'കോൺഗ്രസിന് ഇനി ഭാവിയില്ല; കൂറുമാറിയത് പണം വാങ്ങിയുമല്ല': ബാബുഷ്‌ മോൺസ്രാട്ട്

By Web TeamFirst Published Jul 11, 2019, 2:16 PM IST
Highlights

ബിജെപിയുടെ  നയങ്ങളാണ് കൂറുമാറ്റത്തിന് പ്രേരണയായതെന്നും ഗോവയിലെ വിമത എംഎൽഎ ബാബുഷ്‌ മോൺസ്രാട്ട്

പനാജി: ഇന്ത്യയിൽ കോൺഗ്രസിന് ഇനി ഭാവിയില്ലെന്ന് ഗോവയിലെ വിമത എംഎൽഎ ബാബുഷ്‌ മോൺസ്രാട്ട്. ബിജെപിയുടെ  നയങ്ങളാണ് കൂറുമാറ്റത്തിന് പ്രേരണയായതെന്ന് പറഞ്ഞ ബാബുഷ്, പണം വാങ്ങിയാണ് കൂറുമാറിയതെന്ന പിസിസി അധ്യക്ഷന്‍റെ ആരോപണം തെറ്റാണെന്നും കൂട്ടിച്ചേർത്തു. 

കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് പിന്നാലെയാണ് ഇന്നലെ ഗോവ കോൺഗ്രസിലും പൊട്ടിത്തെറിയുണ്ടായത്. പ്രതിപക്ഷ നേതാവിന്‍റെ നേതൃത്വത്തിൽ കോൺഗ്രസിന്‍റെ ആകെയുള്ള പതിനഞ്ചിൽ പത്ത് എംഎൽഎമാരും ബിജെപിയിൽ ചേർന്നു. പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കാവേൽക്കറുടെ നേതൃത്വത്തിൽ സ്പീക്കറെ കണ്ട് തീരുമാനം അറിയിക്കുകയായിരുന്നു. ദില്ലിയിലെത്തിയ എംഎൽഎമാർ അമിത്ഷായെ കാണും. 

മൂന്നിൽ രണ്ട് ഭാഗം എംഎൽഎമാരും പാർട്ടി വിടുന്നതിനാൽ കൂറുമാറ്റ നിരോധനത്തിന്‍റെ പരിധിയിൽ വിഷയം വരില്ലെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നാല്‍പത്ത് അംഗ ഗോവ നിയമസഭയില്‍ നിലവില്‍ ബിജെപിക്ക് 17 എംഎല്‍എമാരാണുളളത്. കോൺഗ്രസ്‌ വിമതർ കൂടി എത്തുന്നതോടെ ബിജെപിയുടെ കക്ഷിനില 27 ആകും. നിലവില്‍ ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടിയുടേയും സ്വതന്ത്രന്മാരുടേയും പിന്തുണയോടെയാണ് ബിജെപി സംസ്ഥാനം ഭരിക്കുന്നത്. 

അംഗസംഖ്യ 21 കടക്കുന്നതോടെ സംസ്ഥാനം ഒറ്റയ്ക്ക് ഭരിക്കാനുള്ള കേവലഭൂരിപക്ഷം ബിജെപിക്ക് ലഭിക്കും. ഇതോടെ ഗോവ മന്ത്രിസഭയിൽ വൻഅഴിച്ചുപണി നടക്കുമെന്നാണ് സൂചന. അതേസമയം, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് അല്ല, ഒരു രാജ്യം ഒരു പാർട്ടിയാണ് ബിജെപി ലക്ഷ്യമിടുന്നതെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. മുൻ മുഖ്യമന്ത്രിമാർ കൂടിയായ പ്രതാപ് സിങ് റാണെ, ദിഗംബർ കാമത്ത്, രവി നായിക്, ലൂസിഞ്ഞൊ ഫെലേറിയോ എന്നിവർക്കൊപ്പം കർട്ടോറിം എംഎൽഎ അലക്സിയോ റെജിനാൾഡോ ലൊറൻസോയും മാത്രമാണ് ഗോവ നിയമസഭയിലെ കോൺഗ്രസിൽ തുടരുന്നത്. 

click me!