'ഇടതുസർക്കാരിനെ അട്ടിമറിക്കാൻ ഗൂഢശ്രമം, ജുഡീഷ്യറി ഇടപെടണം', യെച്ചൂരി

By Web TeamFirst Published Nov 19, 2020, 5:32 PM IST
Highlights

അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് മുഖ്യമന്ത്രിയെയും ഇടത് സർക്കാരിനെയും ലക്ഷ്യം വയ്ക്കുകയാണ് ബിജെപി. ഇതിനൊപ്പം യുഡിഎഫും ചേരുന്നുവെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. നേരത്തേ കേന്ദ്ര ഏജൻസികൾക്കെതിരെ രൂക്ഷവിമർശനമാണ് സംസ്ഥാനത്തെ സിപിഎം നേതൃത്വം ഉയർത്തിയത്. 

ദില്ലി/ തിരുവനന്തപുരം: സ്വർണക്കടത്ത് മുതൽ ലൈഫ് മിഷനും കിഫ്ബിയുമടക്കമുള്ള വിഷയങ്ങളിൽ അന്വേഷണ ഏജൻസികൾക്കെതിരെയും ബിജെപിക്കും യുഡിഎഫിനുമെതിരെയും രൂക്ഷവിമ‍ർശനവുമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് സർക്കാരിനെയും മുഖ്യമന്ത്രിയെയും ലക്ഷ്യം വയ്ക്കുകയാണ് ബിജെപി ചെയ്യുന്നത്. 

തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും അട്ടിമറിക്കാനാണ് ഇവിടെ ബോധപൂർവം ശ്രമിക്കുന്നത്. കേന്ദ്ര ഏജൻസികളെ ബിജെപി രാഷ്ട്രീയ ആയുധമാക്കുന്നു. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ സമ്മർദ്ദം ചെലുത്തുകയും ചെയ്യുന്നു. ഇതിൽ അടിയന്തരമായി ജുഡീഷ്യറിയും മറ്റ് ഭരണഘടനാസ്ഥാപനങ്ങളും ഇടപെടമെന്നും യെച്ചൂരി ദില്ലിയിൽ മാധ്യമങ്ങളോട് പറ‌ഞ്ഞു.

സ്വപ്ന സുരേഷിന്‍റെ ശബ്ദരേഖ ആയുധമാക്കി അന്വേഷണ ഏജന്‍സികള്‍ക്കെതിരെ സംസ്ഥാനസിപിഎം നേതൃത്വം രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയെ ലക്ഷ്യംവച്ച് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ശ്രമിക്കുകയാണെന്ന് സിപിഎം കുറ്റപ്പെടുത്തി. സ്വപ്നയുടെ ഓഡിയോ പുറത്ത് വിട്ടത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതരാണെന്നാരോപിച്ച് പ്രതിപക്ഷവും നിലപാട് കടുപ്പിച്ചു.

അന്വേഷണ ഏജന്‍സികള്‍ സര്‍ക്കാരിന്‍റെ വികസന പദ്ധതികളെയടക്കം തടസപ്പെടുത്തുന്നുവെന്ന് നേരത്തേ സിപിഎമ്മും മുഖ്യമന്ത്രിയും ആരോപണമുന്നയിച്ചിരുന്നു. ചില നേതാക്കള്‍ക്കെതിരെ മൊഴി പറയാന്‍ തനിക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടെന്ന് ശിവശങ്കരന്‍ കോടതിയില്‍ പറഞ്ഞതിന് പിന്നാലെയാണ് സമാന ആരോപണമുന്നയിക്കുന്ന സ്വപ്നാസുരേഷിന്‍റെ ഓഡിയോ പുറത്ത് വന്നത്. 

കേസന്വേഷണം ശരിയായി മുന്നോട്ട് കൊണ്ടുപോകുന്നതിന് പകരം മറ്റ് ചിലരുടെ രാഷ്ട്രീയ ആവശ്യത്തിനായി നിന്ന് കൊടുക്കുകയാണ് അന്വേഷണ ഏജന്‍സികളെന്നാണ് സിപിഎമ്മിന്‍റെ ആരോപണം. ഓഡിയോ പുറത്ത് വന്നതെങ്ങനെയെന്ന് ജയില്‍ വകുപ്പും മറ്റ് ഏജന്‍സികളും അന്വേഷിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് സിപിഎം സ്വപ്നയുടെ വാക്കുകള്‍ മുഖവിലക്കെടുക്കുന്നതെന്ന കാര്യവും ശ്രദ്ധേയമാണ്. അതേസമയം ക‍ൃത്യമായി ആസൂത്രണം ചെയ്തൊരു നാടകമാണിതെന്നാണ് പ്രതിപക്ഷാരോപണം. കളിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവരെന്നും പ്രതിപക്ഷനേതാക്കള്‍ പറയുന്നു. 

സിഎജി വിവാദം, ഇബ്രാഹിംകുഞ്ഞിന്‍റെ അറസ്റ്റ് എന്നിവയാല്‍ രണ്ട് ദിവസങ്ങളായി മുങ്ങിപ്പോയിരുന്ന സ്വര്‍ണക്കടത്ത് വിവാദം വീണ്ടും സജീവചര്‍ച്ചയായി. ജയിലില്‍ നിന്ന് ഓഡിയോ എങ്ങനെ പുറതത് വന്നുവെന്ന അന്വേഷണം നടക്കുമ്പോള്‍ തന്നെ രാഷ്ട്രീയ വിവാദവും കത്തിപ്പടരുകയാണ്.

click me!