
ദില്ലി: അസം നിയമസഭാ തെരഞ്ഞെടുപ്പിലെ ഫലം അങ്ങേയറ്റം നിരാശാജനകമാണെന്നും തോൽവിയുടെ പൂർണ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നുവെന്നും അസം കോൺഗ്രസ് അധ്യക്ഷൻ ഗൗരവ് ഗൊഗോയ്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുമായി കോൺഗ്രസ് നടത്തിയ അവലോകന യോഗത്തിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തിരഞ്ഞെടുപ്പ് ഫലം വലിയ നിരാശയുണ്ടാക്കുന്നതാണ്. ഇതിന്റെ പൂർണ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുമെന്ന് നേരത്തെ തന്നെ പറഞ്ഞിട്ടുണ്ടെന്നും ഗൊഗോയ് മാധ്യമങ്ങളോട് പറഞ്ഞു. ഈക്കാര്യം പാർട്ടി ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘സംഘടനയെ പുനഃസംഘടിപ്പിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ ഇനി ഹൈക്കമാൻഡാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. ഞങ്ങൾ ആഭ്യന്തരമായി കാര്യങ്ങൾ വിലയിരുത്താൻ തുടങ്ങിയിട്ടുണ്ട്. അടുത്ത ഒരു മാസത്തിനുള്ളിൽ, 2026-ലെ ഈ ഫലത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ കണ്ടെത്താൻ ഞങ്ങൾ ശ്രമിക്കും’. ഗൊഗോയ് വ്യക്തമാക്കി.
ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ അസമിൽ വൻ വിജയമാണ് നേടിയത്. ഇതോടെ തുടർച്ചയായ മൂന്നാം തവണയാണ് എൻഡിഎ സർക്കാർ അധികാരത്തിലെത്തുന്നത്. 102 സീറ്റുകൾ നേടിയാണ് എൻഡിഎയുടെ വിജയം. ബിജെപി 82 സീറ്റുകൾ നേടിയപ്പോൾ സഖ്യകക്ഷികളായ എജിപി, ബിഒപിഎഫ് എന്നിവർക്ക് 10 സീറ്റുകൾ വീതം ലഭിച്ചു. അതേസമയം, പ്രതിപക്ഷത്തെ പ്രധാന കക്ഷിയായ കോൺഗ്രസിന് 19 സീറ്റുകൾ മാത്രമാണ് നേടാനായത്. റായ്ജോർ ദളിന് 2 സീറ്റും എഐയുഡിഎഫിന് 2 സീറ്റും ലഭിച്ചു. എജെപിക്ക് ഒരു സീറ്റുപോലും നേടാനായില്ല.
നിയമസഭയുടെ കാലാവധി പൂർത്തിയായതിനെ തുടർന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ഗവർണർ ലക്ഷ്മൺ പ്രസാദ് ആചാര്യക്ക് രാജി സമർപ്പിച്ചു. ഇതോടെയാണ് തുടർച്ചയായ മൂന്നാം ബിജെപി സർക്കാരിന് വഴിയൊരുങ്ങിയത്. പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് മെയ് 12-ന് രാവിലെ 11 മണിക്ക് ഗുവാഹത്തിയിലെ ഖാനപാറ ഫീൽഡിൽ നടക്കുമെന്ന് അസം ബിജെപി അധ്യക്ഷൻ ദിലീപ് സൈകിയ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam