
ദില്ലി: വന്ദേഭാരത് ഫ്ലാഗ് ഓഫ് ചടങ്ങിൽ വിദ്യാർത്ഥികൾ ഗണഗീതം പാടിയ വിഷയത്തില്‍ പ്രതികരണവുമായി വിദ്യാഭ്യസ മന്ത്രി വി ശിവന്‍ കുട്ടി. നടന്നത് ഇന്ത്യ ഗവൺമെന്‍റിന്‍റെ ഔദ്യോഗിക ചടങ്ങാണെന്നും ഗണഗീതം ആർഎസ്എസിന്‍റെ ഗാനമാണ്, പ്രോട്ടോക്കോൾ പാലിക്കണമായിരുന്നു. രാഷ്ട്രീയ പാർട്ടിയുടെയും മറ്റും ഗാനം ആലപിക്കാൻ പാടില്ലാത്തതാണ്. ഇത് അഹങ്കാരത്തിന്‍റെ സ്വരമാണ്. സാമാന്യ മര്യാദ പാലിച്ചില്ല. പെട്ടെന്ന് കൊണ്ടുവന്ന് പാടിച്ചതല്ല. ഏത് സ്കൂൾ ആയാലും മതേതരത്വത്തെ വെല്ലുവിളിക്കുന്ന നടപടി അനുവദിക്കില്ല. എന്‍ഒസി കൊടുക്കുമ്പോൾ ചില ഉപാധികൾ വയ്ക്കാറുണ്ട്. അത് ലങ്കിച്ചാൽ എൻഒസി പിൻവലിക്കാം എന്ന് നിയമത്തിൽ പറയുന്നുണ്ട്. കുട്ടികളുടെ പേരിൽ നടപടി ഉണ്ടാകേണ്ട കാര്യമില്ല. കുട്ടികൾ നിരപരാധികൾ ആണല്ലോ. മാപ്പ് എഴുതി കൊടുത്ത സംഘടനയാണ് ആർഎസ്എസ്. ദേശീയ ഗാനം എങ്കിലും പാടിക്കാമായിരുന്നു. ഗണഗീതം ദേശഭക്തി ഗാനമാണെന്ന് പ്രിൻസിപ്പലിന്‍റെ അഭിപ്രായം. ആ വിവരം എവിടുന്നു കിട്ടിയതെണെന്ന് അറിയില്ല. ദേശഭക്തി ഗാനം ഏതാണെന്നു തീരുമാനിക്കേണ്ടത് പ്രിൻസിപ്പൽ ആണോ ? കുട്ടികൾക്ക് ഒന്നും അറിയില്ലല്ലോ.ബലികുടിരങ്ങളെ പോലുള്ള എത്രയോ പാട്ടുകൾ ഉണ്ട്. അതൊന്നും ദേശാഭക്തി ഗാനങ്ങൾ ആക്കിയില്ലലോ. രാഷ്ട്രീയ പാർട്ടികൾക്ക് അത്തരം ഒരുപാടു ഗാനങ്ങൾ ഉണ്ട്. അതൊന്നും എല്ലായിടത്തും പാടാറില്ലല്ലോ. കുട്ടികളിൽ ഇതൊക്കെ അടിച്ചേൽപ്പിക്കുകയാണ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് ഗണഗീതം സംബന്ധിച്ചു രേഖമൂലം പരാതി നൽകും എന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
കഴിഞ്ഞ ദിവസം വന്ദേഭാരത് ഫ്ലാഗ് ഓഫ് ചടങ്ങിലാണ് വിദ്യാർത്ഥികൾ ഗണഗീതം പാടിയത്. ഇതിന്‍റെ വീഡിയോ ദക്ഷിണ റെയിൽവേ എക്സില്‍ പോസ്റ്റ് ചെയ്യുകയും വിവാദമായതോടെ പിന്‍വലിക്കുകയും പിന്നീട് വിണ്ടും റീ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എറണാകുളം സൗത്ത് ബെംഗളുരു വന്ദേഭാരത് എക്സ്പ്രസ് ഉദ്ഘാടനത്തിന് വിദ്യാർഥികളെക്കൊണ്ട് ഗണഗീതം പാടിച്ചത്. വന്ദേഭാരത് ഫ്ലാഗ് ഓഫ് ചടങ്ങിന് ശേഷം വിദ്യാർഥികൾ ട്രെയിനിന് അകത്തുനിന്നാണ് ഗണഗീതം പാടിയത്. കേരളത്തിന് അനുവദിച്ച മൂന്നാം വന്ദേഭാരത് ട്രെയിൻ ഇന്നലെ രാവിലെയാണ് പ്രധാനമന്തി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്തത്. എറണാകുളം - ബെംഗളൂരു റൂട്ടിലോടുന്ന വന്ദേ ഭാരതിന്‍റെ ട്രയൽ റൺ കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു.
ആകെ 11 സ്റ്റേഷനുകളില്‍ മാത്രമാണ് ട്രെയിന്‍ നിര്‍ത്തുക. എറണാകുളം, തൃശൂര്‍, ഷൊര്‍ണൂര്‍, പാലക്കാട്, പൊദന്നൂര്‍, കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, ജോലാര്‍പേട്ടൈ, കൃഷ്ണരാജപുരം, കെഎസ്ആര്‍ ബെംഗളൂരു എന്നിങ്ങനെയാണ് ട്രെയിന്‍ കടന്നുപോകുന്ന സ്‌റ്റോപ്പുകള്‍. 9 മണിക്കൂർ കൊണ്ട് 608 കിലോമീറ്റർ പിന്നിടും. കൊച്ചിയിൽ നിന്ന് ഉച്ചയ്ക്ക് പുറപ്പെടുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് 2.20ന് എറണാകുളത്തു നിന്ന് പുറപ്പെട്ട് രാത്രി 11 മണിക്ക് ബെംഗളൂരു സിറ്റിയിലെത്തുമെന്നാണ് അറിയിപ്പ്. ബെംഗളൂരുവിൽ നിന്ന് പുലർച്ചെ 5.10ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.50ന് എറണാകുളത്തുമെത്തും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam