
റായ്പൂർ: കള്ളിയെന്ന വിളി കേട്ട് മടുത്ത് 13 വയസ്സുകാരി രണ്ട് കുട്ടികളെ കിണറ്റിൽ എറിഞ്ഞു കൊന്നു. മുതിർന്നവർ കളിയാക്കുന്നത് കേട്ട് നാല് വയസ്സുകാരനും അത് ആവർത്തിച്ചതാണ് പ്രകോപനമായതെന്ന് പൊലീസ് പറഞ്ഞു. ബന്ധുക്കളായ നാല് വയസ്സുകാരനെയും രണ്ട് വയസ്സുകാരിയെയുമാണ് പെണ്‍കുട്ടി കിണറ്റിൽ എറിഞ്ഞത്. ഛത്തീസ്ഗഡിലാണ് സംഭവം.
തന്‍റെ ഗ്രാമത്തിലുള്ളവർ നിരന്തരം കള്ളി എന്ന് വിളിക്കുന്നത് കേട്ടതോടെ ദേഷ്യത്തിലായിരുന്നു പെണ്‍കുട്ടി. ഞായറാഴ്ച രാവിലെയാണ് രണ്ട് കുട്ടികളെയും കാണാതായത്. തുടർന്ന് കുടുംബാംഗങ്ങളും ഗ്രാമീണരും ചേർന്ന് അവരെ തിരയാൻ തുടങ്ങി.പച്ചക്കറിത്തോട്ടത്തിലെ കിണറ്റിലാണ് കുട്ടികളിലൊരാളുടെ മൃതദേഹം കണ്ടത്. കിണറ്റിലെ വെള്ളം വറ്റിച്ചപ്പോൾ രണ്ടാമത്തെ കുട്ടിയുടെ മൃതദേഹവും കണ്ടെത്തി.
കുട്ടികളെ കാണാതാകുന്നതിന് തൊട്ടുമുമ്പ് ഇരുവരെയും 13 വയസ്സുകാരിക്കൊപ്പം കണ്ടിരുന്നു. ഇതോടെയാണ് സംശയം പെണ്‍കുട്ടിയിലേക്ക് തിരിഞ്ഞത്. തുടർന്ന് പൊലീസ് ചോദ്യംചെയ്തപ്പോൾ കുട്ടികളെ കിണറ്റിലെറിഞ്ഞത് താനാണെന്ന് 13കാരി സമ്മതിച്ചതായി പൊലീസ് പറഞ്ഞു. നാല് വയസ്സുകാരൻ തന്നെ കള്ളി എന്ന് വിളിച്ച് കളിയാക്കിയതിനാലാണ് താനിങ്ങനെ ചെയ്തതെന്നും കുട്ടി പറഞ്ഞു.
"13കാരി കുറച്ച് പണവും ഫോണും മോഷ്ടിച്ചതായി ആരോപണമുണ്ടായിരുന്നു, അതിനുശേഷം ഗ്രാമീണർ അവളെ കള്ളി എന്ന് വിളിക്കാൻ തുടങ്ങി. ഇതോടെ അവൾക്ക് എല്ലാവരോടും ദേഷ്യമായി. ബന്ധുവായ കുട്ടിയും കള്ളി എന്ന് വിളിക്കാൻ തുടങ്ങിയതോടെ അവൾക്ക് കൂടുതൽ ദേഷ്യം വന്നു"- പൊലീസ് പറഞ്ഞു.
ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 103(1) (കൊലപാതകം) പ്രകാരവും ജുവനൈൽ ജസ്റ്റിസ് (കുട്ടികളുടെ സംരക്ഷണവും പരിപാലനവും) നിയമം 2015 പ്രകാരവും പൊലീസ് കേസെടുത്തു.പെൺകുട്ടിയെ ജുവനൈൽ ഹോമിലേക്ക് അയച്ചു. എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് പെണ്‍കുട്ടി. മാതാപിതാക്കൾക്കും സഹോദരനുമൊപ്പമാണ് താമസിച്ചിരുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam