
കൊല്‍ക്കത്ത: ജെ എം ബി ആകാശ് എന്ന ഫോട്ടോഗ്രാഫറുടെ ക്യാമറക്കണ്ണുകളില്‍ പതിയുന്ന ഓരോ മുഖവും ഓരോ ജീവിതങ്ങളാണ്. സന്തോഷവും സങ്കടവും വിരഹവും വേദനയും ദുരിതവുമെല്ലാം നിറയുന്ന ബംഗാളി ജീവിതങ്ങളുടെ നേര്‍ക്കാഴ്ച്ചകളാണ് ആകാശിന്റെ ചിത്രങ്ങള്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെ ജഹനാര എന്ന ബംഗാളി യുവതിയുടെ ജീവിതകഥയാണ്് ഏറ്റവും പുതുതായി ആകാശ് പങ്കുവച്ചിരിക്കുന്നത്. വിയര്‍ത്തുകുളിച്ച മുഖവുമായി നിറഞ്ഞചിരിയോടെ ജഹനാര പറയുന്നത് താനൊരു മോഷ്ടാവിനെ വിവാഹം ചെയ്ത കഥയാണ്.
ജഹനാര പറയുന്നത്....
"ഞാനൊരു മോഷ്ടാവിനെയാണ് വിവാഹം ചെയ്തത്. സഹോദരാ, ചിരിക്കരുത്. സത്യമായും ഞാന്‍ തമാശ പറയുകയല്ല. എന്റെ വിവാഹം ഒരു സിനിമാക്കഥയെപ്പോലും വെല്ലുന്നതാണ്!
എന്റെ പണവും അച്ഛന് വാങ്ങാനുള്ള മരുന്നിന്റെ കുറിപ്പടിയും തട്ടിപ്പറിച്ചുകൊണ്ടുപോകുമ്പോഴാണ് ഞാനയാളെ ആദ്യമായി കാണുന്നത്. എന്റെ അച്ഛന്‍ അതീവഗുരുതരാവസ്ഥയില്‍ സെന്‍ട്രല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഒരു വീട്ടില്‍ വേലക്കാരിയായി ജോലി ചെയ്യുന്ന എനിക്ക് അന്ന് വൈകുന്നേരമാണ് ശമ്പലം കിട്ടിയത്. പഴ്‌സില്‍ പണവും മരുന്നിന്റെ കുറിപ്പടിയുമായി നടന്നുപോകുകയായിരുന്നു ഞാന്‍. പെട്ടന്നാണ് ആരോ വന്ന് എന്റെ കയ്യില്‍ നിന്ന് എല്ലാം തട്ടിപ്പറിച്ച് ഓട
ിയത്. എല്ലാം വളരെപ്പെട്ടന്നാണ് സംഭവിച്ചത്. ഒന്നും ചിന്തിക്കാന്‍ പോലുമാവാതെ ഞാനവിടെ കുത്തിയിരുന്ന് കരഞ്ഞപ്പോള്‍ ഒരുപാട് ആളുകള്‍ ചുറ്റുംകൂടി. പക്ഷേ, ആരും എന്നെ സഹായിച്ചില്ല. അങ്ങനെയിരുന്ന് എത്രനേരം കരഞ്ഞുവെന്ന് പോലും എനിക്കോര്‍മ്മയില്ല.
ആ രാത്രി വെറുംകയ്യോടെ എനിക്ക് അച്ഛനെ കാണാന്‍ പോകാന്‍ കഴിയുമായിരുന്നില്ല. അടുത്ത ദിവസം രാവിലെ എങ്ങനെ അച്ഛനെ അഭിമുഖീകരിക്കുമെന്ന് ചിന്തിച്ച് ആ രാത്രി എനിക്കുറങ്ങാനേ കഴിഞ്ഞില്ല. അതിരാവിലെ തന്നെ ഞാനെണീറ്റു. പ്രാഥമികകൃത്യങ്ങള്‍ നിര്‍വ്വഹിച്ചശേഷം വീട്ടിലേക്ക് തിരിച്ചെത്തിയ ഞാന്‍ കണ്ടത് എന്റെ മുറിയുടെ മുമ്പില്‍ ഒരു പാക്കറ്റ് നിറയെ മരുന്നും നഷ്ടപ്പെട്ട എന്റെ പണവും പഴ്‌സുമായിരുന്നു. മരുന്നിന്റെ കുറിപ്പടിയും ഉണ്ടായിരുന്നു. എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അടുത്തു കണ്ടവരോടൊക്കെ അതാരാണ് അവിടെക്കൊണ്ടുവച്ചതെന്ന് ഞാന്‍ ചോദിച്ചു. പക്ഷേ, അവരാരെയും കണ്ടില്ലെന്ന് പറഞ്ഞു.
