
ഭോപ്പാൽ: മധ്യപ്രദേശിലെ കട്‌നി ജില്ലയിലെ അംഗൻവാടി കേന്ദ്രത്തിന് പുറത്ത് കുട്ടികൾക്കൊപ്പം സ്റ്റീൽ പ്ലേറ്റുകളിൽ നിന്ന് ആടുകൾ ഉച്ചഭക്ഷണം കഴിക്കുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ. നിരനിരയായി ഇരിക്കുന്ന കുട്ടികൾക്കൊപ്പം പ്ലേറ്റിൽ വിളമ്പിയ ഭക്ഷണം ആടുകൾ കഴിക്കുന്ന വീഡിയോയാണ് പുറത്തായത്. ആദിവാസി ഭൂരിപക്ഷമുള്ള ധീമർഖേദ ബ്ലോക്കിലെ കോത്തി ഗ്രാമത്തിലെ സെഹ്‌റ മൊഹല്ലയിലാണ് സംഭവം. വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അംഗൻവാടിയിലാണ് സംഭവം നടന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അംഗൻവാടിക്ക് സ്വന്തമായി കെട്ടിടം ഇല്ലാത്തതിനാലാണ് വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്നതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
വീഡിയോകൾ പുറത്തുവന്ന ഉടൻ തന്നെ ഉദ്യോഗസ്ഥ സംഘത്തെ ഗ്രാമത്തിലേക്ക് അയച്ചതായി കട്നി ജില്ലാ കളക്ടർ ആശിഷ് തിവാരി പറഞ്ഞു. കഴിഞ്ഞ വർഷം മുതൽ സ്വകാര്യ വാടക കെട്ടിടത്തിലാണ് അംഗൻവാടി കേന്ദ്രം പ്രവർത്തിക്കുന്നത്. മറ്റൊരു സ്ഥലത്ത് സ്ഥിരം കെട്ടിടത്തിന്റെ നിർമ്മാണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രാഥമിക അന്വേഷണത്തിൽ, ഉച്ചഭക്ഷണം വിളമ്പുന്ന സമയത്ത് അംഗൻവാടി സൂപ്പർവൈസർ, അസിസ്റ്റന്റ്, വർക്കർ എന്നിവർ സ്ഥലത്തുണ്ടായിരുന്നില്ലെന്ന് കണ്ടെത്തിയതായി തിവാരി പറഞ്ഞു. പ്രാഥമിക കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ, അംഗൻവാടി സൂപ്പർവൈസറുടെ ശമ്പള വർധനവ് തടഞ്ഞുവച്ചിട്ടുണ്ട്. കൂടാതെ സഹായിക്കും അംഗൻവാടി വർക്കർക്കും കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ വിജയ്പൂർ ബ്ലോക്കിലെ ഹൽപൂർ ഗ്രാമത്തിലെ ഒരു സർക്കാർ പ്രൈമറി സ്കൂളിലെ കുട്ടികൾക്ക് ഉച്ചഭക്ഷണം കടലാസിൽ വിളമ്പിയ സംഭവവും പുറത്തുവന്നിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam