
ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റുന്നതിനുള്ള യാത്രയിൽ നിർണ്ണായക പങ്ക് വഹിക്കുന്നത് ഇന്നത്തെ യുവതലമുറയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന 'വീർ ബാൽ ദിവസ്' ആഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തുള്ള ജെൻസി, 'ജനറേഷൻ ആൽഫ' എന്നീ വിഭാഗങ്ങളിൽപ്പെടുന്ന യുവാക്കളുടെ കഴിവിൽ തനിക്ക് പൂർണ്ണ വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്നത്തെ കുട്ടികളുടെയും യുവാക്കളുടെയും ആത്മവിശ്വാസവും കാര്യപ്രാപ്തിയും കാണുമ്പോൾ തനിക്ക് ആത്ഭുതം തോന്നുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. "ഒരു കുട്ടി ജ്ഞാനമുള്ള കാര്യങ്ങൾ സംസാരിക്കുകയാണെങ്കിൽ അത് സ്വീകരിക്കണം" എന്ന ചൊല്ല് ഉദ്ധരിച്ച അദ്ദേഹം, മഹത്വം എന്നത് പ്രായത്തിലല്ല മറിച്ച് ഒരാളുടെ പ്രവൃത്തികളിലും നേട്ടങ്ങളിലുമാണെന്ന് ഓർമ്മിപ്പിച്ചു. ഇന്നത്തെ തലമുറ കൈവരിക്കുന്ന നേട്ടങ്ങൾ ഒരു തുടക്കം മാത്രമാണെന്നും, ആകാശത്തോളം വലിയ സ്വപ്നങ്ങൾ കാണാൻ അവർക്ക് സാധിക്കണമെന്നും മോദി പറഞ്ഞു.
യുവാക്കൾക്ക് സ്വപ്നം കാണാൻ പോലും പറ്റാത്ത ഒരു നിരാശാജനകമായ സാഹചര്യം മുൻകാലങ്ങളിൽ ഇന്ത്യയിൽ ഉണ്ടായിരുന്നു. എന്നാൽ ഇന്ന് ആ സാഹചര്യം മാറി. രാജ്യം യുവ പ്രതിഭകളെ തേടിപ്പിടിക്കുകയും അവർക്ക് മതിയായ വേദികൾ ഒരുക്കുകയും ചെയ്യുന്നു. അതിനായി തുടങ്ങിയ സ്റ്റാർട്ടപ്പ് ഇന്ത്യ, ഖേലോ ഇന്ത്യ, ഡിജിറ്റൽ ഇന്ത്യ എന്നി പദ്ധതികൾ യുവാക്കളുടെ ശാസ്ത്ര-സാങ്കേതിക-കായിക അഭിരുചികളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്- പ്രധാനമന്ത്രി.
രാജ്യത്തിന്റെ എല്ലാ വികസന പദ്ധതികളുടെയും കേന്ദ്രബിന്ദു യുവാക്കളാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്പേസ് ഇക്കോണമി, ഫിൻടെക്, മാനുഫാക്ചറിംഗ് തുടങ്ങി എല്ലാ മേഖലകളിലും പുതിയ അവസരങ്ങൾ തുറന്നിരിക്കുകയാണ്. 'മേരാ യുവ ഭാരത്' പോലുള്ള പ്ലാറ്റ്‌ഫോമുകൾ വഴി യുവാക്കളെ ഏകോപിപ്പിക്കാനും അവർക്ക് നേതൃപാടവം നൽകാനുമുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു. 140 കോടി ജനങ്ങളുടെ ശക്തി യുവതയുടെ ആഗ്രഹങ്ങൾക്കൊപ്പം അണിനിരക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനിടയിൽ യുവതലമുറയ്ക്ക് പ്രധാനമന്ത്രി ഒരു മുന്നറിയിപ്പും നൽകി. ചുരുങ്ങിയ കാലയളവിൽ ലഭിക്കുന്ന പ്രശസ്തിയുടെയും തിളക്കത്തിന്റെയും പിന്നാലെ പോയി കെണിയിൽ അകപ്പെടരുത്. കൃത്യമായ തത്വങ്ങളും ചിന്താപരമായ വ്യക്തതയും കാത്തുസൂക്ഷിക്കണം. രാജ്യത്തെ മഹദ്‌വ്യക്തികളുടെ ജീവിതത്തിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളണമെന്നും ഓരോരുത്തരുടെയും വിജയം രാജ്യത്തിന്റെ വിജയമായി മാറണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
സിഖ് ഗുരു ഗോവിന്ദ് സിംഗിന്റെ പുത്രന്മാരായ സാഹിബ്സാദ ബാബ സൊരാവർ സിംഗ്, ബാബ ഫത്തേ സിംഗ് എന്നിവരുടെ രക്തസാക്ഷിത്വത്തിന്റെ സ്മരണാർത്ഥമാണ് ഡിസംബർ 26 'വീർ ബാൽ ദിവസ്' ആയി ആചരിക്കുന്നത്. 2022-ലാണ് പ്രധാനമന്ത്രി ഈ ദിനം പ്രഖ്യാപിച്ചത്. ഇവരുടെ സമാനതകളില്ലാത്ത ത്യാഗം വരുംതലമുറകൾക്ക് വലിയ പ്രചോദനമാണെന്ന് പ്രധാനമന്ത്രി ചടങ്ങിൽ അനുസ്മരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam