
ദില്ലി: സ്വർണ്ണക്കടത്തുകേസിൽ കൂടുതൽ വിവരങ്ങളില്ലെന്ന് വിദേശകാര്യമന്ത്രാലയം. യുഎഇ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ അനുവാദം കിട്ടിയോ എന്ന ചോദ്യത്തോടുള്ള പ്രതികരണത്തിലാണ് കൂടുതൽ വിവരങ്ങളില്ലെന്ന വിദേശകാര്യ വക്താവിന്റെ പ്രതികരണം. എൻഐഎ അന്വേഷണത്തിന് വിദേശകാര്യ മന്ത്രാലയം എല്ലാ സഹായങ്ങളും നൽകുന്നുണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ അറിയിച്ചു.
സ്വർണക്കടത്ത് കേസിൽ സംശയത്തിന്റെ നിഴലിൽ നിൽക്കെയാണ് യുഎഇ അറ്റാഷെ റാഷദ് അൽ ഷെമെയ്ലി ജൂലൈയിൽ ഇന്ത്യ വിട്ടത്. അറ്റാഷെയെ ചോദ്യം ചെയ്യാനായി എൻഐഎയും കസ്റ്റംസും അപേക്ഷ നൽകിയതിന് പിന്നാലെയായിരുന്നു ഇത്. അറ്റാഷെയുടെ പേരിലാണ് സ്വർണ്ണമടങ്ങിയ ബാഗ് എത്തിയത്.
നയതന്ത്ര പരിരക്ഷയുള്ള ബാഗ് തുറക്കാൻ അനുവദിക്കില്ലെന്ന് സരിത്തിനൊപ്പം എത്തിയ അറ്റാഷെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നൽ ഇതിന് വഴങ്ങാതെ അഞ്ചാം തീയതി അറ്റാഷെയുടെ സാന്നിധ്യത്തിൽ തന്നെ ബാഗ് തുറന്ന് സ്വർണം പിടികൂടി. അറ്റാഷെയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സരിത്തിനെ അറസ്റ്റ് ചെയ്തത്. സ്വപ്നയും സരിത്തും അറ്റാഷെയ്ക്ക് എതിരെ മൊഴി നൽകിയിട്ടുണ്ട്. അറ്റാഷെയുടെ പങ്ക് അന്വേഷിക്കണമെന്ന് സന്ദീപ് നായരും എൻഐഎ കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് പിന്നാലെ അന്വേഷണ ഏജൻസികൾ അറ്റാഷയെ ചോദ്യം ചെയ്യാനുള്ള അനുമതി തേടി കേന്ദ്രസർക്കാരിനെ സമീപിച്ചുവെങ്കിലും നിർണായക നീക്കങ്ങൾ നടക്കുന്നതിനിടെ അറ്റാഷെ തിരികെ പോയി.
സംശയത്തിന്റെ നിഴലിലായിരുന്നുവെങ്കിലും നയതന്ത്ര ഉദ്യോഗസ്ഥനായ അറ്റാഷെയ്ക്ക് യാത്രാവിലക്കൊന്നും ഉണ്ടായിരുന്നില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam