മഹാസഖ്യം അവസാനിച്ചോ? യുപിയിൽ ഉപതെരഞ്ഞെടുപ്പുകളിൽ ബിഎസ്‍പി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് സൂചന

By Web TeamFirst Published Jun 3, 2019, 5:03 PM IST
Highlights

യാദവ വോട്ടുകൾ കൃത്യമായി മഹാസഖ്യത്തിന്‍റെ ചേരിയിലെത്തിക്കാനായില്ലെന്ന ആക്ഷേപം മായാവതിയ്ക്കുണ്ടെന്നും ഇതിനാൽ സഖ്യം വഴിപിരിഞ്ഞേക്കുമെന്നുമുള്ള സൂചനകളാണ് പുറത്തു വരുന്നത്. 

ലഖ്‍നൗ: ഉത്തർപ്രദേശിലെ മുൻ വൈരികളും ഈ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുകയും ചെയ്ത എസ്‍പി- ബിഎസ്‍പി മഹാസഖ്യം വഴി പിരിഞ്ഞേക്കുമെന്ന് സൂചന. തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്താൻ ചേർന്ന ബിഎസ്‍പിയുടെ ഉന്നതതലയോഗത്തിൽ എസ്‍പിക്കെതിരെ മായാവതി വിമർശനമുന്നയിച്ചെന്ന് ദേശീയമാധ്യമമായ എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. വരാനിരിക്കുന്ന 11 ഉപതെരഞ്ഞെടുപ്പുകളിൽ ബിഎസ്‍പി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് യോഗത്തിൽ മായാവതി പറഞ്ഞതായാണ് റിപ്പോർട്ടുകൾ. 

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ യാദവ വോട്ടുകൾ കൃത്യമായി മഹാസഖ്യത്തിന്‍റെ ചേരിയിലെത്തിക്കാനായില്ലെന്ന ആക്ഷേപം മായാവതിയ്ക്കുണ്ടെന്നാണ് സൂചന. ''ഈ സഖ്യം വെറും നഷ്ടമായിരുന്നു. യാദവ വോട്ടുകൾ നമ്മുടെ ചേരിയിലെത്തിയില്ല. അഖിലേഷിന്‍റെ സ്വന്തം കുടുംബം പോലും യാദവ വോട്ടുകൾ നേടിയില്ല'', യോഗത്തിൽ മായാവതി പറഞ്ഞതായി റിപ്പോർട്ട് പറയുന്നു. അഖിലേഷ് യാദവുമായി തെറ്റിപ്പിരിഞ്ഞ മുൻ എസ്‍പി നേതാവ് ശിവ്‍പാൽ യാദവും, കോൺഗ്രസും മഹാസഖ്യത്തിന്‍റെ യാദവ വോട്ടുബാങ്കിൽ വിള്ളൽ വീഴ്‍ത്തിയെന്നാണ് മായാവതിയുടെ വിലയിരുത്തൽ.  ഇനി ഉപതെരഞ്ഞെടുപ്പിൽ നമ്മൾ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് യോഗത്തിൽ മായാവതി പറഞ്ഞതായും റിപ്പോർട്ട് പറയുന്നു. 

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ മഹാസഖ്യം ബിജെപിക്ക് ശക്തമായ വെല്ലുവിളി ഉയർത്തുമെന്ന് കരുതിയിരുന്നതാണ്. 'ബുവാ - ഭതീജ സഖ്യ'മെന്ന് എല്ലാ തെരഞ്ഞെടുപ്പ് റാലികളിലും പ്രധാനമന്ത്രി നരേന്ദ്രമോദി സഖ്യത്തെ പരിഹസിക്കുകയും, ശക്തമായി ആഞ്ഞടിക്കുകയും ചെയ്തു. ഉത്തർപ്രദേശിലെ റാലികളിൽ കോൺഗ്രസിനെ പലപ്പോഴും വളരെക്കുറച്ച് മാത്രം പരാമർശിച്ച മോദി, മഹാസഖ്യത്തിനെതിരെയാണ് ആഞ്ഞടിച്ചത്. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ, 2014-ലെ സീറ്റുകളിൽ നിന്ന് ബിജെപി പുറകോട്ട് പോയെങ്കിലും വൻ വിജയം തന്നെയാണ് നേടിയത്. ബിജെപിയെ കഴിഞ്ഞ തവണ പിന്തുണച്ച വോട്ടുബാങ്കിൽ കാര്യമായ ചലനമുണ്ടാക്കാൻ മഹാസഖ്യത്തിന് കഴിഞ്ഞില്ല. ബദ്ധവൈരികളായ ഇരുവരും കൈകോർത്തത്, ഇരുവരുടെയും തന്നെ അണികളെ പ്രകോപിപ്പിച്ചോ എന്ന ചോദ്യവുമുയർന്നു. 

തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ നഷ്ടം പറ്റിയത് യുപി മുൻ മുഖ്യമന്ത്രി കൂടിയായ അഖിലേഷ് യാദവിനായിരുന്നു. അഖിലേഷിന്‍റെ ഭാര്യ ഡിംപിൾ യാദവും, ബന്ധുക്കളായ അക്ഷയ് യാദവും ധർമേന്ദ്ര യാദവും തോറ്റു. 2014-ൽ ഒറ്റ സീറ്റ് പോലും നേടാതെ നാണം കെട്ട് തോറ്റ ബിഎസ്‍പിക്ക് ഇത്തവണ 10 സീറ്റ് കിട്ടി. എസ്‍പിക്കാകട്ടെ, കഴിഞ്ഞ തവണ കിട്ടിയ അതേ സീറ്റുകൾ തന്നെയേ ഇത്തവണയും കിട്ടിയുള്ളൂ - അഞ്ചെണ്ണം. 

എന്നാൽ സഖ്യത്തിന്‍റെ തോൽവിക്ക് ശേഷവും അഖിലേഷ് യാദവ് പറഞ്ഞത് സഖ്യം 2022 നിയമസഭാ തെരഞ്ഞെടുപ്പിലും തുടരുമെന്നാണ്. മായാവതിയെ പ്രധാനമന്ത്രിപദത്തിലെത്തിക്കാൻ പിന്തുണയ്ക്കാമെന്നായിരുന്നു അഖിലേഷുമായുള്ള ബിഎസ്‍പിയുടെ ധാരണ. ഇതിന് പകരമായി നിയമസഭാ തെരഞ്ഞെടുപ്പിൽ അഖിലേഷിനെ മായാവതി സഹായിക്കുമെന്നും ധാരണയുണ്ടായിരുന്നു. എന്നാൽ ഫലം ഇവരുടെ പ്രതീക്ഷകളെല്ലാം അട്ടിമറിച്ചതിനാൽ, സഖ്യധാരണയുടെ കാര്യത്തിലും ഉലച്ചിൽ തട്ടുന്നുവെന്നാണ് സൂചന. 

ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് മത്സരിച്ച് വിജയിച്ച എംഎൽഎമാരുടെ 11 സീറ്റുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഇതിൽ 9 എണ്ണം ബിജെപിയുടെയും രണ്ടെണ്ണം ബിഎസ്‍പിയുടെയും സിറ്റിംഗ് സീറ്റുകളാണ്. 

click me!