Congress Pledge : 'കൂറുമാറില്ല'; സ്ഥാനാർത്ഥികളെ ദൈവത്തിന് മുന്നിൽ സത്യം ചെയ്യിച്ച് ഗോവയില്‍ കോണ്‍ഗ്രസ് തന്ത്രം

By Web TeamFirst Published Jan 23, 2022, 11:13 AM IST
Highlights

കോൺഗ്രസിന്റെ ഗോവയിലെ 36 സ്ഥാനാർത്ഥികളാണ് ക്ഷേത്രത്തിലും ക്രിസ്തീയ, മുസ്ലീം പള്ളികളിലുമായി കൂറുമാറില്ലെന്നും പാർട്ടിയോട് വിശ്വസ്തത പുലർത്തുമെന്നും സത്യം ചെയ്തത്.

പനാജി: ഗോവയിൽ കൂറുമാറ്റം തടയാൻ സ്ഥാനാർഥികളെ കൊണ്ട് സത്യം ചെയ്യിച്ച് കോൺഗ്രസ്. ക്ഷേത്രങ്ങളിലും പള്ളികളിലും എത്തിച്ചായിരുന്നു  സ്ഥാനാർത്ഥികളൊക്കൊണ്ട് കോൺഗ്രസ് സത്യപ്രതിജ്ഞ ചെയ്യിച്ചത്. ജനങ്ങളിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾക്കുള്ള അവിശ്വാസം നീക്കാൻ വേണ്ടിയാണ് നടപടി എന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ വിശദീകരണം. 2019 ൽ സംഭവിച്ചതുപോലെയുള്ള കൂറുമാറ്റം ഇത്തവണ ഉണ്ടാകില്ലെന്ന് ഉറപ്പിക്കുകയാണ് സത്യപ്രതിജ്ഞ ചെയ്യിക്കലിലൂടെ കോൺഗ്രസ്. ഫെബ്രുവരി 14നാണ് ഗോവയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത് (Goa Election). 

കോൺഗ്രസിന്റെ ഗോവയിലെ 36 സ്ഥാനാർത്ഥികളാണ് ക്ഷേത്രത്തിലും ക്രിസ്തീയ, മുസ്ലീം പള്ളികളിലുമായി കൂറുമാറില്ലെന്നും പാർട്ടിയോട് വിശ്വസ്തത പുലർത്തുമെന്നും സത്യം ചെയ്തത്. മത്സരത്തിൽ ജയിച്ചാൽ അടുത്ത അഞ്ച് വർഷം പാർട്ടിക്കൊപ്പം തന്നെ ഉറച്ച് നിൽക്കുമെന്നാണ് സ്ഥാനാർത്ഥികളെക്കൊണ്ട് സത്യം ചെയ്യിച്ചിരിക്കുന്നത്. ജയിച്ച് കഴിഞ്ഞാൽ പാർട്ടി വിടുന്നത് കോൺഗ്രസ് സ്ഥാനാർത്ഥികൾക്കിടയിൽ പതിവായ സാഹചര്യത്തിലാണ് ഇത്തരമൊരു നടപടി. 

ഞങ്ങൾക്ക് സ്ഥാനാർത്ഥിത്വം തന്ന കോൺഗ്രസ് പാർട്ടിയോട് വിശ്വസ്തരായി തുടരുമെന്ന് പ്രതിജ്ഞ ചെയ്യുന്നു... എന്ത് സാഹചര്യമുണ്ടായാലും തെരഞ്ഞെടുക്കപ്പെട്ടവർ പാർട്ടിക്കൊപ്പെ നിൽക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്യുന്നു... ഗോവയിലെ മഹാലക്ഷ്മി ക്ഷേത്രത്തിലെത്തിയ സ്ഥാനാർത്ഥികൾ പ്രതിജ്ഞയെടുത്തു. സമാനമായ പ്രതിജ്ഞ തന്നെ ബാംബോളിം ക്രോസ് ദേവാലയത്തിലും ബെറ്റിം പള്ളിയിലും  നടന്നു. 

മഹാലക്ഷ്മിക്ക് മുന്നിൽ അടുത്ത അഞ്ച് വർഷം ഒരുമിച്ച് നിൽക്കുമെന്ന് ഞങ്ങൾ പ്രതിജ്ഞ ചെയ്തു. 36 പേർ പങ്കെടുത്തു. ഞങ്ങൾ ഇക്കാര്യത്തിൽ വളരെ കണിശതയുള്ളവരാണ്, ഞങ്ങളുടെ സ്ഥാനാർത്ഥികളെ വിലക്കെടുക്കാൻ  മറ്റൊരു പാർട്ടിയെയും അനുവദിക്കില്ല. ഞങ്ങൾ ദൈവ ഭക്തരാണ്. -  മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ദിഗംബർ കമ്മത്ത് പറഞ്ഞു. 

മുതിർന്ന് കോൺഗ്രസ് നേതാവ് പി ചിദംബരം, എഐസിസി ഗോവ ഡെസ്ക് ഇൻ ചാർജ് ദിനേഷ് ഗുണ്ഡു റാവു, ഗോവ പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഗിരിഷ് ചൊദൻകർ എന്നിവർ സ്ഥാനാർത്ഥികൾക്കൊപ്പം എത്തിയിരിന്നു. 

click me!