
ദില്ലി: ദില്ലിയില്‍ നാളെ ജി20 ഉച്ചകോടി ആരംഭിക്കാനിരിക്കെ ലോക നേതാക്കള്‍ ഇന്ത്യയിലേക്ക് ഇന്ന് എത്തിതുടങ്ങും. അതിനാല്‍ തന്നെ പഴുതടച്ച സുരക്ഷയാണ് രാജ്യതലസ്ഥാനമായ ദില്ലിയില്‍ ഒരുക്കിയിരിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി പ്രധാനമന്ത്രി ഋഷി സുനക്, കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ തുടങ്ങിയ ഉച്ചക്കോടിക്കായി ഇന്ത്യയിലെത്തുന്ന ലോക നേതാക്കള്‍ക്ക് ദില്ലിയിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിലാണ് താമസമൊരുക്കിയിരിക്കുന്നത്.
ജോ ബൈഡന്‍
അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ ദില്ലിയിലെ ഐ.ടി.സി മൗര്യ ഹോട്ടലിലായിരിക്കും താമസിക്കുക. വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ജോ ബൈഡന്‍ നയതന്ത്ര ചര്‍ച്ച നടത്തും.
ഋഷി സുനക്
ബ്രിട്ടീഷ് പ്രധാനമന്ത്രിയായശേഷം ആദ്യമായി ഇന്ത്യയിലെത്തുന്ന ഋഷി സുനക് ദില്ലിയിലെ ഷാഗ്രില ഹോട്ടലിലായിരിക്കും താമസിക്കുക.
ജസ്റ്റിൻ ട്രൂഡോ
ദില്ലിയിലെ ലളിത് ഹോട്ടലിലാണ് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോക്ക് താമസമൊരുക്കിയിരിക്കുന്നത്. ഇന്തോനേഷ്യയിലെ ആസിയാന്‍ ഉച്ചകോടിയില്‍ പങ്കെടുത്തശേഷമാണ് ജസ്റ്റിന്‍ ട്രൂഡോ ഇന്ത്യയിലെത്തുക.
ആന്തണി ആൽബനിസ്
ഓസ്‌ട്രേലിയ പ്രധാനമന്ത്രി ആന്തണി ആൽബനിസ് ദില്ലിയിലെ ഇംപീരിയല്‍ ഹോട്ടലിലായിരിക്കും കഴിയുക. മൂന്നു വിദേശ രാജ്യങ്ങളിലേക്കുള്ള സന്ദര്‍ശനത്തിന്‍റെ ഭാഗമായി ഇന്ത്യക്ക് പുറമെ ഇന്തോനേഷ്യയിലേക്കും ഫിലീപ്പീന്‍സിലേക്കും ആന്തണി ആല്‍ബനിസ് പോകുന്നുണ്ട്.
ചൈനയില്‍നിന്നുള്ള പ്രതിനിധികള്‍ ദില്ലിയിലെ താജ് ഹോട്ടലിലായിരിക്കും കഴിയുക. നഗരത്തിലെ എല്ലായിടത്തും ഡ്രോണ്‍ നിരീക്ഷണം ഏര്‍പ്പെടുത്തിയും ഓരോയിടത്തും പൊലീസുകാരെ വിന്യസിച്ചും വലിയരീതിയിലുള്ള സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. മ്യൂറല്‍ പെയിൻറുകളും പലയിടത്തായി ഒരുക്കി നഗരത്തെ കൂടുതല്‍ മനോഹരമാക്കിയിട്ടുണ്ട്. നഗരത്തിലെ സ്ഥിരം ശല്യക്കാരായ കുരങ്ങുകളെയും തുരത്തികൊണ്ടിരിക്കുകയാണ്. ലോക നേതാക്കളെത്തുന്നതിനാല്‍ തന്നെ ഏറ്റവും മികച്ച രീതിയിലുള്ള സ്വീകരണമൊരുക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.
വെള്ളിയാഴ് വൈകിട്ട് എഴ് മണിയോടെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ദില്ലിയിലെത്തിയേക്കും. എയർഫോഴ്‌സ് വൺ വിമാനത്തിലെത്തുന്ന ബൈഡനെ പാലം അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൈകിട്ട് 6.55ന് കേന്ദ്രസഹമന്ത്രി വി കെ സിങ്ങ് സ്വീകരിക്കും. തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ബൈഡനും ഉഭയകക്ഷി ചർച്ച നടത്തും. പ്രസിഡന്റായ ശേഷമുള്ള ബൈഡന്റെ ആദ്യ ഇന്ത്യ സന്ദർശനമാണിത്. ഉച്ചയ്ക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കും പിന്നാലെ മറ്റ് നേതാക്കളും എത്തും. വിവിധ കേന്ദ്രമന്ത്രിമാർക്ക് നേതാക്കളെ വിമാനത്താവളത്തിലെത്തി സ്വീകരിക്കാൻ ചുമതല നൽകിയിട്ടുണ്ട്. കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ, ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ, ഓസ്‌ട്രേലിയ പ്രധാനമന്ത്രി ആന്തണി ആൽബനിസ്, സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ തുടങ്ങിയ ലോകനേതാക്കളും ഇന്ന് എത്തിച്ചേരും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam