'മണ്ടൻ തീരുമാനം', യുപിയിൽ മാധ്യമ പ്രവർത്തകനെ അറസ്റ്റ് ചെയ്തതിനെതിരെ രാഹുൽ ഗാന്ധി

By Web TeamFirst Published Jun 11, 2019, 11:49 AM IST
Highlights

 മാധ്യമ പ്രവർത്തകനെ വിട്ടയക്കണമെന്ന് രാഹുൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് ആവശ്യപ്പെട്ടു. അറസ്റ്റ് വിവേകമില്ലാത്ത തീരുമാനമെന്നും രാഹുൽ വിമര്‍ശിച്ചു.

ദില്ലി: ഉത്തർപ്രദേശിൽ മാധ്യമ പ്രവർത്തകനെ അറസ്റ്റുചെയ്തതിനെതിരെ രാഹുൽ ഗാന്ധി. മാധ്യമ പ്രവർത്തകനെ വിട്ടയക്കണമെന്ന് രാഹുൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് ആവശ്യപ്പെട്ടു. അറസ്റ്റ് വിവേകമില്ലാത്ത തീരുമാനമെന്നും രാഹുൽ വിമര്‍ശിച്ചു. അതേസമയം, മാധ്യമ പ്രവർത്തകനെ അറസ്റ്റ് ചെയ്തതിനെതിരെയുള്ള കേസ് പരിഗണിച്ച സുപ്രീംകോടതി, പ്രശാന്ത് കനോജിയയെ ഉടൻ വിട്ടയക്കണമെന്ന് നിര്‍ദ്ദേശിച്ചു. 

Also Read: 'ഇതെന്ത് നിയമം?', യുപിയിൽ യോഗി സർക്കാർ അറസ്റ്റ് ചെയ്ത മാധ്യമപ്രവർത്തകനെ ഉടൻ വിട്ടയക്കണമെന്ന് സുപ്രീംകോടതി

If every journalist who files a false report or peddles fake, vicious RSS/BJP sponsored propaganda about me is put in jail, most newspapers/ news channels would face a severe staff shortage.

The UP CM is behaving foolishly & needs to release the arrested journalists. https://t.co/KtHXUXbgKS

— Rahul Gandhi (@RahulGandhi)

പ്രശാന്ത് കനോജിയയെക്കൂടാതെ പ്രാദേശിക ചാനലായ നേഷന്‍ ലൈവിന്‍റെ മേധാവിയായ ഇഷിത സിങ്, എഡിറ്റര്‍ അനുജ് ശുക്ല എന്നിവരെയും യോഗി ആദിത്യനാഥിനെ മോശമായി ചിത്രീകരിക്കുന്ന വീഡിയോ പ്രചരിപ്പിച്ചെന്നാരോപിച്ച് ഉത്തർപ്രദേശ് പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. മാധ്യമപ്രവർത്തകരെ അറസ്റ്റ് ചെയ്ത സംഭവം അഭിപ്രായ സ്വാതന്ത്ര്യത്തിനും പത്രസ്വാതന്ത്ര്യത്തിനും നേർക്കുള്ള കടന്ന് കയറ്റമാണെന്ന് ആരോപിച്ച് മാധ്യമപ്രവർത്തകരുടെ സംഘടനകൾ ഇന്ന് ഉച്ചയ്ക്ക് ദില്ലി പ്രസ്സ് ക്ലബ്ബിന് മുന്നിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. അറസ്റ്റിനെതിരെ വൻപ്രതിഷേധമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. 

യോഗി ആദിത്യനാഥിനെ വിവാഹം കഴിക്കാന്‍ താത്പര്യമുണ്ടെന്ന് യുവതി പറയുന്ന വീഡിയോ ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചതിനാണ് മാധ്യമ പ്രവര്‍ത്തകനായ പ്രശാന്ത് കനോജിയയെ അറസ്റ്റ് ചെയ്തത്. ദില്ലിയിലെ വീട്ടില്‍ നിന്ന് ശനിയാഴ്ചയാണ് പൊലീസ് പ്രശാന്ത് കനോജിയയെ അറസ്റ്റ് ചെയ്തത്. പിന്നീട് ഇയാളെ ലഖ്നൗവിലേക്ക് കൊണ്ടുപോയി. ഐടി ആക്ടിലെ സെക്ഷന്‍ 500,സെക്ഷന്‍ 66 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് കൂടുതല്‍ വകുപ്പുകള്‍ ഇയാള്‍ക്ക് മേല്‍ ചുമത്തുകയായിരുന്നു. ഹസ്രത്ഗഞ്ച് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറുടെ പരാതിയെ തുടര്‍ന്നാണ് നടപടി.  

യോഗി ആദിത്യനാഥിനെ വിവാഹം കഴിക്കണമെന്ന് യുവതി പറയുന്ന ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്തതിനാണ് പ്രാദേശിക ചാനലായ നേഷന്‍ ലൈവിന്‍റെ മേധാവി ഇഷിത സിങിനെയും എഡിറ്റര്‍മാരില്‍ ഒരാളായ അനുജ് ശുക്ലയെയും ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. യോഗി ആദിത്യനാഥുമായി താന്‍ ദീര്‍ഘനേരം വീഡിയോ കാള്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹത്തിന് ഭാവിയില്‍ എന്‍റെ കൂടെ ജീവിക്കാനാഗ്രഹമുണ്ടോ എന്ന് അറിയണമെന്നുമാണ് യുവതി വീഡിയോയില്‍ ആവശ്യപ്പെട്ടുന്നത്. മാനഹാനി വരുത്തുന്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്നാരോപിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്.

click me!