പ്രതിരോധസേനകളുടെ സമ്പൂര്‍ണ വികസനം ലക്ഷ്യം: ജനറല്‍ ബിപിന്‍ റാവത്ത്

By Web TeamFirst Published Dec 31, 2019, 2:58 PM IST
Highlights

 കരസേന നൽകിയ യാത്രയയപ്പിലാണ് പുതിയ ചുമതലയെക്കുറിച്ച് ജനറൽ ബിപിൻ റാവത്ത് പ്രതികരിച്ചത്. പുതിയ കരസേന മേധാവിയായി ലെഫ്. ജനറൽ മനോജ് മുകുന്ദ് നരവനെ  ചുമതലയേറ്റു.

ദില്ലി: പ്രതിരോധ സേനകളുടെ സമ്പൂർണ്ണ വികസനത്തിന് പദ്ധതികൾ ആവിഷ്ക്കരിക്കുമെന്ന് ആദ്യ സംയുക്ത സേനാ മേധാവിയാകുന്ന ജനറൽ ബിപിൻ റാവത്ത് പറഞ്ഞു.  കരസേന നൽകിയ യാത്രയയപ്പിലാണ് പുതിയ ചുമതലയെക്കുറിച്ച് ജനറൽ ബിപിൻ റാവത്ത് പ്രതികരിച്ചത്. പുതിയ കരസേന മേധാവിയായി ലെഫ്. ജനറൽ മനോജ് മുകുന്ദ് നരവനെ  ചുമതലയേറ്റു.

മ്യാൻമറിലും പാക് അധീന കശ്മീലിലും നടത്തിയ മൂന്ന് മിന്നലാക്രമണങ്ങൾ, പൗരത്വനിയമഭേദഗതി, ജമ്മുകശ്മീരിന്‍റെ വിഭജനം തുടങ്ങിയ രാഷ്ട്രീയ തീരുമാനങ്ങളിലെ  പ്രസ്താവനകൾ തുടങ്ങിയവ ഉണ്ടായ  സംഭവബഹുലമായ മൂന്ന് വര്‍ഷത്തിന് ശേഷമാണ് കരസേനയുടെ തലപ്പത്ത് നിന്ന് ജനറൽ ബിപിൻ റാവത്ത് വിരമിച്ചത്. പുതിയ കരസേന മേധാവി ലെഫ്.ജനറൽ എം.എം.നരവനേക്ക് അദ്ദേഹം ചുമതല കൈമാറി.

രാവിലെ പ്രതിരോധ മന്ത്രാലയത്തിൽ ഔദ്യോഗിക യാത്രയയപ്പ് നടന്നു. ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച ശേഷമായിരുന്നു  സംയുക്ത സേനാമേധാവിയാകുന്നതിനെ കുറിച്ച്  ജനറൽ റാവത്തിന്‍റെ പ്രതികരണം. ചുമതല ഏറ്റെടുത്ത ശേഷം പുതിയ പദ്ധതികൾ ആലോചിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കര,നാവിക,വ്യോമ സേനകളുടെ ഏകോപനം, സേനകൾക്കായുള്ള പൊതു തന്ത്രത്തിന് രൂപം നല്കൽ , സൈന്യത്തിന്‍റെ ആധുനികവത്കരണം തുടങ്ങിയ ഉത്തരവാദിത്തങ്ങളാകും സംയുക്ത സേനാമേധാവിക്ക് ഉണ്ടാകുക. പ്രതിരോധ സെക്രട്ടറി റാങ്കിലാകും നിയമനം. 

പുതിയ കരസേന മേധാവിയായി ചുമതലയേറ്റ ലെഫ്. ജനറൽ എം.എം.നരവനയെ ബിപിൻ റാവത്ത് അഭിനന്ദിച്ചു. മഹാരാഷ്ട്രയിൽ നിന്നുള്ള ജനറൽ നരവനെ 1980ൽ ഏഴാം സിഖ് ലൈറ്റ് ഇൻഫെന്‍ററിയിലൂടെയാണ് കരസേനയിൽ എത്തുന്നത്. അസം റൈഫിൾസിന്‍റെ കമാണ്ടന്‍റായും സേവനം അനുഷ്ടിച്ചു.

Read Also: ജനറല്‍ ബിപിൻ റാവത്ത് കരസേന മേധാവി സ്ഥാനമൊഴിഞ്ഞു

 

click me!