാണ്. 'ദൈവത്തിന്‍റെ സ്വന്തം നാട്' എന്ന ടാഗ് ലൈനിലൂടെ കേരള ടൂറിസം ബ്രാന്‍ഡ് ചെയ്തത് ഉള്‍പ്പെടെ നിരവധി നൂതന ആശയങ്ങള്‍ അദ്ദേഹം കരിയറിലുടനീളം മുന്നോട്ടുവെച്ചിരുന്നു.
ഉത്തര്‍ പ്രദേശിലെ വാരാണസിയില്‍ 1956 മാർച്ച് 1നാണ് അമിതാഭ് കാന്ത് ജനിച്ചത്. ഡൽഹിയിലെ മോഡേൺ സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ദില്ലിയിലെ സെന്‍റ് സ്റ്റീഫൻസ് കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇന്റർനാഷണൽ റിലേഷൻസിൽ ബിരുദാനന്തര ബിരുദവും സ്വന്തമാക്കി. ഹാർവാർഡ് സർവകലാശാലയിലായിരുന്നു ഉപരിപഠനം. തലശ്ശേരി സബ് കലക്ടറായാണ് അമിതാഭ് കാന്ത് തന്റെ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് ജീവിതം ആരംഭിച്ചത്. പിന്നീട് കോഴിക്കോട് കലക്ടറായി.
കേരള ടൂറിസം സെക്രട്ടറി, കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ, മത്സ്യഫെഡ് മാനേജിങ് ഡയറക്ടർ തുടങ്ങി വിവിധ പദവികളിലെത്തി. 2001ലാണ് കേന്ദ്ര സർവീസിലെത്തിയത്. 2001 - 2007 കാലത്ത് കേന്ദ്ര ടൂറിസം മന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറിയായി പ്രവർത്തിച്ചു. സ്റ്റാർട്ടപ്പ് ഇന്ത്യ, മേക്ക് ഇൻ ഇന്ത്യ, ഇൻക്രെഡിബിൾ ഇന്ത്യ തുടങ്ങിയ ആശയങ്ങളുടെ പിന്നിലും അമിതാഭുണ്ടായിരുന്നു. മുംബൈ ആക്രമണം, പാർലമെന്റിന് നേരെയുള്ള ആക്രമണം തുടങ്ങിയ കാരണങ്ങളാൽ ഇന്ത്യയിലെ ടൂറിസം മേഖല കടുത്ത പ്രതിസന്ധി നേരിട്ട കാലത്താണ് ഇന്‍ക്രെഡിബിള്‍ ഇന്ത്യ എന്ന ആശയം മുന്നോട്ടുവെച്ചതെന്ന് അമിതാഭ് പറയുകയുണ്ടായി.
വിരമിച്ചതിനു ശേഷവും ഉന്നത പദവികൾ അമിതാഭ് കാന്തിനെ തേടിവന്നു. നീതി ആയോഗിന്‍റെ രണ്ടാമത്തെ ചീഫ് എക്സിക്യുട്ടീവ് ഓഫീസറായി 2016ല്‍ അമിതാഭ് നിയമിക്കപ്പെട്ടു. 2022 ജൂൺ 30 വരെ അദ്ദേഹം നീതി ആയോഗ് സിഇഒ ആയി സേവനമനുഷ്ഠിച്ചു. കൊവിഡ് കാലത്ത് കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച എംപവേഡ് പാനലിന്‍റെ അധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഡൽഹി-മുംബൈ ഇൻഡസ്ട്രിയൽ കോറിഡോറിന്റെ (ഡിഎംഐസി) ചുക്കാൻ പിടിച്ചതും അമിതാഭ് കാന്താണ്.
ജി20 ഉച്ചകോടിയിലെ സംയുക്ത പ്രസ്താവനയിലെ സമവായം എന്നത് തികച്ചും സങ്കീര്‍ണമായ പ്രക്രിയ ആയിരുന്നു. 200 മണിക്കൂറുകള്‍ നീണ്ട, 300 യോഗങ്ങള്‍ക്ക് ശേഷം റഷ്യയും ചൈനയും ഉള്‍പ്പെടെയുള്ള അംഗരാജ്യങ്ങളെ സമവായത്തിലെത്തിക്കുന്നതില്‍ ജി20 ഷെര്‍പ്പയായ അമിതാഭ് കാന്ത് നിര്‍ണായക പങ്ക് വഹിച്ചു. 'ശുഭവാർത്ത അറിയിക്കുന്നു' എന്ന ആമുഖത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ജി20 ഉച്ചകോടിയിൽ സംയുക്ത പ്രസ്താവനയിൽ സമവായമുണ്ടായെന്ന് അറിയിച്ചത്.
"എനിക്കൊരു ശുഭവാർത്ത ലഭിച്ചിരിക്കുകയാണ്. നമ്മുടെ ടീമിന്റെ കഠിനാധ്വാനത്തിന്റെ ഫലമായി, ദില്ലി ജി20 നേതാക്കളുടെ ഉച്ചകോടി പ്രഖ്യാപനത്തിൽ സമവായം രൂപപ്പെട്ടിരിക്കുകയാണ്. ഈ അവസരത്തിൽ അതിനായി കഠിനാധ്വാനം ചെയ്യുകയും സാധ്യമാക്കുകയും ചെയ്‌ത എന്റെ ഷെർപ്പ, മറ്റ് മന്ത്രിമാർ എന്നിവരെ ഞാൻ അഭിനന്ദിക്കുന്നു"- പ്രഖ്യാപന വേളയിൽ പ്രധാനമന്ത്രി മോദി പറഞ്ഞു. ജി20 സമവായത്തിലൂടെ ഇന്ത്യ ലോകത്തെ അമ്പരിപ്പിച്ചപ്പോള്‍ പ്രധാനമന്ത്രിയും പ്രധാന ക്രെഡിറ്റ് നല്‍കിയത് കേരള കേഡറിലെ മുന്‍ ഐഎസ്എസ് ഉദ്യോഗസ്ഥനായ അമിതാഭ് കാന്തിനാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam