Latest Videos

ബലാത്സംഗ, കൊലപാതക കേസുകളിലെ കുറ്റവാളികളെ പരസ്യമായി തൂക്കിക്കൊല്ലണം: ഗോവ മന്ത്രി

By Web TeamFirst Published Dec 8, 2019, 5:03 PM IST
Highlights

പ്രതികള്‍ക്ക് പരസ്യമായി വധശിക്ഷ നൽകിയാൽ ക്രിമിനലുകള്‍ക്കും അത്തരം മനോനില ഉള്ളവര്‍ക്കും ശക്തമായ സന്ദേശം നൽകാൻ കഴിയും. നിയമത്തിന് തങ്ങളെ ഒന്നും ചെയ്യാൻ സാധിക്കില്ലെന്ന് ചിന്തിക്കുന്നവർക്ക് ഇതൊരു പാഠമായിരിക്കുമെന്നും മൈക്കിള്‍ ലോബോ കൂട്ടിച്ചേർത്തു.

പനാജി: ബലാത്സം​ഗ, കൊലപാതക കേസുകളിലെ കുറ്റവാളികളെ പരസ്യമായി തൂക്കിക്കൊല്ലണമെന്ന് ​ഗോവ മന്ത്രി മൈക്കിള്‍ ലോബോ. ഇതിനായി ഇന്ത്യന്‍ ശിക്ഷാ നിയമത്തിൽ ഭേദഗതി വരുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഇത്തരം കുറ്റകൃത്യങ്ങൾക്ക് നമ്മുടെ സമൂഹത്തിലോ ജയിലിൽ പോലുമോ സ്ഥാനമില്ല. കൊലപാതക, പീഡനക്കേസുകളിൽ നാല് മാസത്തിനുള്ളിൽ വിചാരണ പൂര്‍ത്തിയാക്കാന്‍ ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കണമെന്നും ലോബോ ആവശ്യപ്പെട്ടു. 

ബലാത്സംഗം, കൊലപാതകം തുടങ്ങിയ കേസുകളിൽ വിചാരണയും വധശിക്ഷയും പരമാവധി അഞ്ച് മാസത്തില്‍ കൂടുതൽ നീളരുതെന്നും മൈക്കിള്‍ ലോബോ ആവശ്യപ്പെടുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിലെ ചിലയിടങ്ങളില്‍ അതിവേഗ വിചാരണകള്‍ നടന്നിരുന്നു. അന്താരാഷ്ട്ര തലത്തിലും ഇത്തരം നടപടികൾ നടക്കുന്നുണ്ടെന്നും ഈ രീതി തിരികെ കൊണ്ടുവരണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

click me!