ഗംഗാ ജലം കുടിക്കാന്‍ യോഗ്യമല്ലെന്ന് ഉത്തര്‍ പ്രദേശ് മലിനീകരണ നിയന്ത്രണ ബോര്‍ഡ്

By Web TeamFirst Published Jan 30, 2021, 2:46 PM IST
Highlights

2006ല്‍ ഗംഗാ നദി സംരക്ഷിക്കണമെന്നും പൂര്‍വ്വ സ്ഥിതിയിലാക്കണമെന്നും ആവശ്യപ്പെട്ട് സുവോ മോട്ടോ പ്രകാരം നല്‍കിയ കേസിലാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ മറുപടി.

കുടിവെള്ള ആവശ്യത്തിലേക്കായി ഉപയോഗിക്കാന്‍ ഗംഗാ ജലം യോഗ്യമല്ലെന്ന് ഉത്തര്‍ പ്രദേശ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് കോടതിയില്‍. വ്യാഴാഴ്ച അലഹബാദ് ഹൈക്കോടതിയിലാണ് ഉത്തര്‍ പ്രദേശ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഇക്കാര്യം വ്യക്തമാക്കിയത്. 2006ല്‍ ഗംഗാ നദി സംരക്ഷിക്കണമെന്നും പൂര്‍വ്വ സ്ഥിതിയിലാക്കണമെന്നും ആവശ്യപ്പെട്ട് സുവോ മോട്ടോ പ്രകാരം നല്‍കിയ കേസിലാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ മറുപടി.

ഗംഗയിലേയും യമുനയിലേയും ജലം വലിയ രീതിയില്‍ മലീമസമാക്കപ്പെട്ടുവെന്ന വാദത്തില്‍ അഭിഭാഷകയായ തൃപ്തി വെര്‍മ്മയുടെ ഇടപെടലിനെ തുടര്‍ന്നാണ് കേസ് വീണ്ടും കോടതിയില്‍ ലിസ്റ്റ് ചെയ്യപ്പെട്ടത്. കഴിഞ്ഞ ആഴ്ച അലഹബാദ് ഹൈക്കോടതിയിലെ ഫുള്‍ ബെഞ്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടെ മറുപടി ജനുവരി 28നകം നല്‍കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതനുസരിച്ചാണ് ഉത്തര്‍ പ്രദേശ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഗംഗാ ജലത്തിന്‍റെ ക്വാളിറ്റി പരിശോധിച്ചത്.

ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കുളിക്കാന്‍ മാത്രമാണ് ഗംഗാ ജലം ഉപയോഗിക്കാനാവൂ. കുടിവെള്ളം എന്ന ആവശ്യത്തിലേക്ക് ഗംഗാ ജലം ഉപയോഗിക്കാനില്ലെന്നും ക്വാളിറ്റി പരിശോധന വ്യക്തമാക്കുന്നു. യമുനയിലേക്കും ഗംഗയിലേക്കും മലിന ജലം നേരിട്ട് ഒഴുക്കുന്ന സ്ഥിതിയുണ്ടെന്ന് അമിക്കസ് ക്യൂരി എ ക് ഗുപ്ത കോടതിയെ അറിയിച്ചു. 

click me!