ജനതാ കര്‍ഫ്യൂ: ആയിരത്തോളം വിമാന സര്‍വ്വീസുകള്‍ റദ്ദ് ചെയ്തു

By Web TeamFirst Published Mar 21, 2020, 11:29 AM IST
Highlights

ഞായറാഴ്ച തങ്ങളുടെ എല്ലാ സര്‍വ്വീസുകളും റദ്ദ് ചെയ്യുകയാണെന്ന് ഗോ എയര്‍ ഔദ്യോഗികമായി അറിയിച്ചു. അന്നേ ദിവസം 60 ശതമാനം സര്‍വ്വീസുകള്‍ മേത്രമേ ഉണ്ടായിരിക്കുകയുള്ളൂ എന്നാണ് ഇന്‍ഡിഗോ അറിയിച്ചിരിക്കുന്നത്.
 

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി മാര്‍ച്ച് 22 ഞായറാഴ്ച രാജ്യമൊട്ടാകെ ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആയിരത്തോളം ആഭ്യന്തര സര്‍വ്വീസുകള്‍ വിമാനക്കമ്പനികള്‍ റദ്ദ് ചെയ്തു. ജനതാ കര്‍ഫ്യൂവിന് പിന്തുണ നല്‍കി ഗോ എയര്‍, ഇന്‍ഡിഗോ എന്നീ വിമാനക്കമ്പനികളാണ് സര്‍വ്വീസുകള്‍ റദ്ദ് ചെയ്തതായി അറിയിച്ചത്.

ഞായറാഴ്ച തങ്ങളുടെ എല്ലാ സര്‍വ്വീസുകളും റദ്ദ് ചെയ്യുകയാണെന്ന് ഗോ എയര്‍ ഔദ്യോഗികമായി അറിയിച്ചു. അന്നേ ദിവസം 60 ശതമാനം സര്‍വ്വീസുകള്‍ മേത്രമേ ഉണ്ടായിരിക്കുകയുള്ളൂ എന്നാണ് ഇന്‍ഡിഗോ അറിയിച്ചിരിക്കുന്നത്. അടിയന്തര യാത്രകള്‍ കൂടി പരിഗണിച്ച് 40 ശതമാനം സര്‍വ്വീസുകളാണ് റദ്ദ് ചെയ്തിരിക്കുന്നതെന്ന് ഇന്‍ഡിയോ അറിയിച്ചു.

രാജ്യാന്തരമായി യാത്രാവിലക്ക് നിലനില്‍ക്കുന്നതിനാല്‍ മിക്ക ഇന്റര്‍നാഷണല്‍ സര്‍വീസുകളും ഇപ്പോള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. നിലവിലെ സാഹചര്യത്തില്‍ 25 ശതമാനം ആഭ്യന്തര സര്‍വീസുകളും കുറയ്‌ക്കേണ്ട അവസ്ഥയാണ്. ആവശ്യത്തിന് അനുസരിച്ച് തങ്ങള്‍ ഇക്കാര്യത്തില്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഇന്‍ഡിയോ വ്യക്തമാക്കി.

സര്‍വീസുകള്‍ റദ്ദ് ചെയ്ത സാഹചര്യത്തില്‍ ഞായറാഴ്ച ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ളവരുടെ പണം നഷ്ടമാകില്ലെന്ന് ഗോ എയര്‍ അറിയിച്ചു. അടുത്ത ഒരു വര്‍ഷത്തില്‍ എപ്പോള്‍ വേണമെങ്കില്‍ ആ ടിക്കറ്റ് ഉപയോഗപ്പെടുത്താവുന്നതാണെന്നും അതിനായി അധിക തുക മുടക്കേണ്ടതില്ലെന്നും കമ്പനി അറിയിച്ചു.

ഇന്‍ഡിഗോയുടെ ഭാഗത്ത് നിന്നാണ് സര്‍വീസ് റദ്ദാക്കപ്പെട്ടതെങ്കില്‍ ബുക്ക് ചെയ്തവര്‍ക്ക് ദിവസം മാറ്റിയെടുക്കുകയോ ടിക്കക്ക് കാന്‍സല്‍ ആക്കുകയോ ചെയ്യാം. ഇതിനായി അധിക ചാര്‍ജ് ഈടാക്കില്ലെന്നും അവര്‍ അറിയിച്ചു. കൊവിഡ് 19 നെ നേരിടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ജനതാ കര്‍ഫ്യു പ്രഖാപിച്ചത്.

മാര്‍ച്ച് 22ന് ഞായറാഴ്ച രാവിലെ ഏഴ് മണിക്കും രാത്രി 9 മണിക്കും ഇടയില്‍ എല്ലാ പൗരന്‍മാരുംസ്വയം ജനതാ കര്‍ഫ്യു പാലിക്കണം. ഈ സമയത്ത് ആരും പുറത്തിറങ്ങരുതെന്നും റോഡിലിറങ്ങരുതെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് കൊവിഡ് എന്ന് വിശദമാക്കിയ പ്രധാനമന്ത്രി എല്ലാ ജനങ്ങളും ഇതിനെ അതീവ ഗൗരവമായി തന്നെ എടുക്കണമെന്നും ആവശ്യപ്പെട്ടു.

'രാജ്യത്തെ 130 കോടി ജനങ്ങളോട് എനിക്ക് വലിയൊരു അഭ്യര്‍ത്ഥനയുണ്ട്, കൊറോണയില്‍ നിന്ന് രക്ഷപ്പെടാന്‍ നിങ്ങളുടെ കുറച്ചുദിവസങ്ങള്‍ രാജ്യത്തിന് നല്‍കണം' എന്ന് പറഞ്ഞാണ് പ്രധാനമന്ത്രി ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ചത്. ജനങ്ങള്‍, ജനങ്ങളാല്‍ , ജനങ്ങള്‍ക്ക് വേണ്ടി സ്വയം നടപ്പാക്കുന്നതാണ് ജനതാ കര്‍ഫ്യു എന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്.
 

click me!