വോട്ട് ചോരി: രാഹുലിന്‍റെ ബോംബുകളും തെരഞ്ഞെടുപ്പ് കമീഷനും

Published : Nov 09, 2025, 01:09 PM ISTUpdated : Nov 09, 2025, 03:01 PM IST
Rahul Gandhi addresses a press conference

Synopsis

തുടര്‍ച്ചയായി വാര്‍ത്താ സമ്മേളനങ്ങളിലൂടെ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആരോപണങ്ങൾ ഉന്നയിക്കുകയാണ് രാഹുല്‍ ഗാന്ധി. എന്നാല്‍ ഈ ആരോപണങ്ങൾക്ക് കമ്മീഷൻ കൃത്യമായ മറുപടി നല്‍കിയിട്ടില്ല.

ദില്ലി: രാജ്യം വലിയ രീതിയില്‍ ചര്‍ച്ച ചെയ്ത വാര്‍ത്താ സമ്മേളനമാണ് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം നടത്തിയത്. കുറഞ്ഞ കാലയളവില്‍ വലിയ ആരോപണങ്ങളാണ് രാഹുല്‍ കമ്മീഷനെതിരെ ഉയർത്തി കൊണ്ടുവന്നിട്ടുള്ളത്. എന്നാല്‍ രാഹുൽ ​ഗാന്ധിയുടെ ഹൈഡ്രജൻ ബോംബ് വാർത്താ സമ്മേളനം നടന്ന് ദിവസങ്ങൾ പിന്നിടുമ്പോഴും തെരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോ​ഗികമായി പ്രതികരിക്കുകയോ കൃത്യമായ വിശദീകരണം നല്‍കുകയോ ചെയ്തിട്ടില്ല. രാഹുലിന് വൈകാതെ വിശദമായി മറുപടി നൽകുമെന്ന് പറഞ്ഞ ഹരിയാനയിലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറും ഇതുവരെ പ്രതികരിച്ചിട്ടില്ല. കമ്മീഷന്‍റെ മൗനം ആയുധമാക്കുന്ന കോൺ​ഗ്രസ് വോട്ട് കൊള്ള ആരോപണത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാക്കുകയാണ്. വിവിധ സംസ്ഥാനങ്ങളിലെ തലസ്ഥാനങ്ങളിലായി ഒപ്പുശേഖരണം നടത്താന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. ഒപ്പുശേഖരണത്തിന് ശേഷം രാഷ്ട്രപതിക്ക് നിവേദനം സമർപ്പിക്കാനാണ് തീരുമാനം. 

വോട്ടര്‍ പട്ടിക ക്രമക്കേട് ആരോപണം

വിജയിക്കാമായിരുന്ന പല തെരഞ്ഞെടുപ്പുകളും പരാജയപ്പെട്ടതോടെയാണ് താൻ അന്വേഷണം തുടങ്ങിയതെന്നാണ് ആദ്യം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞത്. ഒരു മണ്ഡലം പഠിക്കാൻ തന്നെ ആറു മാസം എടുത്തു. ഈ സാഹചര്യത്തിൽ കമ്മീഷൻ ഉടൻ ഡിജിറ്റൽ ഡേറ്റ കൈമാറണമെന്നും രാഹുൽ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കമ്മീഷനോട് 5 ചോദ്യങ്ങളും രാഹുല്‍ ഉന്നയിച്ചു

1. ഡിജിറ്റൽ പതിപ്പുകൾ നൽകാത്തത് എന്ത്?

2. വീഡിയൊ ദൃശ്യം നൽകാത്തത് എന്ത്?

3. തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർ ലിസ്റ്റില് വ്യാപക ക്രമക്കേട് നടത്തിയത് എന്തിന്?

4. മറുപടി തരാതെ പ്രതിപക്ഷത്തെ ഭീഷണിപ്പെടുത്തുന്നത് എന്തിന്?

5. ബിജെപിയുടെ ഏജൻ്റ് ആയി പ്രവർത്തിക്കുന്നത് എന്തിന്? തുടങ്ങിയവയായിരുന്നു ചോദ്യങ്ങൾ എന്നാല്‍ ഈ ചോദ്യങ്ങൾക്കൊന്നും കൃത്യമായ ഉത്തരം തെരഞ്ഞെടുപ്പ് കമ്മീഷൻ നല്‍കിയിട്ടില്ല. രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തലുകൾക്കു ശേഷം ചില സംസ്ഥാനങ്ങളിലെ ഇ വോട്ടർ ലിസ്റ്റ് തെരഞ്ഞെടുപ്പ് കമ്മീഷൻ നീക്കം ചെയ്തു എന്ന് പരാതിയും ഉയര്‍ന്നിരുന്നു. ഇതിനെ പിന്നാലെയും രാഹുല്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആരോപണൾ ഉന്നയിച്ചു.

രാഹുലിന്‍റെ ഹൈഡ്രജന്‍ ബോംബ്

കഴിഞ്ഞ ദിവസം നടത്തിയ വാർത്താ സമ്മേളനത്തിലും ഗുരുതര ആരോപണങ്ങളായിരുന്നു രാഹുല്‍ ഉന്നയിച്ചത്. 75 കാരിയായ ചരൺജീത് കൗർ എന്ന സ്ത്രീയുടെ ചിത്രം 223 തവണ വോട്ടർ ലിസ്റ്റിൽ വരുന്നതായാണ് രാഹുൽ വാർത്താ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടിയത്. എന്നാൽ ഇത് 10 വർഷമായുള്ള പ്രശ്നമാണെന്ന് കൗർ ഇം​ഗ്ലീഷ് മാധ്യമത്തോട് പറഞ്ഞു. കൗറിന്റെ ചിത്രം നൽകിയത് മറ്റ് യഥാർത്ഥ വോട്ടർമാരുടെ പേരിന് നേർക്കാണെന്നും, വോട്ടർ ഐഡി കാണിച്ച് ഇവരിൽ പലരും വോട്ട് ചെയ്തെന്നും റിപ്പോർട്ടിലുണ്ട്. ​കൗറിന്റെ ​ഗ്രാമമായ ധാക്കോലയിൽ കൂടുതൽ വോട്ട് കിട്ടിയത് കോൺ​ഗ്രസിനാണെന്നും റിപ്പോർട്ടിലുണ്ട്. അതേസമയം റിപ്പോർട്ട് ചൂണ്ടിക്കാട്ടി രാഹുലിനെതിരെ പരിഹാസം തുടരുകയാണ് ബിജെപി. രാഹുൽ നുണ പ്രചരിപ്പിക്കാൻ സ്റ്റാർട്ടപ്പ് തുടങ്ങിയെന്നും, വ്യാജ വിവരങ്ങൾ പ്രചരിപ്പിക്കുന്ന സാമൂഹിക ശാസ്ത്രജ്ഞരാണ് രാഹുലിനെ ഉപദേശിക്കുന്നതെന്നുമാണ് ബിജെപി കേന്ദ്രങ്ങളുടെ വിമ‍ശനം.

കൂടുതല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ വ്യാപകമായി അട്ടിമറി നടന്നെന്ന ആരോപണത്തിലൂടെ വോട്ട് കൊള്ളയ്ക്ക് കേന്ദ്രീകൃത സ്വഭാവമുണ്ടെന്നാണ് പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. കഴിഞ്ഞ ദിവസം വോട്ടെടുപ്പ് നടന്ന ബിഹാറിലും ഇത് നടക്കുമെന്നും രാഹുൽ പറഞ്ഞിരുന്നു. അതേസമയം തുടർച്ചയായി തെരഞ്ഞെടുപ്പുകൾ തോറ്റതിന് രാഹുൽ കരയുകയാണെന്ന് പരിഹസിച്ചാണെന്ന് ബിജെപി പ്രതിരോധം തീര്‍ക്കുന്നത്. കർണാടകയിലെ മഹാദേവ്പുര, ആലന്ദ് എന്നീ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പിൽ അട്ടിമറി നടന്നെന്ന് നേരത്തെ സമാനമായ വാർത്താ സമ്മേളനങ്ങളിലൂടെ രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. ഇപ്പോൾ ഹരിയാനയിലെ എല്ലാ മണ്ഡലങ്ങളിലും ഇത്തരത്തിലുള്ള ക്രമക്കേടുകളുണ്ടായെന്ന് തെളിവുകൾ സഹിതം രാഹുല്‍ ചൂണ്ടിക്കാട്ടി, ഇതിന് പിന്നിൽ ബിജെപിയുടെ നേതൃത്ത്വത്തിലുള്ള കേന്ദ്രീകൃത സംവിധാനമാണെന്നാണ് രാഹുൽ ഗാന്ധി സ്ഥാപിക്കാൻ ശ്രമിക്കുന്നത്. ജനാധിപത്യം അട്ടിമറിച്ചുകൊണ്ടുള്ള ഇത്തരം നീക്കങ്ങളിലൂടെ രാജ്യത്തെ പുതുതലമുറയുടെ ഭാവിയാണ് കവരുന്നതെന്നും പറയുന്ന രാഹുൽ ജെൻസി പ്രയോഗത്തിലൂടെ യുവാക്കളെ കൂടെ നിറുത്താൻ ശ്രമിക്കുന്നുണ്ട്. 

വോട്ട് ചോരി ആരോപണം ശക്തമാക്കുന്നതിലൂടെ സാധാരണ ജനങ്ങളിലടക്കം ബിജെപിക്കെതിരായ വികാരം ഇളക്കിവിടുകയും, അതൊരു മുന്നേറ്റമാക്കി മാറ്റാനുമാണ് ശ്രമമെന്ന് കോൺ​ഗ്രസ് നേതാക്കളും പറയുന്നു. നേരത്തെയും രാഹുൽ ഉന്നയിച്ച ആരോപണങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ കമ്മീഷന് സാധിച്ചിട്ടില്ല. തെരഞ്ഞെടുപ്പടുത്ത വിവിധ സംസ്ഥാനങ്ങളിലേക്ക് തിടുക്കത്തിൽ തീവ്രവോട്ടർ പട്ടിക പരിഷ്കരണം നടപ്പാക്കുന്നതടക്കമുള്ള കമ്മീഷന്റെ നടപടികളും ഈ പശ്ചാത്തലത്തിൽ സംശയനിഴലിലാകുന്നു. കൃത്യമായ തെളിവുകൾ നിരത്തിയിട്ടും കോൺ​ഗ്രസ് എന്തെടുക്കുകയായിരുന്നുവെന്ന് ചോദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ ഒഴിഞ്ഞു മാറുന്നതിനെയും കോൺ​ഗ്രസ് ചോദ്യം ചെയ്യുന്നുണ്ട്.

എന്നാല്‍ രാജ്യവിരുദ്ധ ശക്തികളുമായി ചേർന്നുള്ള രാഹുലിന്‍റെ ​ഗൂഢാലോചനയാണിതെന്ന സ്ഥിരം വാദമാണ് ബിജെപി ഉയർത്തുന്നത്. എന്നാല്‍ 25 ലക്ഷം കള്ളവോട്ടുകളാണ് രാഹുല്‍ കണ്ടെത്തിയിരിക്കുന്നത്. അതിൽ കൂടുതൽ ഉണ്ടാകാനാണ് സാധ്യത. ഹൈഡ്രജൻ ബോംബെന്ന് വിശേഷിപ്പിച്ചാണ് ഹരിയാനയിലെ വോട്ടർ പട്ടികയിലെ ക്രമക്കേടിന്റെ തെളിവുകൾ രാഹുല്‍ ഗാന്ധി പുറത്ത് വിട്ടത്. 8 സീറ്റുകൾ കൂടി പിടിച്ചിരുന്നെങ്കിൽ ഹരിയാനയിൽ കോൺഗ്രസിന് അധികാരം നേടമായിരുന്നു.ചെറിയ വ്യത്യാസത്തിൽ തോറ്റ റായ് അടക്കം ഏട്ടു സീറ്റുകൾ നോക്കുമ്പോൾ ആകെ 22,000 വോട്ടുകളുടെ വ്യത്യാസം മാത്രമാണെന്നാണ് രാഹുൽ ഗാന്ധി വ്യക്തമാക്കുന്നത്. കള്ളപ്പേരും ചിത്രങ്ങളും ഉപയോഗിച്ച് വ്യാപകമായി വോട്ടുകൾ ചേർത്തെന്നും പത്ത് ബൂത്തുകളിലായി 22 വോട്ടർമാരുടെ ചിത്രം ഒരു ബ്രസീലിയൻ മോഡലിന്റേതാണെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

വ്യാജ മേൽവിലാസത്തിൽ 93,174 വോട്ടുകൾ ചേർത്തു, മേൽവിലാസം പൂജ്യം എന്ന് രേഖപ്പെടുത്തുന്നത് വീടില്ലാത്തവരുടെതാണെന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ വാദം കള്ളമാണെന്നും രാഹുൽ പറഞ്ഞു. മികച്ച വീടുകളുള്ളവർക്കും ഹൗസ് നമ്പർ സീറോ നൽകിക്കൊണ്ട് കൃത്രിമം കാണിച്ചിട്ടുണ്ട്. ഒരേ മേൽവിലാസത്തിൽ നൂറുകണക്കിനാളുകളെ വോട്ടർ പട്ടികയിൽ ചേർത്തിട്ടുള്ളത്. ഇങ്ങനെയുള്ള 19,26,351 വോട്ടുകൾ കൂടി നോക്കുമ്പോൾ 25 ലക്ഷം കള്ളവോട്ടുകൾ ആകെയുണ്ട്. ഹരിയാനയിൽ വോട്ട് ചെയ്ത പല ബിജെപി നേതാക്കൾക്കും യുപിയിലും വോട്ടുണ്ടെന്നതിനും രാഹുൽ ഗാന്ധി തെളിവുകൾ നൽകി. ഹരിയാന മുഖ്യമന്ത്രി നായബ് സിംഗ് സൈനിയും ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനും നടത്തിയ അവകാശവാദങ്ങൾ കൂടി ചൂണ്ടിക്കാട്ടിയായിരുന്നു രാഹുൽ ഗാന്ധിയുടെ വാർത്താ സമ്മേളനം.

മൂന്നരലക്ഷത്തോളം പേരെ വോട്ടർ പട്ടികയിൽ നിന്ന ഒഴിവാക്കിയെന്നും രാഹുൽ പറയുന്നു. ഒപ്പം ബീഹാറിലെ തീവ്രപരിഷക്കരണം വഴി വോട്ട് ഒഴിവാക്കപ്പെട്ടവരെയും രാഹുൽ വാർത്താസമ്മേളനത്തിൽ കൊണ്ടുവന്നു. വികലാംഗരാവരടക്കം വീണ്ടും അപേക്ഷ നൽകിയിട്ടും പട്ടികയിൽ പേര് ചേർത്തില്ലെന്ന് ബീഹാറിൽ നിന്നുള്ളവർ മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തുകയും ചെയ്തു. അതേസമയം രാഹുലിന്‍റെ വാദങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളുകയാണ് ചെയ്തത്. കരട് വോട്ടർപട്ടിക ഒന്നരമാസം മുൻപും, അവസാന വോട്ടർ പട്ടിക വോട്ടെടുപ്പിന് 15 ദിവസം മുൻപും എല്ലാ രാഷ്ട്രീയ പാർട്ടികൾക്ക് നൽകിയതാണെന്നും വോട്ടിംഗ് കഴിഞ്ഞിട്ടും ഒരു അപ്പീൽ പോലും കിട്ടിയില്ല. വോട്ടർ പട്ടികയില്‍ ഇരട്ടിപ്പ് നടന്നിട്ടുണ്ടെങ്കിൽ അതിന്റെ ഗുണം എല്ലാ രാഷ്ട്രീയ പാർട്ടികൾക്കുമാണെന്ന  വാദവും തെരഞ്ഞെടുപ്പ് കമ്മീഷൻ ഉയർത്തുന്നു. ഇത്തരത്തില്‍ നിരന്തരമായി തെരഞ്ഞെടുപ്പ് കമ്മീഷനെ ലക്ഷ്യം വെച്ചുകൊണ്ടുള്ള രാഹുലിന്‍റെ ഇടപെടലുകൾ എത്രമാത്രം ഫലം കണ്ടെന്ന് വ്യക്തമാകണമെങ്കില്‍ നിലവില്‍ നടക്കുന്ന ബിഹാര്‍ തെരഞ്ഞെടുപ്പിന്‍റെ ഫലം പുറത്തുവരേണ്ടതുണ്ട്.

 

PREV
Read more Articles on
click me!

Recommended Stories

പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ
ഇൻഡിഗോ വിമാന പ്രതിസന്ധി; അന്വേഷണം തുടങ്ങി വ്യോമയാനമന്ത്രാലയം, സമിതിയിൽ നാലംഗ ഉദ്യോഗസ്ഥർ