
ദില്ലി: പോള്‍ ചെയ്ത വോട്ടും എണ്ണിയ വോട്ടും തമ്മില്‍ വ്യത്യാസം ക്രമക്കേടാണെന്ന ആരോപണത്തില്‍ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. തെരഞ്ഞെടുപ്പിന് വോട്ട് ചെയ്തവരില്‍ പ്രേതങ്ങളില്ലെന്നും മനുഷ്യര്‍ തന്നെയാണെന്നും കമ്മീഷന്‍ പറയുന്നു. കമ്മീഷന്‍റെ സൈറ്റിലെ വിവരങ്ങള്‍ പ്രകാരം പോള്‍ ചെയ്ത വോട്ടുകളേക്കാള്‍ കുറച്ച് എണ്ണിയതും കൂടുതല്‍ എണ്ണിയതുമായ ഇടങ്ങളില്‍ ക്രമക്കേടുണ്ടെന്നായിരുന്നു ആരോപണം.
കമ്മീഷന്‍ പുറത്തുവിട്ട മണ്ഡലം തിരിച്ചുള്ള എണ്ണിയ വോട്ടുകളുടെ നമ്പറും നേരത്തെ പോള്‍ ചെയ്തതായി കമ്മീഷന്‍ സൈറ്റില്‍ കാണിക്കുന്ന നമ്പറും തമ്മില്‍ വ്യത്യാസം കണ്ടെത്തിയിരുന്നു. ഇത്തരത്തില്‍ 373 മണ്ഡലങ്ങളില്‍ വ്യത്യാസം കണ്ടതായി ദി ക്വിന്‍റ് അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുകയും ചെയ്തു. വോട്ടുകള്‍ കൂടുതല്‍ വന്നതിനെ റിപ്പോര്‍ട്ടില്‍ "ഗോസ്റ്റ് വോട്ട്' പ്രേത വോട്ടുകള്‍ എന്നായിരുന്നു വിശേഷിപ്പിച്ചത്.
എന്നാല്‍ വെബ്സൈറ്റിലെ നേരത്തെയുള്ള കണക്കുകള്‍ താല്‍ക്കാലികമാണെന്നും മാറ്റങ്ങള്‍ക്ക് വിധേയമാണെന്നും ഇലക്ഷന്‍ കമ്മീഷന്‍ വ്യക്തമാക്കുന്നു. കൃത്യമായ കണക്കെടുപ്പിന് ശേഷം അന്തിമമായ കണക്കുകള്‍ വൈകാതെ പുറത്തുവിടും. അന്തിമ കണക്കുകള്‍ ഒരോ റിട്ടേണിങ് ഓഫീസര്‍മാരില്‍ നിന്നും ശേഖരിച്ച് പ്രസിദ്ധീകരിക്കാന്‍ സമയമെടുക്കും.
2014ലെ തെരഞ്ഞെടുപ്പിന് ശേഷം അന്തിമ കണക്കുകള്‍ പുറത്തുവിടാന്‍ മൂന്ന് മാസംവരെ എടുത്തിരുന്നതായും കമ്മീഷന്‍ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. എന്നാല്‍ അധികം താമസമില്ലാതെ ഈ കണക്കുകള്‍ പുറത്തുവിടുമെന്നും കമ്മീഷന്‍ വ്യക്തമാക്കുന്നു.
373 സീറ്റുകളിൽ പോൾ ചെയ്ത വോട്ടുകളും എണ്ണിയ വോട്ടുകളും യോജിക്കുന്നില്ലെന്നായിരുന്നു ആരോപണം. തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് 12,14,086 വോട്ടുകളാണ് പോൾ ചെയതതെന്ന് സൈറ്റിലെ കണക്കുകള്‍. എന്നാൽ പുതിയ കണക്കുകളില്‍ ഇവിടെ ആകെ എണ്ണിയത് 12,32,417 വോട്ടുകളാണ്. 18,331 വോട്ടുകളുടെ വ്യത്യാസമുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. സമാനമായി ധർമപുരി മണ്ഡലം, ഉത്തർപ്രദേശിലെ മഥുര, ബിഹാറിലെ ഔറംഗബാദ് മണ്ഡലം എന്നിവിടങ്ങളിലെ കണക്കുകളും വാര്‍ത്തയില്‍ പരാമര്‍ശിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam