
ഉഡുപ്പി: ഉഡുപ്പി-മണിപ്പാൽ ദേശീയപാതയിൽ ഒരേ ഗുണ്ടാ സംഘത്തിലെ അംഗങ്ങൾ തമ്മിലടിച്ചു. ഗരുഡ എന്ന് പേരുള്ള ഗുണ്ടാ സംഘത്തിലെ അംഗങ്ങളാണ് തമ്മിലടിച്ചത്. ഗുണ്ടാ സംഘത്തിൻ്റെ കാര്‍ ഇവരിൽ തന്നെയുള്ള ഒരു വിഭാഗം സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചതാണ് പ്രശ്നമായത്. മെയ് 18 ന് നടന്ന സംഭവത്തിൽ 2 ഗുണ്ടകളെ പൊലീസ് അറസ്റ്റ് ചെയ്തു. ഉഡുപ്പി കാപ്പ് സ്വദേശികളായ ആഷിക്, റാഖിബ് എന്നിവരാണ് അറസ്റ്റിലായത്.
ഈ സംഘം നിലവിൽ ക്വട്ടേഷൻ പ്രവർത്തനങ്ങളിൽ സജീവമല്ലെന്നാണ് പൊലീസ് പറയുന്നത്. കാര്‍ ഉപയോഗിച്ചതിനെ ചൊല്ലി ആരംഭിച്ച തര്‍ക്കം കൈയ്യാങ്കളിയിലേക്കും സംഘര്‍ഷത്തിലേക്കും നീങ്ങുകയായിരുന്നു. ഇതിനിടെ കാറിടിപ്പിച്ച് കൊലപ്പെടുത്താനും ശ്രമം നടന്നു. സംഭവത്തിൽ പ്രതികളായ മറ്റുള്ളവര്‍ക്കായി തെരച്ചിൽ തുടങ്ങിയിട്ടുണ്ട്. ആക്രമണത്തിന് ഉപയോഗിച്ച രണ്ട് സ്വിഫ്റ്റ് കാറുകൾക്ക് പുറമെ ഇവരിൽ നിന്ന് രണ്ട് കത്തികളും രണ്ട് ബൈക്കുകളും കണ്ടെടുത്തിട്ടുണ്ട്.