
റായ്‍പൂര്‍: 90 അടിയോളം ഉയരമുള്ള വെള്ളച്ചാട്ടത്തിലേക്ക് ചാടിയ പെണ്‍കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. അമിതമായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് വീട്ടുകാര്‍ ശാസിച്ചതില്‍ മനഃനൊന്തായിരുന്നു ജീവനൊടുക്കാന്‍ നിശ്ചയിച്ചുറപ്പിച്ചുള്ള പെണ്‍കുട്ടിയുടെ ശ്രമം. എന്നാല്‍ 90 അടി ഉയരത്തില്‍ നിന്ന് വെള്ളത്തോടൊപ്പം താഴേക്ക് പതിച്ച പെണ്‍കുട്ടി എതാനും മീറ്റര്‍ അകലെ നിന്നുതന്നെ കരയില്‍ കയറുകയും ചെയ്തു.
ഛത്തീസ്‍ഗഡിലെ ചിത്രാകൂട്ട് ചൗകിയില്‍ ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സംഭവം. പ്രദേശവാസിയായ ഒരു പെണ്‍കുട്ടി വെള്ളച്ചാട്ടത്തിന്റെ പരിസരത്ത് ഏറെനേരം ചുറ്റത്തിരിയുന്നത് ആളുകള്‍ ശ്രദ്ധിച്ചു. പിന്നീടാണ് പെണ്‍കുട്ടി വെള്ളച്ചാട്ടത്തിന് തൊട്ടടുത്തേക്ക് നീങ്ങിയത്. പരിസരത്തുണ്ടായിരന്നവര്‍ ഇത് കണ്ട് ബഹളം വെയ്ക്കുകയും പെണ്‍കുട്ടിയെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ പെണ്‍കുട്ടി അതൊന്നും വകവെച്ചില്ല. ഏതാനും പേര്‍ പെണ്‍കുട്ടി വെള്ളച്ചാട്ടത്തിലേക്ക് നടക്കുന്നതും തുടര്‍ന്ന് അവിടെ നിന്ന് താഴേക്ക് ചാടുന്നതുമെല്ലാം മൊബൈല്‍ ഫോണ്‍ ക്യാമറകളില്‍ പകര്‍ത്തി. ഇവ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തു.
വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. അമിതമായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് മാതാപിതാക്കള്‍ ശാസിച്ചതാണ് പെണ്‍കുട്ടിയെ കടുത്ത തീരുമാനത്തിന് പ്രേരിപ്പിച്ചതെന്ന് കണ്ടെത്തി. കുട്ടിയെ മാതാപിതാക്കള്‍ക്ക് കൈമാറുകയും ചെയ്തു. ഇന്ദ്രാവതി നദിയില്‍ സ്ഥിതി ചെയ്യുന്ന ചിത്രാകോട്ട വെള്ളച്ചാട്ടം ബസ്‍തറിലെ ജദല്‍പൂരില്‍ നിന്ന് 38 കിലോമീറ്റര്‍ അകലെയാണ്. പ്രകൃതിരമണീയമായ ഈ പ്രദേശത്തേക്ക് നിരവധി സന്ദര്‍ശകര്‍ എത്താറുണ്ട്. മഴക്കാലത്ത് ഇവിടുത്തെ വെള്ളച്ചാട്ടത്തിന് 300 മീറ്ററോളം വീതിയുണ്ടാവും.