'ഗെറ്റ് ഔട്ട് രവി'! തമിഴ്നാട് ഗവർണറോട് ഡിഎംകെ, ചെന്നൈ നഗരത്തിൽ ബാനറുകൾ വെച്ചു, ട്വിറ്ററിലും ട്രെന്റിങ്

Published : Jan 10, 2023, 11:45 AM IST
'ഗെറ്റ് ഔട്ട് രവി'! തമിഴ്നാട് ഗവർണറോട് ഡിഎംകെ, ചെന്നൈ നഗരത്തിൽ ബാനറുകൾ വെച്ചു, ട്വിറ്ററിലും ട്രെന്റിങ്

Synopsis

തമിഴ്നാടിന് പകരം തമിഴകം എന്ന പേര് ഉപയോഗിക്കണമെന്ന ഗവർണറുടെ അഭിപ്രായം വിവാദമായിരുന്നു. ഇതേച്ചൊല്ലി ഇന്നലെ ഭരണസഖ്യം അംഗങ്ങൾ ഗവർണർക്കെതിരെ പ്രതിഷേധിച്ചിരുന്നു

തിരുവനന്തപുരം: തമിഴ്നാട്ടിൽ സംസ്ഥാന സർക്കാരും ഗവർണർ ആർഎൻ രവിയും തമ്മിലെ പോര് മൂർച്ഛിച്ചു. വിട്ടുവീഴ്ചയ്ക്ക് തയ്യാറാവാതെയാണ് ഇരുപക്ഷവും മുന്നോട്ട് പോകുന്നത്. ഇതിന്റെ ഭാഗമായി ചെന്നൈ നഗരത്തിൽ 'ഗെറ്റ് ഔട്ട് രവി' എന്നെഴുതിയ ബാനറുകൾ ഡിഎംകെ പ്രവർത്തകർ സ്ഥാപിച്ചു. 

പൊങ്കൽ വിരുന്നിന്റെ ക്ഷണക്കത്തിൽ തമിഴ്നാട് സർക്കാരിന്റെ മുദ്ര ഗവർണർ പതിച്ചില്ല. പകരം കത്തിൽ സ്വയം അഭിസംബോധന ചെയ്യുന്നത് 'തമിഴക ഗവർണർ' എന്നാണ്. തമിഴ്നാടിന് പകരം തമിഴകം എന്ന പേര് ഉപയോഗിക്കണമെന്ന ഗവർണറുടെ അഭിപ്രായം വിവാദമായിരുന്നു. ഇതേച്ചൊല്ലി ഇന്നലെ ഭരണസഖ്യം അംഗങ്ങൾ ഗവർണർക്കെതിരെ പ്രതിഷേധിച്ചിരുന്നു. #getoutravi ഹാഷ്ടാഗ് ട്വിറ്ററടക്കം സമൂഹ മാധ്യമങ്ങളിലും ഡിഎംകെ പ്രവർത്തകർ പ്രചരിപ്പിക്കുന്നുണ്ട്.


ഇന്നലെ തമിഴ്നാട് നിയമസഭയിൽ നിന്ന് ഗവർണർ ആർ എൻ രവി ഇറങ്ങിപ്പോയിരുന്നു. നയപ്രഖ്യാപന പ്രസംഗത്തിനിടെയാണ് അസാധാരണ സംഭവങ്ങൾ നടന്നത്. പ്രസംഗം പൂർണമായി വായിക്കാത്തതിനെതിരെ സർക്കാർ ഗവർണർക്കെതിരെ പ്രമേയം പാസാക്കിയപ്പോഴായിരുന്നു ഗവർണറുടെ ഇറങ്ങിപ്പോക്ക്. ദ്രാവിഡ മോഡൽ ഭരണമാണ് ഡിഎംകെ സർക്കാർ ലക്ഷ്യമിടുന്നത് എന്നതടക്കമുള്ള നയപ്രഖ്യാപന പ്രസംഗത്തിലെ രാഷ്ട്രീയ നയം വിശദമാക്കുന്ന ഭാഗം ഗവർണർ സഭയിൽ വായിച്ചില്ല. ഗവർണറുടെ സാന്നിദ്ധ്യത്തിൽ തന്നെ ഇതിനെ വിമർശിക്കാൻ മുഖ്യമന്ത്രി സ്റ്റാലിൻ തയ്യാറായി. 
മേശപ്പുറത്ത് വച്ച നയപ്രഖ്യാപന പ്രസംഗം പൂർണരൂപത്തിൽ തന്നെ രേഖകളിൽ ഉൾപ്പെടുത്തണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി  പ്രമേയവും അവതരിപ്പിച്ചു. പ്രസംഗം പൂർണമായി വായിക്കാത്ത ഗവർണറുടെ നടപടി സർക്കാർ നയത്തിനും സഭാ നിയമങ്ങൾക്കും വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രമേയം പാസാക്കാനാണ് സർക്കാർ നീക്കം എന്ന് മനസ്സിലായതോടെ ഗവർണർ ആർഎൻ രവി  നടപടിക്രമങ്ങൾ അവസാനിക്കും മുമ്പ് ധൃതിയിൽ സഭ വിട്ടിറങ്ങി.

രാവിലെ നയ പ്രഖ്യാപന പ്രസംഗം തുടങ്ങിയപ്പോൾ മുതൽ ഭരണമുന്നണി ബെഞ്ചുകളിൽ നിന്ന് പ്രതിഷേധം ഉയർന്നു. ഗവർണർ വിഭജനത്തിന്‍റെ രാഷ്ട്രീയം സംസാരിക്കുന്നു എന്നാരോപിച്ചായിരുന്നു കോൺഗ്രസ്, സിപിഎം, സിപിഐ, വിസികെ അടക്കമുള്ള ഭരണ സഖ്യത്തിലെ കക്ഷികളുടെ സഭ ബഹിഷ്കരണം. ഡിഎംകെ അംഗങ്ങൾ മുദ്രാവാക്യം മുഴക്കിയതിന് ശേഷം സഭയിൽ തുടരുകയായിരുന്നു.

PREV
Read more Articles on
click me!

Recommended Stories

'ഭ‌‌ർത്താവിനെയും സഹോദരിയയും കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു, ഇതിന് ശിക്ഷയായി സാനിറ്റൈസ‍ർ കുടിപ്പിച്ചു'; പരാതി നൽകി വനിതാ കോൺസ്റ്റബിൾ
ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഗ്രിൽ ചെയ്യാൻ വിറകും കൽക്കരിയും വേണ്ട; വ്യാപാര സ്ഥാപനങ്ങൾക്ക് കർശന നിർദേശവുമായി ദില്ലി പൊല്യൂഷൻ കൺട്രോൾ കമ്മിറ്റി