ഹോസ്റ്റലിലെ പ്രേതക്കഥ, വിദ്യാർഥിനികളെ കാണാനില്ലെന്ന് അഭ്യൂഹം, പീഡനാരോപണവും; സംഘർഷഭരിതമായി പഞ്ചാബിലെ രണ്ട് ക്യാമ്പസുകൾ; അന്വേഷണം

Published : Sep 28, 2026, 09:07 PM IST
LPU PROTEST PUNJAB

Synopsis

സെപ്റ്റംബർ 25-നാണ് ചിത്കര സർവകലാശാല ക്യാമ്പസിൽ വിദ്യാർഥി പ്രതിഷേധവും പിന്നാലെ സംഘർഷവുമുണ്ടായത്. 26,27 തീയതികളിലായി എൽപിയു ക്യാമ്പസിലും വിദ്യാർഥികളുടെ പ്രതിഷേധവും അക്രമസംഭവങ്ങളുമുണ്ടായി. ഈ രണ്ട് ക്യാമ്പസുകളിലും വിദ്യാർഥി പ്രതിഷേധത്തിന് കാരണമായത് ചില വ്യാജ പ്രചാരണങ്ങളും സ്ഥിരീകരിക്കാത്ത ലൈം​ഗികാരോപണങ്ങളുമാണെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട്.

ചണ്ഡീ​ഗഢ്: പഞ്ചാബിലെ രണ്ട് സർവകലാശാല ക്യാമ്പസുകളിലുണ്ടായ സംഘർഷത്തിൽ കൂടുതൽവിവരങ്ങൾ പുറത്ത്. രാജ്പുരയ്ക്ക് സമീപത്തെ ചിത്കര സർവകലാശാല, ജലന്ധറിലെ ലവ്ലി പ്രൊഫഷണൽ സർവകലാശാല(എൽപിയു) എന്നിവിടങ്ങളിലുണ്ടായ സംഘർഷങ്ങൾ സംബന്ധിച്ചാണ് ദേശീയമാധ്യമങ്ങൾ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടത്.

സെപ്റ്റംബർ 25-നാണ് ചിത്കര സർവകലാശാല ക്യാമ്പസിൽ വിദ്യാർഥി പ്രതിഷേധവും പിന്നാലെ സംഘർഷവുമുണ്ടായത്. 26,27 തീയതികളിലായി എൽപിയു ക്യാമ്പസിലും വിദ്യാർഥികളുടെ പ്രതിഷേധവും അക്രമസംഭവങ്ങളുമുണ്ടായി. 140 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്ന ഈ രണ്ട് ക്യാമ്പസുകളിലും വിദ്യാർഥി പ്രതിഷേധത്തിന് കാരണമായത് ചില വ്യാജ പ്രചാരണങ്ങളും സ്ഥിരീകരിക്കാത്ത ലൈം​ഗികാരോപണങ്ങളുമാണെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട്.

ഹോസ്റ്റലിലെ പ്രേതബാധ, അഭ്യൂഹം...

വനിതാ ഹോസ്റ്റലിൽ പ്രേതബാധയുണ്ടെന്ന അഭ്യൂഹങ്ങളും ഇതിനുപിന്നാലെ വിദ്യാർഥിനികൾ സുരക്ഷിതരല്ലെന്ന പ്രചാരണവുമാണ് ചിത്കര സർവകലാശാലയിലെ വിദ്യാർഥി പ്രതിഷേധത്തിന് കാരണമായത്. സെപ്റ്റംബർ 23 മുതലാണ് ഹോസ്റ്റലിലെ പ്രേതബാധയെക്കുറിച്ചുള്ള അഭ്യൂഹം ശക്തമായത്. മൂന്നുവർഷം മുൻപ് ഹോസ്റ്റലിൽ ജീവനൊടുക്കിയ ഒരു വിദ്യാർഥിനിയുടെ പ്രേതം ഹോസ്റ്റലിലുണ്ടെന്നായിരുന്നു അഭ്യൂഹം. ഇതിനിടെ, ചില വിദ്യാർഥിനികൾ സ്പീക്കറിലൂടെ ഭയപ്പെടുത്തുന്ന ചില ശബ്ദങ്ങൾ കേൾപ്പിച്ചതും അഭ്യൂഹങ്ങൾക്ക് ശക്തിപകർന്നു. തുടർന്ന് വാർഡന്റെ നേതൃത്വത്തിൽ മുറികളിലെല്ലാം പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ലെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ, സെപ്റ്റംബർ 24-ന് പുലർച്ചെ ക്യാമ്പസിലേക്ക് ഒരു ആംബുലൻസ് വന്നതും ഒരു പുരോഹിതൻ ക്യാമ്പസിലെത്തിയതും അഭ്യൂഹങ്ങൾക്ക് ആക്കംകൂട്ടി. ഹോസ്റ്റലിൽ പെൺകുട്ടി ജീവനൊടുക്കിയൊന്നും ഹോസ്റ്റലിലെ ചില വിദ്യാർഥിനികളെ കാണാനില്ലെന്നും സാമൂഹികമാധ്യമങ്ങളിൽ വ്യാജ പ്രചാരണങ്ങളുണ്ടായി. ഇതോടെ വിദ്യാർഥികൾ ഒന്നടങ്കം ക്യാമ്പസിൽ പ്രതിഷേധിച്ചു. പൊലീസും സ്ഥലത്തെത്തി. പിന്നാലെ വിദ്യാർഥികൾ പൊലീസിനെതിരേ തിരിഞ്ഞു. പൊലീസ് വാഹനങ്ങൾ തകർത്തു. ക്യാമ്പസിലെ പല വസ്തുക്കളും അടിച്ചുതകർത്തു. പൊലീസിന് നേരേയും കൈയേറ്റമുണ്ടായി.

അതേസമയം, പെൺകുട്ടികളെ കാണാനില്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞെങ്കിലും കാണാതായവരുടെ പേരോ വിവരങ്ങളോ ചിത്രങ്ങളോ ഇവർക്ക് നൽകാനായില്ലെന്ന് പൊലീസ് പറഞ്ഞു. കാണാതായെന്ന് പറയുന്ന വിദ്യാർഥിനികളെ തിരിച്ചറിയാൻ കഴിയുന്ന ഒരുവിവരങ്ങളും പ്രതിഷേധക്കാർക്ക് നൽകാനായില്ല. ചില വ്യാജപ്രചാരണങ്ങളെത്തുടർന്നാണ് വിദ്യാർഥികൾ അക്രമാസക്തരായതെന്നും പൊലീസ് പറഞ്ഞു.

ആശുപത്രിയിൽ കൊണ്ടുപോയ ഒരു വിദ്യാർഥിനിയെ തിരികെ ഹോസ്റ്റലിലേക്ക് ആംബുലൻസിൽ കൊണ്ടുവന്നതാണെന്നാണ് സർവകലാശാല അധികൃതരുടെയും പൊലീസിന്റെയും വിശദീകരണം. ക്യാമ്പസിൽ പഠിക്കുന്ന വിദ്യാർഥിനിയുടെ പിതാവാണ് സ്ഥലത്തെത്തിയ പുരോഹിതനെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം, വ്യാജ പ്രചാരണങ്ങളുടെ ഉറവിടം സംബന്ധിച്ചും ക്യാമ്പസിലെ അക്രമസംഭവങ്ങളിലും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

എൽപിയുവിൽ ലൈം​ഗികാതിക്രമ ആരോപണം...

വനിതാ ഹോസ്റ്റലിൽ ഒരു വിദ്യാർഥിനി ലൈം​ഗികാതിക്രമത്തിനിരയായെന്ന ആരോപണമാണ് ലവ്ലി പ്രൊഫണഷൽ യൂണിവേഴ്സിറ്റി(എൽപിയു)യിലെ പ്രതിഷേധത്തിന് കാരണമായത്. പെയിന്റിങ് തൊഴിലാളിയോ ഇലക്ട്രീഷ്യനോ ആണ് പെൺകുട്ടിയെ ലൈം​ഗികമായി പീഡിപ്പിച്ചതെന്നും ആരോപണമുണ്ടായി. പീഡനത്തിനിരയായ പെൺകുട്ടി തിരികെ വീട്ടിലേക്ക് പോയെന്നും തുടർന്ന് ജീവനൊടുക്കിയെന്നും പ്രചാരണമുണ്ടായി. ഇതോടെയാണ് വിദ്യാർഥികൾ പ്രതിഷേധവുമായി രം​ഗത്തിറങ്ങിയത്. ക്യാമ്പസിലെ വാഹനങ്ങളും പൊലീസ് വാഹനങ്ങളും ഫർണീച്ചറുകളുമെല്ലാം വിദ്യാർഥികൾ അടിച്ചുതകർത്തു. പിന്നാലെ ക്യാമ്പസിന് പുറത്തേക്കും സംഘർഷം വ്യാപിച്ചു. ജലന്ധർ-ഫ​ഗ്വാര ഹൈവേ വിദ്യാർഥികൾ ഉപരോധിച്ചു. പൊലീസിന് നേരേ കല്ലേറുണ്ടായി. തുടർന്ന് പൊലീസ് ലാത്തിച്ചാർജും നടത്തി.

എൽപിയുവിലെ ലൈം​ഗികാതിക്രമ പരാതിയിൽ കപൂർത്തല പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, ആരെയും പ്രതിചേർത്തിട്ടില്ല. ലൈം​ഗികാതിക്രമം നടന്നോ എന്നതും സ്ഥിരീകരിക്കാനായിട്ടില്ല. കേസിൽ അന്വേഷണത്തിനായി പ്രത്യേക സംഘത്തെയും നിയോ​ഗിച്ചിട്ടുണ്ട്.

അതിനിടെ, ഹോസ്റ്റലിൽ യാതൊരു അതിക്രമങ്ങളും നടന്നിട്ടില്ലെന്ന് വിശദീകരിച്ച് എൽപിയു അധികൃതർ ചില വിദ്യാർഥിനികളുടെ വീഡിയോ പുറത്തുവിട്ടിരുന്നു. ഈ വീഡിയോയും പിന്നീട് വിവാദമായി. എൽപിയു അധികൃതരുടെ നിർദേശപ്രകാരമാണ് വീഡിയോയിൽ സംസാരിച്ചതെന്നും എഡിറ്റ് ചെയ്ത് തങ്ങളുടെ അനുമതിയില്ലാതെയാണ് വീഡിയോ പ്രസിദ്ധീകരിച്ചതെന്നും വീഡിയോയിലുള്ള വിദ്യാർഥികൾ പിന്നീട് ആരോപിച്ചു. അതേസമയം, വിദ്യാർഥി പ്രതിഷേധത്തെത്തുടർന്നും സംഘർഷസാഹചര്യങ്ങളും കണക്കിലെടുത്ത് രണ്ട് സർവകലാശാലകളിലും ക്ലാസുകൾ താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. എൽപിയു ക്യാമ്പസിന്റെ നിയന്ത്രണം പൊലീസ് ഏറ്റെടുക്കുകയും ചെയ്തു. രണ്ട് ക്യാമ്പസുകളിലുണ്ടായ സംഭവങ്ങളിലും പൊലീസ് വിശദമായ അന്വേഷണമാണ് നടത്തുന്നത്. രണ്ടിടങ്ങളിലെയും അക്രമസംഭവങ്ങൾക്ക് എന്തെങ്കിലും ബന്ധമുണ്ടോ എന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഭാര്യയുമായി വഴക്കിട്ടശേഷം കിടന്നുറങ്ങി, പുലർച്ചെ ഭർത്താവിനെ കഴുത്തിൽ ഇടിച്ച് കൊലപ്പെടുത്തി ഭാര്യ; സംഭവം ഹൈദരാബാദിൽ
കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോ​ഗം: നിയന്ത്രണം വേണമെന്നും കേന്ദ്രം ചട്ടങ്ങൾ കൊണ്ടുവരണമെന്നും സുപ്രീം കോടതി