സ്വർണക്കടത്തിൽ യുഎഇ ഉദ്യോഗസ്ഥരെ തൊടില്ലേ? മാറ്റി നിർത്താൻ കേന്ദ്രനീക്കം

By Web TeamFirst Published Oct 5, 2020, 5:27 PM IST
Highlights

യുഎഇ സ്വർണ്ണക്കടത്ത് കേസിൽ സഹകരിക്കുന്നുണ്ട് എന്ന് വിദേശകാര്യവക്താവും മന്ത്രാലയവും ആവർത്തിക്കുമ്പോഴും എന്താണ് സഹകരണം എന്ന കാര്യത്തിൽ വ്യക്തതയില്ല. 

ദില്ലി: സ്വർണക്കടത്ത് കേസിലേക്ക് യുഎഇ ഉദ്യോഗസ്ഥരെ കൊണ്ടുവരാതെ മാറ്റിനിറുത്താൻ കേന്ദ്ര നീക്കം. ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യണമെന്ന അന്വേഷണ ഏജൻസികളുടെ ആവശ്യത്തിൽ കേന്ദ്രം തുടർനടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് സൂചന. മൂന്നു മാസമായി ഇന്ത്യയിലെ യുഎഇ എംബസിയും ഇക്കാര്യത്തിലുള്ള പ്രതികരണം ഒഴിവാക്കുകയാണ്. 

യുഎഇ സ്വർണ്ണക്കടത്ത് കേസിൽ സഹകരിക്കുന്നുണ്ട് എന്ന് വിദേശകാര്യവക്താവും മന്ത്രാലയവും ആവർത്തിക്കുമ്പോഴും എന്താണ് സഹകരണം എന്ന കാര്യത്തിൽ വ്യക്തതയില്ല. യുഎഇ പ്രഖ്യാപിച്ച അന്വേഷണം എവിടെ എത്തിയെന്ന് ഇന്ത്യയ്ക്ക് ഒരു ധാരണയുമില്ല. ഇന്ത്യയിലെത്തി അന്വേഷണം നടത്താതെ യുഎഇക്കും ഇത് അവസാനിപ്പിക്കാനാവില്ല. എന്നാൽ അതിൽ ഒരു വ്യക്തതയും സർക്കാരിനില്ലെന്നും വിദേശകാര്യമന്ത്രാലയം തന്നെ നേരത്തെ സമ്മതിച്ചതാണ്.

''ഇന്ത്യയ്ക്കും യുഎഇക്കും ഇടയിൽ മികച്ച ബന്ധമാണ് ഉള്ളത്. യുഎഇ സ്വർണ്ണക്കടത്തു കേസിലെ അന്വേഷണവുമായി സഹകരിക്കുന്നുണ്ട്'', എന്നാണ് വിദേശകാര്യവക്താവ് അനുരാഗ് ശ്രീവാസ്തവ ആദ്യം മുതലേ പറയുന്നത്.

ജൂലൈ ഏഴിന് ദില്ലിയിലെ യുഎഇ എംബസി ഒരു പ്രസ്താവന പുറത്തിറക്കിയിരുന്നു. അത് പറയുന്നതിങ്ങനെ: ''കാർഗോ ഇന്ത്യയിലേക്ക് അയച്ചത് ആരെന്ന് കണ്ടെത്താൻ അന്വേഷണം തുടങ്ങി. ഇവർ വലിയൊരു കുറ്റം ചെയ്തു എന്ന് മാത്രമല്ല യുഎഇ മിഷൻറെ പ്രതിച്ഛായ തന്നെ ഇടിച്ചതിനാൽ ആരെയും വെറുതെ വിടില്ല'', പ്രസ്താവന വന്നിട്ട് മൂന്നു മാസം. ആരെന്ന് കണ്ടെത്തിയോ എന്ന ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് യുഎഇയിൽ നിന്നും ഉത്തരമില്ല. തല്ക്കാലം യുഎഇ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ ഉത്സാഹം വേണ്ടെന്ന സന്ദേശമാണ് കേന്ദ്രസർക്കാരിൽ നിന്ന് അന്വേഷണ ഏജൻസികൾക്കും കിട്ടിയിരിക്കുന്നത്. യുഎഇ ബന്ധം മോശമാക്കേണ്ടെന്ന താല്പര്യം മാത്രമാണോ എന്ന് വ്യക്തമല്ല. 

നേരത്തെ എൻഐഎ കൊടുത്ത കത്തിനും സർക്കാർ മറുപടി നല്കിയിട്ടില്ല. എൻഐഎക്ക് യുഎഇയിൽ നിയന്ത്രണങ്ങളോടെ പോകാൻ അനുവാദം കിട്ടിയത് മാത്രമാണ് ഇക്കാര്യത്തിൽ വിദേശകാര്യമന്ത്രാലയത്തിന്‍റെ പ്രകടമായ ഇടപെടൽ.

ഇന്ത്യയ്ക്കെതിരെ നടന്ന ഈ കുറ്റകൃത്യത്തിൽ വിദേശപങ്കാളിത്തമുണ്ടോ എന്നറിയേണ്ടത് സമാനമാർഗ്ഗങ്ങൾ ഒഴിവാക്കാൻ അനിവാര്യമാണ്. എന്നാൽ ദുരൂഹമായ കാരണങ്ങൾ ഈ വഴിക്കുള്ള അന്വേഷണം ഒഴിവാക്കാൻ കേന്ദ്രസർക്കാരിനെ പ്രേരിപ്പിക്കുകയാണ്.

click me!