സ്വാമി ചിന്മയാനന്ദിനെതിരെ നിയമ വിദ്യാര്‍ത്ഥിനി; പരാതിക്ക് പിന്നാലെ പെൺകുട്ടിയെ കാണാനില്ല

By Web TeamFirst Published Aug 27, 2019, 4:59 PM IST
Highlights

സ്വാമി ചിന്മയാനന്ദിനെതിരെ വിദ്യാര്‍ത്ഥിനി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ലഖ്നൗ: മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്വാമി ചിന്മയാനന്ദിനെതിരെ പരാതി നല്‍കി നിയമ വിദ്യാര്‍ത്ഥിനി. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പുരില്‍ എല്‍എല്‍എം പഠിക്കുന്ന വിദ്യാര്‍ത്ഥിയാണ് ചിന്മയാനന്ദ് ഉപദ്രവിക്കുന്നെന്ന് ആരോപിക്കുന്ന വീഡിയോ പുറത്തുവിട്ടതെന്ന് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു.

ഗുരുതരമായ ആരോപണങ്ങളാണ് പെണ്‍കുട്ടി വീഡിയോയില്‍ വെളിപ്പെടുത്തുന്നത്. സ്വാമി ചിന്മയാനന്ദ് താനുള്‍പ്പെടെ നിരവധി പെണ്‍കുട്ടികളുടെ ജീവിതം നശിപ്പിച്ചിട്ടുണ്ടെന്നും അയാള്‍ക്കെതിരെ എല്ലാ തെളിവുകളും തന്‍റെ കൈവശമുണ്ടെന്നും പെണ്‍കുട്ടി വീഡിയോയില്‍ പറയുന്നു. പൊലീസ് സൂപ്രണ്ടും ജില്ലാ മജിസ്ട്രേറ്റും ചിന്മയാനന്ദിനെതിരെ നടപടി എടുക്കില്ലെന്നും തനിക്കും കുടുംബത്തിനും ഭീഷണി ഉള്ളതായും വിദ്യാര്‍ത്ഥിനി കൂട്ടിച്ചേര്‍ത്തു. 

സ്വാമി ചിന്മയാനന്ദിനെതിരെ വിദ്യാര്‍ത്ഥിനി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അതേസമയം പരാതി നല്‍കിയതിന് പിന്നാലെ കോളേജ് ഹോസ്റ്റലില്‍ നിന്ന് പെണ്‍കുട്ടിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ ഇതിനെതിരെ സ്വാമി ചിന്മയാനന്ദിന്‍റെ അനുകൂലികള്‍ മറ്റൊരു പരാതിയും നല്‍കി. അ‍ഞ്ച് കോടി രൂപ നല്‍കിയില്ലെങ്കില്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ചിന്മയാനന്ദിന് അജ്ഞാത ഫോണ്‍ കോള്‍ വന്നെന്നാണ് പരാതിയിലെ ആരോപണം. 

ഓഗസ്റ്റ് 24 മുതലാണ് പെണ്‍കുട്ടിയെ കാണാതാകുന്നത്. എന്നാല്‍ അതിന് മുമ്പ് തന്നെ വീഡ‍ിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും വിഷയത്തില്‍ ഇടപെടണമെന്നും വീഡിയോയില്‍ പെൺകുട്ടി ആവശ്യപ്പെടുന്നുണ്ട്. 

click me!