'വോട്ടുബാങ്കിനായി ഒരു സംസ്ഥാനത്തെ കൊന്നു', വികാര നിർഭരമായ പ്രസംഗവുമായി ഗുലാം നബി

By Web TeamFirst Published Aug 5, 2019, 3:34 PM IST
Highlights

കശ്മീരിലെ ജനത്തിന്‍റെ സഹായമില്ലാതെ പാക്കിസ്ഥാനുമായും ചൈനയുമായി എതിരിട്ട് ജയിക്കാൻ കഴിയുമായിരുന്നില്ല. അവരുടെ സഹായമുള്ളത് കൊണ്ട് തന്നെയാണ് വിജയിക്കാനായത്. മതേതര ഇന്ത്യക്കൊപ്പം നിൽക്കാനാണ് കശ്മീരിലെ ജനം ആഗ്രഹിച്ചത്. ഗുലാം നബി ആസാദ് പറയുന്നു. 

ദില്ലി: അധികാരത്തിന്‍റെ ഹുങ്കിൽ ബിജെപി എടുത്ത തീരുമാനം ഭാരതത്തിന്‍റെ ചരിത്രത്തിൽ കറുത്ത ലിപികളാൽ എഴുതപ്പെടുമെന്ന് ജമ്മു കശ്മീരിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. വോട്ടുബാങ്ക് ലക്ഷ്യമിട്ട് ഒരു സംസ്ഥാനത്തെ തന്നെയാണ് ബിജെപി ഇല്ലാതാക്കിയതെന്നും മതേതര പാർട്ടികൾ ഇതിനെതിരെ നിലകൊള്ളണമെന്നും ഗുലാം നബി ആസാദ് ആവശ്യപ്പെട്ടു. 

നിയമം കൊണ്ടല്ല രാജ്യം കൂട്ടിച്ചേർക്കുന്നതെന്നും ജനങ്ങളുടെ വിശ്വാസം നേടിയെടുത്ത് കൊണ്ട് മാത്രമേ അത് സാധിക്കുകയുള്ളൂവെന്നും രാജ്യസഭയിലെ പ്രസംഗത്തിൽ ഗുലാം നബി ആസാദ് ഓർമ്മിപ്പിച്ചു. ജമ്മു കശ്മീരിലെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ എപ്പോഴും സൈന്യവുമായി ചേർന്ന് പ്രവർത്തിക്കുകയേ ചെയ്തിട്ടുള്ളൂവെന്ന് പറഞ്ഞ അദ്ദേഹം പാക്കിസ്ഥാനോടും ചൈനയോടും സൈന്യവും ജനവും ഒരുമിച്ചാണ് എതിരിട്ടതെന്നും ഓർമ്മിപ്പിച്ചു. 

കശ്മീരിലെ ജനത്തിന്‍റെ സഹായമില്ലാതെ പാക്കിസ്ഥാനുമായും ചൈനയുമായി എതിരിട്ട് ജയിക്കാൻ കഴിയുമായിരുന്നില്ല. അവരുടെ സഹായമുള്ളത് കൊണ്ട് തന്നെയാണ് വിജയിക്കാനായത്. മതേതര ഇന്ത്യക്കൊപ്പം നിൽക്കാനാണ് കശ്മീരിലെ ജനം ആഗ്രഹിച്ചത്. ഗുലാം നബി ആസാദ് പറയുന്നു. 

പ്രധാനമന്ത്രിയിൽ നിന്ന് മുഖ്യമന്ത്രിയിലേക്കും അവിടെ നിന്ന് ലഫ്. ഗവർണറിലേക്കും കശ്മീരിനെ ചുരുക്കുകയാണുണ്ടായത്.  ഗവർണറെ വെറും ക്ലർക്കാക്കി മാറ്റി. ജമ്മു കശ്മീരെന്ന സംസ്ഥാനത്തി‍ന്‍റെ അസ്ഥിത്വമാണ് ഇല്ലാതാക്കിയിരിക്കുന്നത്. ഇപ്പോൾ രാജ്യത്ത് 29 സംസ്ഥാനങ്ങളില്ല 28 സംസ്ഥാനങ്ങൾ മാത്രം. കേന്ദ്രം രാജ്യത്തെ വിഭജിക്കുകയാണ് ഇപ്പോൾ ചെയ്തിരിക്കുന്നത്. സമാനമായ സാഹചര്യം നിങ്ങൾ നിങ്ങളുടെ സംസ്ഥാനത്ത് കൊണ്ട് വന്ന് നോക്കൂ എന്താണ് സംഭവിക്കുന്നതെന്ന് അപ്പോൾ കാണാമെന്നും കൂട്ടിച്ചേർത്ത ഗുലാം നബി ആസാദ്. അധികാരത്തിൽ മതിമറന്ന് പോകരുതെന്നും സർക്കാരിനെ താക്കീത് ചെയ്തു. 

click me!