
ദില്ലി: കഴിഞ്ഞ ആറു വര്‍ഷത്തിനിടെ യുപിഎ, എന്‍ഡിഎ സര്‍ക്കാറുകള്‍ ജിഡിപി പെരുപ്പിച്ച് കാണിച്ചെന്ന് നരേന്ദ്ര മോദി സര്‍ക്കാറിന്‍റെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം. 2.5 ശതമാനം വരെയാണ് സര്‍ക്കാറുകള്‍ പെരുപ്പിച്ചത്. ഇന്ത്യന്‍ എക്സ്പ്രസ് പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് അരവിന്ദ് സുബ്രഹ്മണ്യം ആരോപണം ഉന്നയിച്ചത്. 2011-12, 2016-17 സാമ്പത്തിക വര്‍ഷങ്ങളില്‍ ശരാശരി വാര്‍ഷിക വളര്‍ച്ച 4.5 ശതമാനമായിരുന്നു. എന്നാല്‍, ഏഴ് ശതമാനം വളര്‍ച്ച കൈവരിച്ചെന്നാണ് സര്‍ക്കാറുകള്‍ ഔദ്യോഗികമായി പുറത്തുവിട്ടതെന്ന് തന്‍റെ ഗവേഷണ പ്രബന്ധത്തെ മുന്‍നിര്‍ത്തി അദ്ദേഹം ആരോപിച്ചു.
അതേസമയം, രാഷ്ട്രീയ നേട്ടത്തിനുവേണ്ടിയല്ല ജിഡിപി പെരുപ്പിച്ചതെന്നും 'രീതിശാസ്ത്രപരമായ മാറ്റ'മായിട്ടാണ് (methodological change)തെറ്റായ കണക്കുകള്‍ പുറത്തുവിടുന്നതിനെ അദ്ദേഹം വിശേഷിപ്പിച്ചത്. രാഷ്ട്രീയ നേതൃത്വങ്ങളില്‍നിന്നല്ല ഈ പ്രവണതയുണ്ടാകുന്നത്. സമീപകാലത്തെ വിവാദങ്ങളുമായി തന്‍റെ പ്രസ്താവനക്ക് ബന്ധമില്ല. രണ്ടാം യുപിഎയുടെ കാലത്ത് ഉന്നത സാങ്കേതിക വിദ്യയുടെ സഹായത്തോടെയായിരുന്നു ജിഡിപി നിര്‍ണയിച്ചത്. അതിനൂതനമായ സാങ്കേതിക വിദ്യയാണ് അവര്‍ ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു. കൃത്യമല്ലാത്ത വിവരങ്ങള്‍ സാമ്പത്തിക പരിഷ്കരണത്തിനും സാമ്പത്തിക സ്ഥിരതക്കും മങ്ങലേല്‍പ്പിക്കും. വളര്‍ച്ച 4.5 ആണെന്നത് കൃത്യമായി അറിയിച്ചെങ്കില്‍ ബാങ്കിംഗ് മേഖലയിലോ കാര്‍ഷിക മേഖലയിലോ പ്രശ്നങ്ങള്‍ പരിഹരിച്ച് നമുക്ക് മുന്നേറാമായിരുന്നു.
ദേശീയവും അന്താരാഷ്ട്രവുമായ സാമ്പത്തിക, സ്ഥിതിവിവരകണക്ക് വിദഗ്ധരെ ഉള്‍പ്പെടുത്തി ജിഡിപി കണക്കാക്കുന്ന രീതി പരിഷ്കരിക്കണമെന്നും അദ്ദേഹം ലേഖനത്തില്‍ പറയുന്നു. യഥാര്‍ത്ഥത്തില്‍ തൊഴിലവസരങ്ങള്‍ കുറഞ്ഞതും സാമ്പത്തിക പ്രതിസന്ധിയും ജിഡിപി വളര്‍ച്ചക്ക് തടസ്സമായിരുന്നു. വളര്‍ച്ച 4.5 ശതമാനമാണെന്ന തിരിച്ചറിവിലാണ് ഇനി ആസൂത്രണം ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. താന്‍ സര്‍ക്കാറിന്‍റെ ഭാഗമായിരുന്ന കാലത്തും സ്ഥിതിവിവരക്കണക്കും യാഥാര്‍ത്ഥ്യവും തമ്മിലുള്ള വ്യത്യാസത്തെ ചോദ്യം ചെയ്തിരുന്നുന്നെന്നും അരവിന്ദ് സുബ്രഹ്മണ്യം വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam