ദില്ലി: അഞ്ച് സംസ്ഥാനങ്ങളിലെ (Five State Elections) തോൽവിക്ക് ശേഷം എന്ത് ചെയ്യണമെന്നറിയാതെ അന്തിച്ചു നിൽക്കുന്ന കോൺഗ്രസിന് (Congress) കൂട്ടായ നേതൃത്വം കൂടിയേ തീരൂവെന്ന് പാർട്ടിയിലെ വിമതശബ്ദങ്ങളുടെ കൂട്ടായ്മയായ ജി 23 (ഗ്രൂപ്പ് 23) (Group 23). എല്ലാ തലത്തിലും കൂട്ടായ നേതൃത്വം രൂപീകരിച്ചാൽ മാത്രമേ ഇനി പാർട്ടിക്കൊരു തിരിച്ചുവരവുള്ളൂ എന്ന് ഇന്നലെ രാത്രി ഗുലാംനബി ആസാദിന്‍റെ (Gulam Nabi Azad) വീട്ടിൽ ചേർന്ന ജി 23 നേതാക്കളുടെ യോഗം വിലയിരുത്തി.
ഇന്ന് ജി 23 നേതാവായ ഗുലാം നബി ആസാദ് സോണിയാ ഗാന്ധിയെ (Sonia Gandhi) കണ്ടേക്കും. ജി 23 യോഗത്തിൽ നേതാക്കളുന്നയിച്ച പൊതുവികാരം ഇടക്കാല അധ്യക്ഷയെ അറിയിക്കാനാണ് കൂടിക്കാഴ്ച. കേരളത്തിൽ നിന്ന് ശശി തരൂരും പി ജെ കുര്യനും അടക്കമുള്ളവർ യോഗത്തിൽ പങ്കെടുത്തിരുന്നു.
പ്രവർത്തകർ മാത്രമല്ല, പാർട്ടിയിൽ നിന്ന് നേതാക്കളും പലായനം ചെയ്യുന്ന സ്ഥിതിയാണെന്ന് ജി 23 നേതാക്കൾ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. അഞ്ച് സംസ്ഥാനങ്ങളിൽ കൂട്ടത്തോൽവിയുണ്ടായി. മുന്നോട്ട് പോകാൻ കൂട്ടായ നേതൃത്വവും പൊതുവായ തീരുമാനങ്ങളും എല്ലാ തലത്തിലും നടപ്പാക്കുക എന്ന ഒറ്റ വഴിയേ ഉള്ളൂ. ബിജെപിയെ നേരിടാൻ കോൺഗ്രസ് പാർട്ടിയെ ശക്തിപ്പെടുത്തിയേ തീരൂ. അതിനായി സമാനമനസ്കരായ രാഷ്ട്രീയശക്തികളുമായി കോൺഗ്രസ് ഇപ്പോഴേ ചർച്ച തുടങ്ങണം. 2024-ന് മുന്നോടിയായി ഇപ്പോഴേ അതിനുള്ള ഒരു പ്ലാറ്റ്‍ഫോം ഒരുക്കണം. അത് ജനങ്ങൾക്ക് വിശ്വാസ്യമായ ഒരു ബദലുമാകണം - ജി 23 പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഇനി മുന്നോട്ടുള്ള നടപടികൾ ഉടനടി അറിയിക്കുമെന്ന് വ്യക്തമാക്കിയാണ് പ്രസ്താവന അവസാനിക്കുന്നത്. കേരളത്തിൽ നിന്ന് എംപി ശശി തരൂരും, പിജെ കുര്യനും പുറമേ, ദേശീയ തലത്തിൽ നിന്ന് ഗാന്ധി കുടുംബത്തിലെ വിശ്വസ്തനായ മണിശങ്കർ അയ്യരും യോഗത്തിനെത്തിയത് ശ്രദ്ധേയമായി. ഗുലാംനബി ആസാദ്, കപിൽ സിബൽ, മനീഷ് തിവാരി, ആനന്ദ് ശർമ, പൃഥ്വിരാജ് ചൗഹാൻ, ഭൂപിന്ദർ സിംഗ് ഹൂഡ, അഖിലേഷ് പ്രസാദ് സിംഗ്, രാജ് ബബ്ബർ, ശങ്കർ സിംഗ് വഗേല, എം എ ഖാൻ, രാജേന്ദർ കൗർ ഭട്ടൽ, മുൻ ദില്ലി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്‍റെ മകനായ സന്ദീപ് ദീക്ഷിത്, കുൽദീപ് ശർമ, വിവേക് തൻഖ, ക്യാപ്റ്റൻ അമരീന്ദർ സിംഗിന്‍റെ ഭാര്യ പ്രണീത് കൗർ എന്നിവർ യോഗത്തിനെത്തി.
ആഞ്ഞടിച്ച് ഗാന്ധി കുടുംബത്തിന്‍റെ വിശ്വസ്തർ
പുനഃസംഘടന വരെ ഗാന്ധി കുടംബം എന്ന അനുനയ ഫോര്‍മുല ഗ്രൂപ്പ് 23 അനുസരിക്കുമെന്നായിരുന്നു കോൺഗ്രസ് പ്രവർത്തകസമിതിക്ക് ശേഷം പുറത്തുവന്ന റിപ്പോർട്ടുകൾ. പിന്നീട് നേതൃമാറ്റം വേണമെന്ന കടുത്ത നിലപാടിലാണ് വിമതശബ്ദങ്ങളുടെ ഈ കൂട്ടായ്മ. നേതൃത്വത്തിനെതിരായ നീക്കത്തിന് സംസ്ഥാനങ്ങളില്‍ പിന്തുണയേറുന്നുവെന്ന സന്ദേശം നല്‍കി നേതൃത്വത്തെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കാനാണ് അവരുടെ നീക്കം. ഇനിയെന്തെല്ലാം നടപടികൾ സ്വീകരിക്കണമെന്നതിൽ വിശദമായ ചർച്ച നടത്താനാണ് യോഗം വിളിച്ച് ചേർത്തിരിക്കുന്നത്.
നേതൃത്വത്തിനെതിരെ, വിശേഷിച്ച് രാഹുൽ ഗാന്ധിക്ക് എതിരെ രൂക്ഷവിമർശനമാണ് യോഗത്തിൽ പങ്കെടുക്കാനായി ദില്ലിയിലെത്തിയ പി ജെ കുര്യൻ ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ഉന്നയിച്ചത്. പാർട്ടിക്ക് സ്ഥിരം അധ്യക്ഷൻ വേണം. ഗ്രൂപ്പ് 23-നെ താൻ പിന്തുണയ്ക്കുന്നു. രാഹുൽ ഗാന്ധിക്ക് പറ്റില്ലെങ്കിൽ വേറെയാൾ വരണം. കോൺഗ്രസ് നേതൃത്വത്തിൽ ഇപ്പോൾ രാഹുൽ ഗാന്ധിയില്ല. രാഹുൽ വെറും എംപി മാത്രമാണ്. തോൽവിയുടെ പേരിൽ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ മാത്രം ആക്രമിക്കുന്നത് ശരിയല്ല. കെ സി വേണുഗോപാൽ നടപ്പാക്കുന്നത് നേതൃത്വത്തിന്‍റെ നിർദേശമാണ്. ആ നിർദേശം പാളിയെങ്കിൽ അതിന്‍റെ ഉത്തരവാദിത്തം നേതൃത്വത്തിനല്ലേയെന്നും പി ജെ കുര്യൻ ചോദിക്കുന്നു.
സമാനമായ ഭാഷയിൽ രൂക്ഷവിമർശനമാണ് കപിൽ സിബൽ രാഹുൽ ഗാന്ധിക്കെതിരെ ഉന്നയിച്ചത്. ഗാന്ധി കുടുംബത്തിൽ നിന്ന് മാറി മറ്റാർക്കെങ്കിലും ചുമതല നൽകണമെന്നായിരുന്നു കപിൽ സിബൽ ഒരു ദേശീയമാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആവശ്യപ്പെട്ടത്. എന്തധികാരത്തിലാണ് പ്രസിഡന്‍റല്ലാത്ത രാഹുല്‍ പാര്‍ട്ടിയെ നിയന്ത്രിക്കുന്നതെന്നും കോൺഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ചരൺജീത് ചന്നിയെ പഞ്ചാബിൽ പ്രഖ്യാപിക്കാൻ എന്ത് അവകാശമാണ് രാഹുൽ ഗാന്ധിക്ക് ഉള്ളതെന്നുമാണ് അഭിമുഖത്തില്‍ സിബല്‍ ചോദിക്കുന്നത്. പാർട്ടിയുടെ എബിസിഡി അറിയില്ല സിബലിനെന്ന് തിരിച്ചടിച്ച് രാജസ്ഥാൻ മുഖ്യമന്ത്രിയും ഗാന്ധി കുടുംബത്തിന്‍റെ വിശ്വസ്തനുമായ അശോക് ഗെലോട്ട് അന്ന് തന്നെ സിബലിനെ തള്ളിപ്പറഞ്ഞെങ്കിലും ആ മുറുമുറുപ്പ് പാർട്ടിയിൽ പടരുകയായിരുന്നു. ഇത് തിരിച്ചറിഞ്ഞാണ് ഗാന്ധി കുടുംബത്തിന്‍റെ വിശ്വസ്തരൊന്നാകെ ചേർന്ന് സിബലിനെതിരെ പടയൊരുക്കം നടത്തുന്നത്.
ജനപിന്തുണയില്ലാത്ത സിബല്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുകയാണെന്ന് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും അധിര്‍ രഞ്ജന്‍ ചൗധരിയും കുറ്റപ്പെടുത്തി. അഭിഭാഷകനായ കപില്‍ സിബല്‍ വഴിമാറി പാര്‍ട്ടിയിലെത്തിയതാണെന്നും, കോണ്‍ഗ്രസിനെ കുറിച്ച് ഒന്നുമറിയില്ലെന്നുമാണ് നേതാക്കള്‍ തിരിച്ചടിക്കുന്നത്. ആര് വിചാരിച്ചാലും സോണിയ ഗാന്ധിയെ ദുര്‍ബലപ്പെടുത്താനാകില്ലെന്ന് മുതര്‍ന്ന നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു. സിബല്‍ മുന്‍പ് മത്സരിച്ച ചാന്ദ്നി ചൗക്ക് മണ്ഡലത്തിലെ കോണ്‍ഗ്രസ് ഘടകം അച്ചടക്ക നടപടി ആവശ്യപ്പെട്ട് പ്രമോയം പാസ്സാക്കുകയും ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam