പാര്‍ലമെന്‍റ് മെനുവില്‍ തിനയും, തമ്മിൽ തല്ലി മരിക്കുമോ പാ‍ർട്ടി യാദവകുലം, ബംഗാളിലെ 'ബോസും' മമതയും

Published : Feb 19, 2023, 12:48 PM ISTUpdated : Feb 19, 2023, 12:51 PM IST
പാര്‍ലമെന്‍റ്  മെനുവില്‍ തിനയും, തമ്മിൽ തല്ലി മരിക്കുമോ പാ‍ർട്ടി യാദവകുലം, ബംഗാളിലെ 'ബോസും' മമതയും

Synopsis

കുക്കറുകള്‍, ടി വികള്‍, വസ്ത്രങ്ങള്‍, മദ്യം, ഭക്ഷണം.... കര്‍ണാടകയിലെ ഓരോ വീടുകളിലും ഇപ്പോള്‍ പെയ്യുന്നത് സൗജന്യ പെരുമഴയാണ്. ഇതിന് പിന്നിലെ കാരണങ്ങള്‍ തേടി മറ്റെവിടെയും പോകേണ്ടതില്ല, സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് അടുത്തു എന്ന് മനസിലാക്കിയാല്‍ മാത്രം മതിയാകും.

മോദിയുടെ പ്രിയപ്പെട്ട തിന പാര്‍ലമെന്‍റ്  മെനുവില്‍

പോഷകാഹാരത്തിന്റെ പുതിയ സ്രോതസ്സായി തിനയെ ലോകത്തിന് മുന്നില്‍ ഇന്ത്യ അവതരിപ്പിച്ചിരുന്നു. ഇപ്പോള്‍ പാര്‍ലമെന്‍റിലെ മെനുവില്‍ വരെ എത്തിയിരിക്കുകയാണ് തിന. പാര്‍ലമെന്‍റിലെ 'മില്ലറ്റ് മെനു'വിന്‍റെ ചിത്രങ്ങള്‍ ഇതിനിടെ പുറത്ത് വന്നിരുന്നു. തിന കൊണ്ടുള്ള വെറൈറ്റി ഭക്ഷണമാണ് മെനുവിലുള്ളത്. 2018ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തിന എന്ന പുതിയ പോഷകാഹാര സ്രോതസ്സ് അവതരിപ്പിച്ചത്. ഇന്ത്യ 2018നെ തിനയുടെ വർഷമായി തന്നെ പ്രഖ്യാപിച്ചിരുന്നു.

ആഗോള ഉത്പാദനം പ്രോത്സാഹിക്കാനാണ് ഇതിലൂടെ ലക്ഷ്യമിട്ടത്. 70 രാജ്യങ്ങളാണ് മോദിയുടെ ഈ ആശയത്തെ അംഗീകരിച്ചത്. ഇന്ത്യൻ പ്രധാനമന്ത്രി മുകൈയെടുത്തത് ഏറ്റെടുത്ത് കൊണ്ട്  ഐക്യരാഷ്ട്രസഭ 2023നെ അന്താരാഷ്ട്ര മില്ലറ്റ് വർഷമായി പ്രഖ്യാപിച്ചിരിക്കുയാണ്. തിന ഉത്പാദനത്തിനായി ബോധവൽക്കരണ ക്യാമ്പയിൻ നടത്താൻ അമേരിക്കയും തീരുമാനിച്ചു. പോഷകാഹാരക്കുറവിനെതിരെ പോരാടുന്നതിനുള്ള ലളിതവും എന്നാൽ ഫലപ്രദവുമായ മാർഗ്ഗമായാണ് തിന ഉത്പാദനത്തെ ഇന്ത്യ മുന്നിലേക്ക് വച്ചിട്ടുള്ളത്. ലോകത്ത് ഏറ്റവും കൂടുതൽ തിന ഉത്പാദിപ്പിക്കുന്ന രാജ്യവും ഇന്ത്യയാണ്. 

തമ്മിൽ തല്ലി മരിക്കുമോ പാ‍ർട്ടി യാദവകുലം...

പാർട്ടി കൊലയാളികൾ ക്വട്ടേഷൻ സംഘങ്ങളായി മാറിയതും അവരെ നിയന്ത്രിച്ചിരുന്ന പ്രമുഖർക്ക് സ്വാധീനം നഷ്ടപ്പെട്ടതും കണ്ണൂരിലെ പാർട്ടിയിൽ  ചില്ലറ പ്രശ്നങ്ങളല്ല ഉണ്ടാക്കിയത്. ക്വട്ടേഷൻ സംഘങ്ങളായി പാർട്ടി മുദ്രകുത്തിയ യുവാക്കളൊക്കെ പരസ്യമായി സാമൂഹ്യ മാധ്യമങ്ങളിൽ നേതാക്കളെ വെല്ലുവിളിക്കുകയാണ്. കണ്ണൂരിലെ കൊലകളിൽ ചിലത് നടത്തിയത് നേതാക്കൾ പറഞ്ഞിട്ടാണ് എന്നിട്ടും പാർട്ടി തിരിഞ്ഞു നോക്കിയില്ലാ എന്നാണ് ആക്ഷേപം.

ഡിവൈഎഫ്ഐ പ്രാദേശിക നേതാക്കൾക്കൊന്നും ഇതിനെതിരെ പോസ്റ്റിടാൻ പറ്റാത്ത സാഹചര്യമാണ്. പോസ്റ്റിട്ടാൽ ക്വട്ടേഷൻ സഖാക്കൾ കമന്റിൽ പഴയ കാര്യങ്ങൾ നിരത്തി വെല്ലുവിളിക്കുന്ന കാഴ്ചയാണ്. നേതാവിന്റെ ഭാര്യയായ  ഒരു വനിതാ സഖാവ് ക്വട്ടേഷൻകാരുടെ അണിയറക്കഥകഥകൾ  ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്യുന്നുണ്ട്. പാ‍ർട്ടിനേതാക്കളുടെ അറിവോടെയാണിത്. ക്വട്ടേഷൻ സംഘമായി മാറിയ പഴയ പാ‍ർട്ടി "ചുണക്കുട്ടി"കളുടെ വഴിവിട്ട ബന്ധങ്ങളാണ് വിഷയം.

ഇതിൽ പ്രകോപിതരായ  "ചുണക്കുട്ടി"കൾ   കൂടുതൽ ആരോപണണങ്ങളുന്നയിച്ച് രംഗത്ത് വരുന്നുണ്ട്. നേരത്തെ ഒരു എസ്എഫഐ നേതാവ്   സമ്മാനദാനം നിർവ്വഹിച്ചത് വിവാദമായിരുന്നു. ഇതും പരസ്പരമുള്ള കെണിയുടെ ഭാഗമായി സംഭവിച്ചതാണെന്ന് സൂചനയുണ്ട്. ചുരുക്കത്തിൽ വാളെടുത്തവൻ  വാളാൽ എന്ന് പറഞ്ഞത് പോലാണ് കണ്ണൂർ പാർട്ടിയിലെ കാര്യങ്ങൾ.

എല്ലാം ബോസിന്‍റേ വഴിയേ..!

പതിമൂന്ന് ഗവർണ്ണർമാരുടെ കാര്യം നിശ്ചയിച്ച ബിജെപി കേന്ദ്ര നേതൃത്വം, പാർട്ടി പശ്ചിമബംഗാൾ ഘടകത്തിന് നല്‍കിയത് ശക്തമായ സന്ദേശം. ബംഗാൾ ഗവർണ്ണർ സി വി ആനന്ദബോസിനെ മാറ്റണം എന്ന ആവശ്യം കേന്ദ്ര നേതൃത്വം തള്ളിക്കളഞ്ഞു. ഏറ്റുമുട്ടലിന്‍റെ പാത അല്ല തന്‍റേത് എന്ന നിലപാട് ആനന്ദ ബോസ് നേരത്തെ പ്രധാനമന്ത്രിയെ അറിയിച്ചിരുന്നു. ഇതിന് പ്രധാനമന്ത്രിയുടെ അംഗീകാരം നേടിയ ശേഷമാണ് സംസ്ഥാനത്ത് മമത ബാനർജിയുമായി സഹകരിക്കുന്ന നിലപാട് ആനന്ദബോസ് സ്വീകരിച്ചത്.

പതിനഞ്ചു മിനിറ്റാണ് പ്രധാനമന്ത്രി സി വി ആനന്ദബോസിന് അനുവദിച്ചതെങ്കിലും കൂടിക്കാഴ്ച ഒരു മണിക്കൂർ നീണ്ടു നിന്നിരുന്നു. ഗവർണ്ണർ രാജിവയ്ക്കുക എന്ന മുദ്രാവാക്യമാണ് ബിജെപി അംഗങ്ങൾ അടുത്തിടെ നിയമസഭയിൽ മുഴക്കിയത്. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ നേതൃത്വത്തിലായിരുന്നു ഈ മുദ്രാവാക്യം വിളി.

എന്നാൽ ബിജെപി സംസ്ഥാന പ്രസിഡൻറ് സുകാന്ത മജുംദാറിനെ കണ്ട ആനന്ദബോസ് തൻറെ ശൈലി വിശദീകരിച്ചു. കൂടിക്കാഴ്ചയ്ക്ക് ശേഷം സുകാന്ത മജുംദാർ ഗവർണ്ണറെ പിന്തുണച്ചത് സുവേന്ദു അധികാരിക്ക് തിരിച്ചടിയായി. നിയമനം ഏറ്റെടുത്ത ദിവസം മുതൽ പല വിധത്തിലും വാർത്തിയിൽ നിറഞ്ഞു നില്‍ക്കുകയാണ് സി വി ആനന്ദ ബോസ്. മമതയോടുള്ള ഗവർണ്ണറുടെ മമത എത്ര നാൾ തുടരാനാവും എന്നറിയില്ല. തത്കാലം ബോസിനൊപ്പം എന്ന സന്ദേശം ബിജെപി കേന്ദ്ര നേതൃത്വവും നല്‍കുകയാണ്.

സൗജന്യ പെരുമഴയും ബാങ്കോക്ക് തീര്‍ത്ഥാടനവും

കുക്കറുകള്‍, ടി വികള്‍, വസ്ത്രങ്ങള്‍, മദ്യം, ഭക്ഷണം.... കര്‍ണാടകയിലെ ഓരോ വീടുകളിലും ഇപ്പോള്‍ പെയ്യുന്നത് സൗജന്യ പെരുമഴയാണ്. ഇതിന് പിന്നിലെ കാരണങ്ങള്‍ തേടി മറ്റെവിടെയും പോകേണ്ടതില്ല, സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് അടുത്തു എന്ന് മനസിലാക്കിയാല്‍ മാത്രം മതിയാകും. വീടുകളിലേക്ക് നല്‍കുന്ന ഓരോ സാധനങ്ങളില്‍ മാത്രം ഇപ്പോള്‍ സൗജന്യങ്ങള്‍ ഒതുങ്ങുന്നില്ലത്രേ. ചില പ്രദേശങ്ങളിൽ ആളുകൾക്ക് അടുത്തുള്ള തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്ക് സൗജന്യ യാത്ര വരെ വാഗ്ദാനം ചെയ്യുന്നുണ്ട്.

സർക്കാർ ഉടമസ്ഥതയിലുള്ള ട്രാൻസ്പോർട്ട് കോർപ്പറേഷനുകളുടെ ഖജനാവും ഇത് മൂലം നിറയുന്നുണ്ട്. സാധാ വോട്ടര്‍മാര്‍ക്ക് നാട്ടിലാണ് തീര്‍ത്ഥാടനമെങ്കില്‍ അത്യാവശ്യം ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള പ്രാദേശിക നേതാക്കള്‍ക്ക് അല്‍പ്പം കൂടി ഹൈക്ലാസ് തീര്‍ത്ഥാടനമാണ് ഒരുക്കി നല്‍കുന്നത്. ഇങ്ങനെ നൂറുകണക്കിന് പ്രാദേശിക നേതാക്കള്‍ 'ബാങ്കോക്ക് ദര്‍ശനം' കഴിഞ്ഞെത്തിയെന്നാണ് പറയപ്പെടുന്നത്. അടുത്ത വിമാനം പിടിക്കാനുള്ള ക്യൂവിലും ഒരുപാട് പേര്‍ കാത്തുനില്‍ക്കുന്നുണ്ട്. പക്ഷേ കൗതുകകരമായ ഒരു ചോദ്യം കൂടെ ഉയരുന്നുണ്ട്. സൗജന്യ യാത്ര ഒരുക്കിയതിന്, സാധാ വോട്ടര്‍മാരെ കൊണ്ട് വോട്ട് ചെയ്യുമെന്ന് സത്യം ചെയ്യിക്കുന്നുണ്ട്. എന്നാല്‍ 'ബാങ്കോക്ക് ഭക്തർ' ആരെക്കൊണ്ട് ആണയിടും?

മമതയുടെ 'വാതില്‍പ്പടിയില്‍ പൊലീസ്', ചില സംശയങ്ങള്‍

വീടുകളുടെ 'വാതില്‍പ്പടിയില്‍ പൊലീസ്' എത്തുന്ന മമതയുടെ പുത്തൻ പദ്ധതിയെ  സംശയത്തോടെ ഉറ്റുനോക്കുകയാണ് ബംഗാളിലെ പ്രതിപക്ഷ കക്ഷികള്‍. പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണോ 'ദീദി'യുടെ നീക്കമെന്ന് പ്രതിപക്ഷം സംശയിക്കുന്നു. ബിർഭും ജില്ലയിലെ രാംപൂർഹട്ടിലെ ഒരു ഗ്രാമത്തിൽ നിന്ന് അടുത്തിടെ വൈറലായ ഒരു വീഡിയോയാണ് അവര്‍ ഉയര്‍ത്തിക്കാട്ടുന്നത്. പഞ്ചായത്തിനെക്കുറിച്ച് പൊലീസുകാര്‍ പൊതുജനാഭിപ്രായം ശേഖരിക്കുന്നതാണ് വീഡിയോയില്‍. ഇതുവരെ പരിഹരിക്കപ്പെടാത്ത പരാതികൾ പഞ്ചായത്ത് ഓഫീസിൽ രേഖപ്പെടുത്താൻ താമസക്കാരോട് പൊലീസ് ആവശ്യപ്പെടുന്നുമുണ്ട്.

വോട്ടര്‍മാരെ സമ്മര്‍ദത്തിലാക്കാനുള്ള ആസൂത്രിത ശ്രമമാണ് ഇതെന്നാണ് ബിജെപി നേതാവ് സജല്‍ ഘോഷ് പറഞ്ഞത്. തൃണമൂലിനെ സഹായിക്കാനുള്ള പദ്ധതിയെന്ന് സിപിഎം നേതാവ് സുജൻ ചക്രബര്‍ത്തിയും നീക്കത്തെക്കുറിച്ച് വിമര്‍ശനം ഉന്നയിച്ചു. എന്നാല്‍, ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനുള്ള ഏറ്റവും മികച്ച ആശയമെന്നാണ് പദ്ധതിയെ കുറിച്ച് ടിഎംസി മീഡിയ സെല്‍ ഇന്‍ ചാര്‍ജ് ദെബാന്‍ഷു മുഖര്‍ജി വാദമുയര്‍ത്തുന്നത്.

കബഡി... കബഡി... കബഡി...

ഒരു കളിക്കാരൻ ശ്വാസം മുട്ടുമ്പോൾ പോലും എതിരാളിയെ പുറത്താക്കാൻ തീവ്രമായി ശ്രമിക്കുന്നതിനെ വേണമെങ്കില്‍ ബ്യൂറോക്രാറ്റിക്ക് കബഡിയെന്ന് വിളിക്കാമല്ലേ... തമിഴ്നാട്ടില്‍ സര്‍വ്വീസിന്‍റെ അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കുന്ന അവസ്ഥയിലും ഡിജിപിയും ചീഫ് സെക്രട്ടറിയും തമ്മിലുള്ള അധികാര വടംവലി തുടരുകയാണ്. തമിഴ്നാട്ടിലെ ഉദ്യോഗസ്ഥരല്ലാത്തവർ ഈ സ്ഥാനങ്ങളില്‍ എത്തുന്നത് തടയാൻ കഴിഞ്ഞ തവണത്തെ പുനര്‍വിന്യാസത്തില്‍ അവര്‍ക്ക് സാധിച്ചു.

പക്ഷേ, സംസ്ഥാന സര്‍ക്കാര്‍ അവരെ അങ്ങ് വിരമിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ചില മുതിർന്ന ഉദ്യോഗസ്ഥർ കേന്ദ്ര ഡെപ്യൂട്ടേഷനിൽ നിന്ന് ഇതിനിടെ സംസ്ഥാനത്തേക്ക് തിരികെയെത്തിയിരുന്നു. ചീഫ് സെക്രട്ടറി സ്ഥാനത്തേക്ക് ഉത്തരേന്ത്യൻ വംശജരായ രണ്ട് ഉദ്യോഗസ്ഥർ തമ്മിലുള്ള മത്സരവും നടക്കുന്നുണ്ട്. എന്നാല്‍, ഒരു പ്രമുഖ കോളിവുഡ് നടന്‍റെ പേരുള്ള ഒരു ഉദ്യോഗസ്ഥനാണ് ഈ മത്സരയോട്ടത്തില്‍ മുന്നിലെന്നാണ് വിവരങ്ങള്‍. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കർണാടകത്തിൽ ഗവർണർക്കെതിരെ കടുത്ത നടപടിക്കുള്ള സാധ്യത തേടി സർക്കാർ; നയപ്രഖ്യാപനം വായിക്കാത്ത നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കും
നിയമസഭ തെരഞ്ഞെടുപ്പ്: കേരള നേതാക്കള്‍ ദില്ലിയില്‍; ഹൈക്കമാന്‍ഡുമായി ചർച്ച നടത്തും