മധ്യപ്രദേശിൽ ഓടുന്ന ബസിൽ നിന്ന് പ്ലസ് ടു വിദ്യാർത്ഥിയെ പൊലീസ് പിടിച്ചിറക്കി മയക്കുമരുന്ന് കേസിൽ പ്രതിചേർത്തു. എന്നാൽ, ബലമായി പിടിച്ചിറക്കുന്ന സിസിടിവി ദൃശ്യങ്ങളിൽ മയക്കുമരുന്ന് കണ്ടെത്തുകയോ പരിശോധന നടത്തുകയോ ചെയ്യാത്തത് പൊലീസിനെ പ്രതിക്കൂട്ടിലാക്കി
ഭോപ്പാൽ: ഓടുന്ന ബസിൽ നിന്നും വിദ്യാർത്ഥിയെ പിടിച്ചിറക്കി കൊണ്ടുപോയി വൻ മയക്കുമരുന്ന് കേസിൽ പ്രതിചേർത്ത് മധ്യപ്രദേശ് പൊലീസ്. ബസിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് കുട്ടിയുടെ നിരപരാധിത്വം പൊതുസമൂഹത്തിന് മുൻപിൽ വെളിവായത്. മൽഹർഗഡ് സ്വദേശി പ്ലസ് ടു വിദ്യാർത്ഥി 18കാരനായ സോഹനെയാണ് കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 29 നാണ് സംഭവം. ഓടുന്ന ബസിൽ നിന്ന് സോഹനെ പിടിച്ചിറക്കിയ പൊലീസുകാർ, തൊട്ടടുത്ത ദിവസം കോടതിയിൽ ഹാജരാക്കി. 2.7 കിലോഗ്രാം ഒപിയവുമായി (മയക്കുമരുന്ന്) പിടികൂടിയെന്നായിരുന്നു കേസ്. പിന്നാലെ ജയിലിലുമായി. എന്നാൽ യാത്ര ചെയ്യുന്ന ബസിൽ നിന്ന് പരിശോധനകളൊന്നും കൂടാതെ സോഹനെ നാലോളം പൊലീസുകാർ ചേർന്ന് ബലം പ്രയോഗിച്ച് പിടിച്ചിറക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ പൊലീസുകാർ പ്രതിക്കൂട്ടിലായി.
മഫ്‌തിയിലായിരുന്ന ഒരു സംഘം പൊലീസുകാർ ബസ് തടഞ്ഞ് സോഹനെ പിടിച്ചിറക്കി കൊണ്ടുപോകുന്ന ദൃശ്യങ്ങളിലൊന്നും ഒപിയം കണ്ടെത്തുന്നതില്ല. പരിശോധന നടത്തുന്നതും കാണാനാവുന്നില്ല. ബസിലേക്ക് കയറി വരുന്ന പൊലീസുകാർ സോഹനെ പിടിച്ചുവലിച്ചിറക്കി പോകുന്നത് മാത്രമാണ് കാണാനാവുന്നത്. തെളിവടക്കം പിടികൂടിയെന്ന് അവകാശപ്പെടുന്ന പൊലീസുകാർ സോഹനെ പിടിച്ചുകൊണ്ടുപോകുമ്പോൾ തെളിവ് കണ്ടെത്തിയില്ലെന്നത് പൊലീസുകാർ പറയുന്നത് നുണയെന്ന വാദം ശക്തിപ്പെടുത്തി.
സോഹൻ്റെ കുടുംബം മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിച്ചു. കോടതി മന്തസോർ എസ്‌പിയെ വിളിച്ചുവരുത്തി വിശദീകരണം തേടി. എഫ്ഐആറും സിസിടിവി ദൃശ്യങ്ങളും പൊരുത്തപ്പെടുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയപ്പോൾ, സിസിടിവി ദൃശ്യങ്ങളിലുള്ളത് പൊലീസുകാരല്ലെന്ന പഴയ വാദം എസ്‌പി മീണ തിരുത്തി. വകുപ്പുതല അന്വേഷണം ആരംഭിച്ചെന്നും എസ്‌പി മറുപടി പറഞ്ഞു. കേസിൽ കോടതിയുടെ ഉത്തരവ് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സോഹൻ്റെ കുടുംബം.


