
പനാജി: ഗോവയിൽ ഡെപ്യൂട്ടി മുഖ്യമന്ത്രി സുധിൻ ധവലികറിനെ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പുറത്താക്കി. മഹാരാഷ്ട്ര ഗോമന്തക് പാര്‍ട്ടിയുടെ എംഎൽഎ ആയ ഇദ്ദേഹത്തിന്റെ സഹോദരൻ ദീപക് ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ സ്ഥാനാര്‍ത്ഥിയായതോടെയാണ് തീരുമാനം. ബിജെപിയുടെ സഖ്യകക്ഷിയായ മഹാരാഷ്ട്ര ഗോമന്തക് പാര്‍ട്ടിയുടെ മറ്റ് രണ്ട് എംഎൽഎമാരും ഇന്ന് പുലര്‍ച്ചെ ബിജെപിയിൽ ചേര്‍ന്നിരുന്നു.
ഇന്നലെ അര്‍ദ്ധരാത്രിയിലാണ് ഗോവയിൽ വീണ്ടും രാഷ്ട്രീയ നാടകങ്ങൾ അരങ്ങേറിയത്. മനോഹര്‍ പരീക്കറിന്റെ നിര്യാണത്തെ തുടര്‍ന്ന് പുലര്‍ച്ചെ രണ്ട് മണിക്ക് പുതിയ മുഖ്യമന്ത്രിയായി പ്രമോദ് സാവന്ത് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നു. ഇതിന് പിന്നാലെയാണ് ഡെപ്യൂട്ടി മുഖ്യമന്ത്രിയെ പുറത്താക്കാനുളള കരുനീക്കങ്ങളും അരങ്ങേറിയത്.
ഭരണമുന്നണിക്കകത്ത് നിന്ന് രണ്ട് എംഎൽഎമാരെ അടര്‍ത്തിയെടുത്ത് സ്വന്തം പാര്‍ട്ടിക്കാരാക്കിയ ബിജെപിക്ക് ഇതോടെ അംഗബലം വര്‍ദ്ധിച്ചു. ഇപ്പോൾ 14 അംഗങ്ങളാണ് ബിജെപിക്ക് സഭയിൽ ഉളളത്. ഇതോടെ സഭയിലെ വലിയ ഒറ്റക്കക്ഷിയായ കോൺഗ്രസിന് ഒപ്പമെത്താനും ബിജെപിക്ക് സാധിച്ചു.
ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപിക്കെതിരെ മത്സരിക്കില്ലെന്ന് സുധിൻ ധവലിക്കര്‍ മുൻ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിനും നിതിൻ ഗഡ്‌കരിക്കും ഉറപ്പു നൽകിയിരുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ വിനയ് ടെണ്ടുൽക്കര്‍ പറഞ്ഞു. എന്നാൽ സുധിന്റെ സഹോദരൻ ദീപക്, ഷിരോദ മണ്ഡലത്തിൽ പ്രചാരണം തുടങ്ങുകയും ബിജെപിക്കെതിരെ മത്സരം ഉറപ്പിക്കുകയും ചെയ്തു. ഇതോടെയാണ് മഹാരാഷ്ട്ര ഗോമന്തക് പാര്‍ട്ടിയെ പിളര്‍ത്തി ബിജെപി, സഭയിലെ ആൾബലം വര്‍ദ്ധിപ്പിച്ചത്.
എംഎൽഎമാര്‍ ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ തന്റെ ഓഫീസിൽ ബന്ധപ്പെട്ട് തങ്ങൾ ബിജെപിയിൽ ചേര്‍ന്ന വിവരം അറിയിച്ചെന്ന് ഗോവ നിയമസഭാ സ്പീക്കര്‍ മൈക്കൽ ലോബോ അറിയിച്ചിരുന്നു. പുലര്‍ച്ചെ രണ്ട് മണിയോടെ ഇവരുടെ കത്ത് സ്വീകരിച്ചുവെന്നും ഇതോടെ ഇരുവരും ബിജെപി അംഗങ്ങളായെന്നും സ്പീക്കര്‍ വ്യക്തമാക്കി.
ദീപക് പോസ്‌കര്‍, മനോഹര്‍ അജ്ഗോയങ്കര്‍ എന്നീ എംഎൽഎമാരാണ് സ്വന്തം പാര്‍ട്ടി വിട്ട് മുന്നണിയിലെ വലിയ കക്ഷിയിൽ ചേര്‍ന്നത്. ഗോവയിൽ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ മഹാരാഷ്ട്ര ഗോമന്തക് പാര്‍ട്ടിയും മത്സരിക്കാൻ തീരുമാനിച്ചതാണ് ഇപ്പോഴത്തെ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് വഴിവച്ചത്.
ഏപ്രിൽ 23 ന് ഗോവയിൽ മൂന്ന് നിയോജക മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നടക്കും. രണ്ടിടത്ത് കോൺഗ്രസ് ശക്തമായ മത്സരം നടത്തുമെന്ന് ഉറപ്പാണ്. ഇതും തിരക്കിട്ട രാഷ്ട്രീയ നീക്കത്തിന് കാരണമായി. കൂറുമാറി വന്ന എംഎൽഎമാര്‍ ഗോവയിൽ സുസ്ഥിര ഗവൺമെന്റ് ആഗ്രഹിക്കുന്നവരാണെന്ന് വിനയ് ടെണ്ടുൽക്കര്‍ വിശദീകരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam