കാൽ വഴുതി തീവണ്ടിക്കും ട്രാക്കിനും ഇടയിലേക്ക് വീണ് പരിക്കേറ്റ പെൺകുട്ടി മരിച്ചു

By Web TeamFirst Published Dec 8, 2022, 7:01 PM IST
Highlights

ആന്ധ്രയിലെ വിശാഖപട്ടണത്തിനടുത്തുള്ള ദേവുഡയിൽ തീവണ്ടിയിൽ നിന്നിറങ്ങവേ കാൽ വഴുതി തീവണ്ടിക്കും ട്രാക്കിനും ഇടയിലേക്ക് വീണു പരിക്കേറ്റ പെൺകുട്ടി മരിച്ചു

വിശാഖപട്ടണം: ആന്ധ്രയിലെ വിശാഖപട്ടണത്തിനടുത്തുള്ള ദേവുഡയിൽ തീവണ്ടിയിൽ നിന്നിറങ്ങവേ കാൽ വഴുതി തീവണ്ടിക്കും ട്രാക്കിനും ഇടയിലേക്ക് വീണു പരിക്കേറ്റ പെൺകുട്ടി മരിച്ചു. ട്രെയിൻ നിർത്തി  ഉടൻ തന്നെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചു എങ്കിലും ഗുരുതരപരിക്കേറ്റ പെൺകുട്ടി ഇന്ന് മരണത്തിനു കീഴടങ്ങുകയായിരുന്നു.

റെയിൽവേ ട്രാക്കിനും പ്ലാറ്റ്ഫോമിനും ഇടയിൽ കുടുങ്ങി വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തിയെന്ന ആശ്വാസകരമായ വാർത്തയായിരുന്ന നേരത്തെ വന്നത്. അപകടം നടന്ന് ഉടൻ തന്നെ ട്രെയിൻ നിർത്തിയതിനാൽ പെൺകുട്ടിയെ രക്ഷിക്കാൻ സാധിച്ചുവെന്ന ആശ്വാസത്തിലായിരുന്നു ആർപിഎഫും റെയിൽവേ അധികൃതരും.

ഗുണ്ടൂർ-റായ്​ഗഡ പാസഞ്ചർ ട്രെയിനിൽ നിന്ന് ഇറങ്ങുമ്പോളാണ് പെൺകുട്ടി ട്രാക്കിന് ഇടയിലേക്ക് വീണത്. ഇറങ്ങുന്ന സമയത്ത് പ്ലാറ്റ്ഫോമിന് ഇടയിലേക്ക് തെന്നിവീഴുകയായിരുന്നു. സഹായത്തിന് വേണ്ടിയുള്ള വിദ്യാർത്ഥിനിയുടെ നിലവിളി കേട്ട് സ്റ്റേഷൻ അധികൃതർ ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തി. ട്രെയിൻ ഉടനടി നിർത്താൻ ആവശ്യപ്പെടുകയും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ്  ഒന്നരമണിക്കൂർ നേരത്തെ ശ്രമത്തിന് ശേഷം പെൺകുട്ടിയെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ പ്രതീക്ഷകൾ വിഫലമാക്കി ഇന്നാണ് പെൺകുട്ടി മരണത്തിന് കീഴടങ്ങിയത്.

Read more:  ഗ്രാനൈറ്റ് മറിഞ്ഞുവീണ് തൊഴിലാളികള്‍ അടിയില്‍പ്പെട്ടു, 2 പേര്‍ക്ക് ദാരുണാന്ത്യം

അതേസമയം,  ദേശീയപാത 766 ൽ വെസ്റ്റ് പുതുപ്പാടിയിൽ വെച്ച് ബൈക്കിടിച്ച് പരിക്കേറ്റ കാൽനടയാത്രക്കാരൻ മരിച്ചു. പുതുപ്പാടി പള്ളിക്കുന്ന്മ്മൽ ബൈജു (45) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി എട്ടര മണിയോടെ ഈങ്ങാപ്പുഴ ഭാഗത്ത് നിന്നും വന്ന ബൈക്ക് ഇടിച്ച് ഗുരുതരമായപരിക്കേറ്റ ബൈജുവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കിടെ ഇന്ന്  പുലർച്ചെയാണ്  മരണപ്പെടുന്നത്.  പിതാവ്: പരേതനായ രാരപ്പൻ. മാതാവ്: പാറു. ഭാര്യ: ലക്ഷ്മി. മക്കൾ: ഐശ്വര്യ, അഭിഷേക്, പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്ക്കാരം കാരക്കുന്ന് ശ്മശാനത്തില്‍ നടക്കും.

click me!