
പട്ന: ഐഎഎസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ട കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചിരുന്ന ലോക്‌സഭാ മുന്‍ എംപി ആനന്ദ് മോഹന്‍ സിങ്ങിന് മോചനത്തിന് അവസരമൊരുക്കി ബിഹാർ സർക്കാർ. ആനന്ദ് ഉള്‍പ്പടെ 27 പേർക്കാണ് നിതീഷ് കുമാര്‍ സര്‍ക്കാര്‍ ബിഹാര്‍ ജയില്‍ മാനുവലില്‍ ഭേദഗതി വരുത്തിയതിന് പിന്നാലെ മോചനത്തിന് അവസരമൊരുങ്ങിയത്. മകന്റെ വിവാഹനിശ്ചയത്തിനായി നിലവിൽ പരോളിലായിരുന്നു ആനന്ദ് സിങ്. സർക്കാർ നീക്കത്തിനെതിരെ വ്യാപക വിമർശനം ഉയർന്നുകഴിഞ്ഞു.
30 വർഷത്തോളം പഴക്കമുള്ള കൊലപാതക കേസിലാണ് ആനന്ദ് മോഹൻ ശിക്ഷ അനുഭവിച്ചിരുന്നത്. ഗുണ്ടാത്തലവനായിരുന്ന ആനന്ദ് പിന്നീട് രാഷ്ട്രീയത്തിലേക്കിറങ്ങുകയും എംപി സ്ഥാനത്തേക്ക് എത്തുകയുമായിരുന്നു. 1994ൽ ഗോപാൽഗഞ്ജ് ജില്ലാ മജിസ്ട്രേറ്റായിരുന്ന ജി കൃഷ്ണയ്യ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട കേസിലാണ് ആനന്ദ് ജയിലിലായത്. ആനന്ദ് മോഹന്‍ സിങ്ങിന്റെ പ്രകോപനത്തെത്തുടര്‍ന്നാണ് കൃഷ്ണയ്യയെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. 2007ൽ കോടതി ആനന്ദ് മോഹനെ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. എന്നാല്‍ പട്‌ന ഹൈക്കോടതി വധശിക്ഷ ജീവപര്യന്തം തടവാക്കി കുറച്ചു. ഇതിനെതിരെ ആനന്ദ് മോഹന്‍ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവെക്കുകയായിരുന്നു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ജോലിക്കിടെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസുകളില്‍ ശിക്ഷ അനുഭവിക്കുന്നവര്‍ക്ക് ഇളവ് നല്‍കേണ്ടതില്ലെന്ന ചട്ടം ഈ മാസം ആദ്യമാണ് നിതീഷ് കുമാർ സര്‍ക്കാര്‍ ഒഴിവാക്കിയത്. ഈ ചട്ടം ഒഴിവാക്കിയതിനെതിരെയും ആനന്ദ് മോഹനെ ജയിൽമോചിതനാക്കിയതിനെതിരെയും ബിഎസ്പി രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. നടപടി ദളിത് വിരുദ്ധമാണെന്നാണ് ബിഎസ്പിയുടെ വിമർശനം. വോട്ട്ബാങ്ക്ര ലക്ഷ്യമിട്ടാണ് സർക്കാർ നീക്കമെന്നും ആരോപണം ഉയർന്നിട്ടുണ്ട്. രജ്പുത് സമുദായത്തിൽ നിന്നുള്ള നേതാവായ ആനന്ദ് മോഹന് സമുദായവോട്ടുകളില്‍ നിര്‍ണായകസ്വാധീനമാണുള്ളത്. കഴിഞ്ഞ രണ്ടുകൊല്ലമായി സമുദായത്തില്‍നിന്നുള്ള പലനേതാക്കളും ആനന്ദ് മോഹന്റെ ജയില്‍മോചനം ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് സർക്കാരിന്റേത് രാഷ്ട്രീയലക്ഷ്യത്തോടെയുള്ള നീക്കമാണെന്ന് ആക്ഷേപമുയരുന്നത്. മുഖ്യമന്ത്രി നിതീഷ് കുമാർ, ഉപമുഖ്യമന്ത്രി തേജസ്വി യാദവ് തുടങ്ങിയ നേതാക്കളെല്ലാം ആനന്ദ് മോഹന്റെ മകന്റെ വിവാഹനിശ്ചയ ചടങ്ങിനെത്തിയതും വിമർശനത്തിന്റെ മൂർച്ച കൂട്ടുന്നു.
Read Also; ദില്ലി മദ്യനയ കേസ്: മനീഷ് സിസോദിയയെ പ്രതിയാക്കി കുറ്റപത്രം സമർപ്പിച്ച് സിബിഐ