നിർത്തിവച്ച അന്താരാഷ്ട്ര സർവീസുകൾ ആഗസ്റ്റ് ഒന്ന് മുതൽ പുനരാരംഭിക്കാൻ എയർ ഇന്ത്യ; പൂർണമായി പുനസ്ഥാപിക്കുക ഒക്ടോബർ 1 മുതൽ

Published : Jul 16, 2025, 01:20 AM IST
Air India

Synopsis

അഹമ്മദാബാദ് വിമാന അപകടത്തിനു ശേഷം നിർത്തിവച്ച എയർ ഇന്ത്യ സർവീസുകൾ ആഗസ്റ്റ് 1 മുതൽ ഭാഗികമായും ഒക്ടോബർ 1 മുതൽ പൂർണമായും പുനഃസ്ഥാപിക്കും. ബോയിംഗ് 787 വിമാനങ്ങളിൽ അധിക പരിശോധനകൾ നടത്തുന്നതിനായാണ് താൽക്കാലികമായി ചില സർവീസുകൾ നിർത്തിവച്ചതെന്ന് എയർ ഇന്ത്യ

ദില്ലി: അഹമ്മദാബാദ് വിമാന അപകടത്തിനു ശേഷം നിർത്തിവച്ച എയർ ഇന്ത്യ സർവീസുകൾ ഭാഗികമായി പുനസ്ഥാപിക്കും. ആഗസ്റ്റ് ഒന്ന് മുതൽ പല അന്താരാഷ്ട്ര സർവീസുകളും പുനരാരംഭിക്കും എന്നാണ് അറിയിപ്പ്. ഒക്ടോബർ 1 മുതൽ പൂർണമായും പുനസ്ഥാപിക്കുമെന്നും എയർ ഇന്ത്യ പ്രസ്താവനയിൽ അറിയിച്ചു.

ജൂണ്‍ 12ന് അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് പറയുന്നയർന്നതിന് പിന്നാലെ എഐ 171 വിമാനം തകർന്നതോടെയാണ് എയർ ഇന്ത്യ പല സർവീസുകളും നിർത്തി വച്ചത്. അപകടത്തിൽ ജീവനക്കാരടക്കം 260 പേർക്ക് ജീവൻ നഷ്ടമായി. ബോയിംഗ് 787 ഡ്രീംലൈനർ വിമാനം വിമാനത്താവളത്തിന് സമീപമുള്ള ഒരു ഹോസ്റ്റലിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

ബോയിംഗ് 787 വിമാനങ്ങളിൽ അധിക മുൻകരുതൽ പരിശോധനകൾ നടത്തുന്നതിനായാണ് താൽക്കാലിക സർവീസ് നിർത്തിവെക്കൽ നടത്തിയത് എന്ന് ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള വിമാന കമ്പനി പ്രസ്താവനയിൽ വ്യക്തമാക്കി. നേരത്തെ മിഡിൽ ഈസ്റ്റ് വ്യോമാതിർത്തി അടച്ചത് മൂലമുണ്ടായ യാത്രാദൂര വർദ്ധനവും എയർ ഇന്ത്യ കാരണമായി ചൂണ്ടിക്കാട്ടി.

ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 30 വരെ അഹമ്മദാബാദിൽ നിന്ന് ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിലേക്ക് എയർ ഇന്ത്യ ആഴ്ചയിൽ മൂന്ന് സർവീസുകൾ നടത്തും. നേരത്തെ അഹമ്മദാബാദിൽ നിന്നും ലണ്ടനിലെ ഗാറ്റ്വിക്ക് വിമാനത്താവളത്തിലേക്ക് അഞ്ച് സർവീസുകൾ നടത്തിയിരുന്നു. ഡൽഹി - ഹീത്രോ റൂട്ടിൽ വെട്ടിച്ചുരുക്കിയ 24 പ്രതിവാര സർവീസുകൾ ജൂലൈ 16 മുതൽ പുനസ്ഥാപിച്ചിട്ടുണ്ട്.

 

 

ആഗസ്റ്റ് 1 മുതൽ എയർ ഇന്ത്യ ഡൽഹിയിൽ നിന്ന് സ്വിറ്റ്സർലൻഡിലെ സൂറിച്ചിലേക്ക് നേരത്തെ നടത്തിയിരുന്ന നാല് പ്രതിവാര സർവീസുകൾക്ക് പകരം അഞ്ച് സർവീസുകൾ നടത്തും. വാഷിംഗ്ടൺ, ഷിക്കാഗോ, സാൻ ഫ്രാൻസിസ്കോ, ന്യൂയോർക്ക്, ടൊറന്റോ, വാൻകൂവർ എന്നിവയുൾപ്പെടെ നിരവധി വടക്കേ അമേരിക്കൻ നഗരങ്ങളിലേക്കുള്ള എയർ ഇന്ത്യ വിമാനങ്ങളുടെ എണ്ണം ഇപ്പോഴും കുറവാണ്. ഓസ്‌ട്രേലിയൻ നഗരങ്ങളായ മെൽബൺ, സിഡ്നി എന്നിവിടങ്ങളിലേക്കുള്ള എയർ ഇന്ത്യ വിമാനങ്ങൾ ആഴ്ചയിൽ ഏഴിൽ നിന്ന് അഞ്ച് സർവീസുകളായി കുറയും.

 

PREV
Read more Articles on
click me!

Recommended Stories

വിറപ്പിച്ച് ചെള്ളുപനി; മൂന്ന് പേർ കൂടി മരിച്ചതോടെ മരണസംഖ്യ എട്ടായി; പ്രതിരോധ മരുന്നുകൾ ശേഖരിച്ച് ആന്ധ്രപ്രദേശ് സർക്കാർ
കോൺഗ്രസ് വന്ദേമാതരത്തെ അപമാനിച്ചു ,വന്ദേമാതരത്തെ ഗാന്ധിജി ദേശീയ ഗീതമായി കണ്ടു,ലീഗിൻ്റെ സമ്മർദ്ദത്തിന് വഴങ്ങി നെഹ്റു അത് വെട്ടിമുറിച്ചുവെന്ന് മോദി