അടുത്ത ദിവസം രാവിലെ ഒരു കൂട നിറയെ പഴങ്ങള്‍ എന്റെ മുറിക്ക് പുറത്ത് വച്ചിട്ടുണ്ടായിരുന്നു. ഇതേപോലെ 15 ദിവസങ്ങള്‍ കടന്നുപോയി. എന്റെ അച്ഛന്റെ അസുഖവുമായി ബന്ധപ്പെട്ട ചികിത്സയ്ക്ക് വേണ്ട വിവിധയിനം സാധനങ്ങളാണ് ഓരോ ദിവസവും എന്റെ വാതിലിന് മുന്നിലുണ്ടായിരുന്നത്. അതൊക്കെ അവിടെ കൊണ്ടുവയ്ക്കുന്ന ആളെ പിടികൂടാന്‍ രാത്രി ഉണര്‍ന്നിരിക്കാന്‍ ഞാന്‍ തീരമാനിച്ചു. പക്ഷേ, അത് എളുപ്പമായിരുന്നില്ല. എങ്ങനെയോ ഒരു രാത്രി ഞാനത് നടപ്പാക്കാന്‍ തന്നെ തീരുമാനിച്ചു. എന്റെ മുറിയുടെ കുറച്ചപ്പുറത്ത് മാറി ഞാന്‍ ഉണര്‍ന്നിരുന്നു. അയാളെത്തിയപ്പോള്‍ തൊട്ടുപിന്നാലെ ഞാന്‍ ചെന്നു.
അയാളാണ് എന്റെ പഴ്‌സ് തട്ടിയെടുത്തതെന്നും ഞാനവിടെയിരുന്ന് കരഞ്ഞപ്പോള്‍ ഓടിക്കൂടിയ നാട്ടുകാര്‍ക്കിടയില്‍ അയാളുണ്ടായിരുന്നെന്നും എന്നോട് പറഞ്ഞു. ചെയ്തതോര്‍ത്ത് അയാള്‍ക്ക് പശ്ചാത്താപം തോന്നിയെന്നും പിറ്റേന്ന് മുതല്‍ മോഷണം ഉപേക്ഷിച്ച് ജോലിക്ക് പോയിത്തുടങ്ങിയെന്നും അയാള്‍ പറഞ്ഞു. തന്റെ ജീവിതത്തിലിന്നു വരെ അച്ഛനെന്നാല്‍ എന്താണെന്നോ കുടുംബം എന്നാല്‍ എന്താണെന്നോ തനിക്കറിയില്ലായിരുന്നെന്ന് അയാള്‍ എന്നോട് പറഞ്ഞു. അച്ഛനെ ഓര്‍ത്തുള്ള എന്റെ കരച്ചില്‍ കണ്ടപ്പോഴാണ് സ്‌നേഹം എന്താണെന്ന് അയാള്‍ക്ക് മനസ്സിലായത്. എന്റെ അച്ചനുവേണ്ടി അയാള്‍ വാങ്ങിക്കൊണ്ടുവന്നതൊക്കെ അധ്വാനിച്ചുനേടിയ പണം കൊണ്ടു വാങ്ങിയതാണെന്ന് അയാള്‍ പറഞ്ഞു.
എന്നോട് അയാള്‍ മാപ്പ് അപേക്ഷിച്ച രീതി കണ്ട് എന്റെ മനസ്സ് അലിഞ്ഞു. മാത്രമല്ല, ഞാന്‍ അയാളുമായി പ്രണയത്തിലാവുകയും ചെയ്തു. ഇപ്പോള്‍ ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് അഞ്ച് വര്‍ഷമായി. ഞങ്ങള്‍ സുഖമായി ജീവിക്കുന്നു. തെരുവില്‍ അനാഥനായി വളര്‍ന്നതിനാല്‍ സ്‌നേഹമെന്താണെന്ന് അയാള്‍ക്ക് മുമ്പ് അറിയില്ലായിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ പരസ്പരം സ്‌നേഹിക്കുന്നു. ഒന്നിച്ച് ജോലിക്ക് പോകുന്നു. സ്‌നേഹവും ദയയും കൊണ്ട് ഒരു മനുഷ്യനെ മാറ്റിയെടുക്കാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു."
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam