'ചാണക്യ' തന്ത്രം കണ്ട കർണാടക, പക്ഷേ വേഴാമ്പൽ കൂട് ഇളകിയാൽ! പിണറായിയുടെ `കാലാവസ്ഥ', തെലങ്കാനയിലെ 'ദേശിvsവിദേശി'

By Web TeamFirst Published Dec 29, 2022, 9:02 PM IST
Highlights

ജയരാജനെതിരായ ആരോപണങ്ങൾക്ക് പിന്നാലെ സിപിഎമ്മിനുള്ളിൽ പുകയുന്ന പ്രശ്‌നങ്ങളെ കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ‘ഇവിടെ (ദില്ലിയിൽ) നല്ല തണുപ്പാണ്’ എന്നായിരുന്നു പിണറായിയുടെ മറുപടി

കർണാടകയിൽ കണ്ട 'ചാണക്യ' തന്ത്രം

ഇന്ത്യൻ രാഷ്ട്രീയത്തിൽ വളരെകുറച്ചുപേർക്ക് മാത്രമുള്ള വിശേഷണമാണ് ചാണക്യൻ എന്നത്. ഇന്ന് ആ വിശേഷണം ഏറ്റവുമധികം ചേരുക ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് തന്നെ എന്നതിൽ ആ‍ർക്കും എതിരഭിപ്രായം ഉണ്ടാകില്ല. പൂർണ്ണ നിശബ്ദതയോടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള കല പലപ്പോഴും ഷാ പ്രകടമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കർണാടകയിൽ അമിത് ഷായുടെ ചാണക്യ ബുദ്ധി ഒരിക്കൽ കൂടി ദൃശ്യമായി. നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന കർണാടകയിൽ ബി ജെ പി നേതാക്കൾ തമ്മിലുള്ള അഭിപ്രായ ഭിന്നത പലപ്പോഴും പ്രകടമായിട്ടുണ്ട്. ഒരേ ജില്ലക്കാരായ മുൻ മുഖ്യമന്ത്രിയും മുതിർന്ന സംസ്ഥാന നേതാവും തമ്മിലുണ്ടായിരുന്ന ദീർഘനാളത്തെ ഭിന്നത സംസ്ഥാനത്തെ പാർട്ടിയെ ബാധിക്കുമെന്ന ഭീഷണി തന്നെയുണ്ടായിരുന്നു. ഇതാണ് ഷാ അനായസം പൊതുവേദിയിൽ വച്ച് പരിഹരിച്ചത്.

പൊതുവേദിയിൽ വെച്ചാണ് ഷാ ഇരു നേതാക്കളെയും കണ്ടത്. രണ്ട് നേതാക്കളും ഒന്നും മിണ്ടാതെ വേദയിലും ഭിന്നത തുടർന്നു. വേദിയിൽ ആകെ നിശബ്ദത ആയിരുന്നു. ഇരുവരും ഒരു വാക്കുപോലും സംസാരിച്ചില്ല. മാധ്യമങ്ങൾ വേദിക്ക് പുറത്ത് കാത്തിരിക്കുകയാണെന്ന് 'ചാണക്യ' അറിയിച്ചു. "ചലോ, ജയേംഗേ," അദ്ദേഹം രണ്ട് നേതാക്കളെയും മൈക്കുകളുടെയും മിന്നുന്ന ലെൻസുകളുടെയും മുമ്പിൽ കൊണ്ടുപോയി. ഷായുടെ നീക്കത്തിന് മുന്നിൽ ഈ നേതാക്കൾ കൈകൾ ഉയർത്തി, ചിരി തൂകി മൂവരും ചേർന്ന് മികച്ച ഒരു ക്യാമറാ ഫ്രെയിമും നൽകി. വിജയചിഹ്നം കാട്ടിയ ശേഷമായിരുന്നു ഷാ അവിടെ നിന്ന് മടങ്ങിയത്. സംസ്ഥാനത്തെ പ്രമുഖ നേതാക്കൾ തമ്മിൽ ഭിന്നത മറന്ന് ഒരു മിച്ചൊരു ഫ്രെയിമിൽ ചിരിതൂകി നിന്ന 'ചാണക്യ' തന്ത്രം വാർത്താകോളങ്ങളിലെല്ലാം ഇടംപിടിച്ചു. വെറും 15 മിനിറ്റിനുള്ളിൽ പരിഹരിച്ച ഷായുടെ ചാണക്യ ബുദ്ധിയാണ് എല്ലാ മാധ്യമങ്ങളും വിവരിച്ചത്.

കർണാടകയിൽ വേഴാമ്പൽ കൂട് ഇളകുമോ?

കർണാടകയിൽ മന്ത്രിസഭാ വിപുലീകരണത്തെക്കുറിച്ചുള്ള ചർച്ചകൾ തുടങ്ങിയിട്ട് ഏറെ നാളായി. എന്നാൽ ചർച്ചകൾ ഇപ്പോ ഗർഭത്തിലെ മൗനം പോലെയാണ്. മന്ത്രിമാരാകാൻ വേഴാമ്പലിനെ പോലെ കാത്തിരിക്കുന്ന എം എൽ എമാരുടെ എണ്ണം വളരെ കൂടുതലാണ്. ബസവരാജ് ബൊമ്മൈ സർക്കരിൽ ആറ് മന്ത്രിമാരുടെ സ്ഥാനം നിലവിൽ ഒഴിഞ്ഞുകിടക്കുകയാണ്. പല പേരുകളും വിവിധ ഘട്ടങ്ങളിലായി ഉയർന്നുവന്നിട്ടുണ്ടെങ്കിലും ചർച്ചകളെല്ലാം വഴിമുട്ടുകയായിരുന്നു. തെരഞ്ഞെടുപ്പിന് ഇനി അധികകാലമില്ലാത്തതിനാൽ തന്നെ മന്ത്രിസഭാ വികസനത്തിലൂടെ വിവിധ സമുദായങ്ങളെ ആകർഷിക്കാൻ സാധിക്കും. മന്ത്രിസഭാ വികസനം കാണാൻ ആർ എസ്‌ എസിനും താൽപ്പര്യമുണ്ട്. വിവിധ ജാതി വിഭാഗത്തിൽ നിന്നുള്ളവരെ മന്ത്രിമാരാക്കിയാൽ അത് വോട്ടർമാരെ ആകർഷിക്കുമെന്ന് ആർഎസ്എസ് വിലയിരുത്തുകയും ചെയ്യുന്നുണ്ട്. എന്നാൽ എത്രയൊക്കെ ചർച്ച നടന്നിട്ടും മന്ത്രിമാർ ആരൊക്കെ എന്നതിൽ മാത്രം തീരുമാനം ഇനിയും ആയില്ല. പാർട്ടിക്കുള്ളിൽ തന്നെ വിമർശിക്കുന്നവർ മന്ത്രിസഭയിലെത്താനുള്ള സാധ്യത മുൻകൂട്ടി കണ്ട് മുൻ മുഖ്യമന്ത്രിയാണ് പലപ്പോഴും ചർച്ചകൾക്ക് റെഡ് കാർഡ് ഉയർത്താറുള്ളത്. മന്ത്രിസഭ വിപുലീകരണം അക്ഷരാർത്ഥത്തിൽ 'വേഴാമ്പലിന്റെ കൂട്' ഇളക്കിവിടുന്നതാകുമെന്ന് അറിയാവുന്നതിനാൽ മുഖ്യമന്ത്രി ബൊമ്മൈയും മുൻകൈ എടുക്കുന്നില്ല. ഉടൻ കർണാടകയിൽ പര്യടനം നടത്തുന്ന ആഭ്യന്തര മന്ത്രി അമിത് ഷായിലാണ് എല്ലാവരുടെയും പ്രതീക്ഷ. ഷാ എത്തിയ ശേഷം ആറിയാം ആരാകും വേഴാമ്പൽ കൂട് ഇളക്കുകയെന്നത്.

പിണറായിയുടെ `കാലാവസ്ഥ' പ്രയോഗം

കേരള മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളെയും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളെയും നേരിടുന്നതും അതിജീവിക്കുന്നതുമായ പ്രത്യേകതരം കല പലപ്പോഴും ശ്രദ്ധ നേടിയിട്ടുണ്ട്. വിമ‌ർശനങ്ങൾ ഇടയ്ക്ക് ക്ഷണിച്ചുവരുത്തിയിരുന്നെങ്കിലും ഇപ്പോൾ പിണറായി പുതിയ രീതിയിലാണ് പ്രയാസകരമായ സാഹചര്യങ്ങളിൽ മാധ്യമങ്ങളെ നേരിടുന്നത്. ദില്ലിയിലെ കഴിഞ്ഞ ദിവസത്തെ `കാലാവസ്ഥ' പ്രയോഗമാണ് അക്കൂട്ടത്തിൽ ഏറ്റവും ശ്രദ്ധ നേടിയത്. ഉന്നത നേതാവും മുൻ മന്ത്രിയുമൊക്കെയായ ഇ പി ജയരാജനെതിരെ മറ്റൊരു പ്രമുഖ നേതാവായ പി ജയരാജൻ ഉയർത്തിയ സാമ്പത്തിക ആരോപണങ്ങളിൽ മുഖ്യമന്ത്രി ഇനിയും മൗനം കൈവിട്ടിട്ടില്ല. ഇതിനിടയിലാണ് ദില്ലിയിൽ വച്ച് മാധ്യമ പ്രവർത്തകർ മുഖ്യമന്ത്രിയുടെ പ്രതികരണം തേടിയത്. ജയരാജനെതിരായ ആരോപണങ്ങൾക്ക് പിന്നാലെ സിപിഎമ്മിനുള്ളിൽ പുകയുന്ന പ്രശ്‌നങ്ങളെ കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ‘ഇവിടെ (ദില്ലിയിൽ) നല്ല തണുപ്പാണ്’ എന്നായിരുന്നു പിണറായിയുടെ മറുപടി.

കുറച്ച് നാൾ മുമ്പും ഇത്തരം സാഹചര്യത്തിൽ മറുപടി പറയാൻ പിണറായി കാലാവസ്ഥയുടെ സഹായം തേടിയിട്ടുണ്ട്. സിപിഐ ദേശീയ നേതാവ് ആനിരാജയ്ക്ക് നേരെ സിപിഎം പ്രമുഖ നേതാവ് എംഎം മണി വിമർശനങ്ങളിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം അന്ന് മാധ്യമങ്ങൾ തേടിയത്. അന്ന് കേരളത്തിൽ മഴ ശക്തമായി പെയ്യുന്ന ഘട്ടമായിരുന്നു. മഴ ചൂണ്ടികാട്ടിയായിരുന്നു പിണറായി മറുപടി പറഞ്ഞത്. 'അപ്രതീക്ഷിതമായ പെരുമഴ, നിങ്ങൾക്ക് നല്ല മഴ ലഭിച്ചു, അല്ലേ?'' എന്നായിരുന്നു ആനി രാജ വിഷയത്തിലെ ചോദ്യത്തോടുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം. ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായുള്ള ശീതസമരത്തെ കുറിച്ച് ചോദിച്ചപ്പോൾ, ‘മുഖം മറയ്ക്കാൻ മാസ്‌കുകൾ സഹായിക്കും’ എന്ന കമന്‍റും നേരത്തെ പിണറായി അടിച്ചിട്ടുണ്ട്.

കോൺഗ്രസിനോട് യാത്ര പറയുമോ തമിഴകത്തെ നേതാക്കൾ

തമിഴ്നാട്ടിൽ നിന്ന് തുടങ്ങിയ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ദില്ലിയിലെത്തി നിൽക്കുമ്പോൾ തമിഴകത്തെ കോൺഗ്രസിൽ അഭിപ്രായ ഭിന്നത രൂക്ഷമാകുന്നു. രാഹുലിന്‍റെ യാത്രയുടെ തുടക്കത്തിൽ ചിരിതൂകി ഒരുമിച്ച് നിന്ന നേതാക്കളിൽ പലരും ഇന്ന് കോൺഗ്രസിന് തന്നെ യാത്ര പറഞ്ഞ് പടിയിറങ്ങുമോ എന്ന സംശയമാണ് പലരും ഉന്നയിക്കുന്നത്. മുൻ ധനമന്ത്രിയുടെ മകനെ നേതൃസ്ഥാനത്ത് പ്രതിഷ്ഠിക്കുന്നതുമായി ബന്ധപ്പെട്ട നീക്കങ്ങളാണ് പ്രശ്നങ്ങളിലേക്ക് കടന്നത്. മുൻ ധനമന്ത്രിയുടെ മകന്റെ സാധ്യതകൾ വെട്ടിക്കുറച്ചതാകട്ടെ മറ്റൊരു പ്രമുഖ നേതാവാണ്. പിന്നാലെ പാർട്ടിയിൽ വലിയ പ്രശ്നങ്ങളാണ് ഉണ്ടായത്. ഒരു വ്യവസായിയെയും നിയമസഭാംഗത്തെയും പാർട്ടി സ്ഥാനത്തുനിന്ന് നീക്കിയതോടെ കാര്യങ്ങൾ പൊട്ടിത്തെറിയിലേക്ക് നീങ്ങി. പ്രകോപിതരായ നേതാക്കൾ ദില്ലിയിൽ ക്യാമ്പ് ചെയ്ത് മണിക്കൂറുകൾക്കകം ഈ തീരുമാനം റദ്ദാക്കിച്ചു. പിന്നെയും തർക്കം തുടരുകയാണ്. ഇടയ്ക്ക് ഒരു വനിതാ നേതാവിന്റെ പേര് ഉയർന്നെങ്കിലും അതും നിരസിക്കപ്പെട്ടു. ഒടുവിൽ, 2024 ലെ തിരഞ്ഞെടുപ്പ് നിലവിലെ സ്ഥിതിയിൽ നേരിടാനുള്ള തീരുമാനത്തിലാണ് പാർട്ടി. എന്നാൽ പ്രശ്നങ്ങൾ അവസാനിച്ചിട്ടില്ല. ചില നേതാക്കളെങ്കിലും കോൺഗ്രസിനോട് യാത്ര പറഞ്ഞ് പുറത്തിറങ്ങുമെന്ന വിലയിരുത്തലുകൾ ഇപ്പോഴും ശക്തമാണ്.

തെലങ്കാനയിൽ 'ദേശി vs വിദേശി' പോര്

തമിഴ്നാട്ടിലെക്കാളും രൂക്ഷമാണ് തെലങ്കാനയിലെ കോൺഗ്രസിലെ പ്രശ്നങ്ങൾ. പിസിസി അധ്യക്ഷനായി രേവനാഥ് റെഡ്ഡിയെ നിയമിച്ചതോടെയാണ് സംസ്ഥാനത്തെ സാഹചര്യം പൊട്ടിത്തെറിയിലേക്ക് എത്തിയത്. സംസ്ഥാനത്തെ രണ്ട് പ്രമുഖ കോൺഗ്രസ് നേതാക്കളായ ജഗ്ഗറെഡ്ഡിയും വി ഹനുമന്ത റാവുവും പരസ്യമായി ഇതിനെതിരെ നിലപാട് സ്വീകരിച്ചു. ഇറക്കുമതി നേതാവാണ് രേവനാഥ് റെഡ്ഡിയെന്ന പ്രശ്നമാണ് ഇവർ ചൂണ്ടികാട്ടുന്നത്. ടിഡിപിയിൽ നിന്ന് കോൺഗ്രസിലേക്ക് പാരച്യൂട്ടിൽ എത്തിയ രേവനാഥിനെ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് അംഗീകരിക്കാനാകില്ലെന്നുമുള്ള നിലപാടാണ് ഇരുവരുടേതും. 'ദേശി vs വിദേശി' പോരാട്ടം എന്നാണ് പലരും ഇതിനെ വിശേഷിപ്പിക്കുന്നത്. മുതിർന്ന നേതാവ് ദിഗ്‌വിജയ് സിംഗിനെ പ്രശ്നപരിഹാരത്തിനായി ഹൈക്കമാൻഡ് അയച്ചിട്ടുണ്ട്. അദ്ദേഹം ഹൈദരാബാദിൽ ക്യാമ്പ് ചെയ്ത് സ്ഥിതി ശാന്തമാക്കാൻ ശ്രമിക്കുകയും ചെയ്തു. മാണിക്കം ടാഗോറെന്ന നേതാവിനെ തെലങ്കാനയിലെ പാർട്ടി ഇൻചാർജ് സ്ഥാനത്തു നിന്ന് നീക്കുമെന്ന ഒത്തുതീർപ്പ് സൂത്രവാക്യമാണ് പുറത്തുവരുന്നത്. രേവനാഥിനെ ശക്തമായി പിന്തുണച്ച നേതാവാണ് ടാഗോർ. മുൻ പിസിസി അധ്യക്ഷൻ ഉത്തം കുമാർ റെഡ്ഡി, തെലങ്കാന നിയമസഭാ കക്ഷി നേതാവ് മല്ലു ഭട്ടി വിക്രമാർക എന്നിവരെപ്പോലുള്ള ശക്തരായ നേതാക്കളും രേവനാഥ് വിരുദ്ധ ബ്രിഗേഡിൽ എത്തിയതിനാൽ സംസ്ഥാനത്തെ സാഹചര്യം കൂടുതൽ രൂക്ഷമായേക്കും. അതുകൊണ്ടുതന്നെ പുതിയ പിസിസി അധ്യക്ഷനെ നിയമിക്കുന്നതിലേക്കടക്കം കാര്യങ്ങൾ നീങ്ങുമോ എന്നത് കണ്ടറിയണം.

 

കൊവിഡിൽ കർശന നടപടി, പിഎഫ്ഐ പൂട്ട്, ആന്‍റണിക്ക് കൂട്ട് കൂടുന്നു, കുഞ്ഞാലിക്കുട്ടി പെട്ടോ? പഠാന് പണി! 10 വാർത്ത 

click me!