ദില്ലി: ജനറല്‍ ബിപിൻ റാവത്ത് കരസേന മേധാവി സ്ഥാനമൊഴിഞ്ഞു. കരസേന മേധാവി എന്നത് വലിയ ഉത്തരവാദിത്തമായിരുന്നുവെന്ന്  ജനറൽ ബിപിൻ റാവത്ത് പറഞ്ഞു. പുതിയ കരസേനമേധാവിയായി ചുമതലയേല്‍ക്കുന്ന ജനറൽ എംഎം നരവനെക്ക് അദ്ദേഹം അഭിനന്ദനം അറയിച്ചു. ബിപിൻ റാവത്ത് എന്ന പേരല്ല സൈന്യമാണ് ഏറ്റവും മുകളിലെന്ന് അദ്ദേഹം  പ്രതികരിച്ചു.

2016 ഡിസംബർ 31 നായിരുന്നു അദ്ദേഹം കരസേന മേധാവി ആയി ചുമതലയേറ്റത്.  ഇന്ത്യയുടെ ആദ്യത്തെ സംയുക്ത സേന മേധാവിയായി ബിപിൻ റാവത്തിനെ കഴിഞ്ഞ ദിവസം തെരഞ്ഞെടുത്തിരുന്നു. രാഷ്ട്രപതിക്ക് കീഴിൽ മൂന്ന് സേനകളും തമ്മിലുള്ള ഏകോപനച്ചുമതല ഇനി മുതൽ ഇദ്ദേഹത്തിനായിരിക്കും.  ഫോർ സ്റ്റാർ ജനറൽ പദവിയിലാകും സംയുക്ത സേന മേധാവിയുടെ നിയമനം. 65 വയസ് വരെ പ്രായമുള്ളവര്‍ക്കെ ഈ പദവിയിലെത്താനാവൂ. മൂന്ന് വര്‍ഷമാണ് കാലാവധി. പ്രതിരോധമന്ത്രിയുടെ പ്രിൻസിപ്പൽ മിലിട്ടറി ഉപദേശകനും ഇനി ബിപിൻ റാവത്തായിരിക്കും.