''ഗോലി മാരോ'', ദില്ലിയിലെ ഏറ്റവും തിരക്കേറിയ മെട്രോ സ്റ്റേഷനിൽ മുദ്രാവാക്യം, ആറ് പേർ പിടിയിൽ

Web Desk   | Asianet News
Published : Feb 29, 2020, 04:36 PM IST
''ഗോലി മാരോ'', ദില്ലിയിലെ ഏറ്റവും തിരക്കേറിയ മെട്രോ സ്റ്റേഷനിൽ മുദ്രാവാക്യം, ആറ് പേർ പിടിയിൽ

Synopsis

പ്രകോപനപരമായ മുദ്രാവാക്യങ്ങൾ വിളിച്ച ആളുകളെ ഉടൻ തന്നെ പിടികൂടി പൊലീസിന് കൈമാറിയെന്ന് ഡിഎംആർസി അധികൃതർ അറിയിച്ചു. രാജീവ് ചൗക്ക് സ്റ്റേഷനിൽ ഏറ്റവും തിരക്കേറിയ സമയത്താണ് സംഭവം.

ദില്ലി: നഗരത്തിലെ ഏറ്റവും തിരക്കേറിയ മെട്രോ സ്റ്റേഷനായ രാജീവ് ചൗകിൽ ശനിയാഴ്ച പകൽനേരത്ത് പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് ഒരു സംഘമാളുകൾ. ''ദേശദ്രോഹികളെ വെടിവച്ച് കൊല്ലൂ'', എന്ന് അർത്ഥം വരുന്ന ''ദേശ് കി ഗദ്ദാരോം കോ, ഗോലി മാരോ സാ***ൻ കോ'', എന്ന പ്രകോപനപരമായ മുദ്രാവാക്യമാണ് ഉയർന്നത്. മുദ്രാവാക്യം വിളിച്ച ആറ് പേരെ ഡിഎംആർസി അധികൃതർ പിടികൂടി പൊലീസിന് കൈമാറി. പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് നീക്കി.

തലയിൽ കാവി തലക്കെട്ടും, വെള്ള ടീ ഷർട്ടും ധരിച്ച ഒരു സംഘമാളുകളാണ് മുദ്രാവാക്യം വിളിച്ചത്. രാജീവ് ചൗക് മെട്രോ സ്റ്റേഷനിൽ ഇത്തരം മുദ്രാവാക്യങ്ങളുയരുന്ന ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് വ്യാപകമായി പുറത്തുവന്നത്. 

മുദ്രാവാക്യം വിളിച്ചവർ ''യാത്രക്കാർ'' മാത്രമാണെന്നാണ് മെട്രോ അധികൃതർ പറയുന്നത്. മെട്രോ സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരും മെട്രോ ഉദ്യോഗസ്ഥരും മുദ്രാവാക്യം വിളിച്ചവരെ ഉടനടി ദില്ലി മെട്രോ പൊലീസിന് കൈമാറിയെന്നും ഡിഎംആർസി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

ശനിയാഴ്ച രാവിലെ 10.52-നാണ് സംഭവമുണ്ടായത്. ഒരു സംഘമാളുകൾ ഒരു തരത്തിലുള്ള പ്രകോപനവുമില്ലാതെ, അക്രമത്തിന് പ്രേരിപ്പിക്കുന്ന തരത്തിലുള്ള മുദ്രാവാക്യം ഉറക്കെ വിളിക്കുകയായിരുന്നു. ദില്ലി മെട്രോ പരിസരത്ത് മുദ്രാവാക്യം വിളിക്കുന്നതോ, പ്രകടനം നടത്തുന്നതോ, പ്രതിഷേധിക്കുന്നതോ നിരോധിച്ചതാണ്.

ഒരു മെട്രോ ട്രെയിൻ നിർത്താനായി സ്റ്റേഷനിലേക്ക് അടുക്കുമ്പോഴായിരുന്നു ഈ സംഘം മുന്നിലേക്ക് കയറി മുദ്രാവാക്യം വിളിച്ചത്. മെട്രോയിൽ നിന്ന് ഇറങ്ങിയ ശേഷവും ഈ സംഘം മുദ്രാവാക്യം വിളി തുടർന്നു. സിഎഎ അനുകൂല മുദ്രാവാക്യങ്ങളും ഈ യുവാക്കൾ ഉയർത്തി. 

വടക്കുകിഴക്കൻ ദില്ലിയിൽ ഒരു വർഗീയ കലാപം നടന്ന് ദിവസങ്ങൾ പോലുമാകുന്നതിന് മുമ്പാണ് വീണ്ടും മെട്രോ സ്റ്റേഷനിലടക്കം ഇത്ര പ്രകോപനപരമായ മുദ്രാവാക്യം വിളികളുയരുന്നത്. ദില്ലി തെരഞ്ഞെടുപ്പ് കാലത്ത് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിന്‍റെ തെരഞ്ഞെടുപ്പ് റാലിയിൽ ഈ മുദ്രാവാക്യം ഉയർന്നതും മന്ത്രി ഈ മുദ്രാവാക്യം വിളിച്ചവരെ ഏറ്റ് വിളിച്ച് പ്രോത്സാഹിപ്പിച്ചതും വിവാദമായിരുന്നു. പിന്നീട് ദില്ലി കലാപമുണ്ടായ രാത്രികളിലൊന്നിൽ ലക്ഷ്മിനഗറിലെ ബിജെപി എംഎൽഎ അഭയ് വെർമ നയിച്ച റാലികളിൽ എംഎൽഎയടക്കം മുദ്രാവാക്യം വിളിയുമായി തെരുവിലൂടെ അനുയായികൾക്കൊപ്പം നടന്നതിന്‍റെ വീഡ‍ിയോയും പുറത്തുവന്നിരുന്നതാണ്. സമാനമായി, സിഎഎ വിരുദ്ധസമരവേദിയിൽ വെടിവെപ്പ് നടത്തിയ അക്രമിയും ഇതേ മുദ്രാവാക്യമാണ് ഉയർത്തിയത്. 

ദില്ലിയിൽ കലാപത്തിന് കാരണമായ ഘടകങ്ങളിലൊന്നിൽ, ഈ മുദ്രാവാക്യം വിളികളുമുണ്ടായിരുന്നെന്ന് ആരോപണങ്ങളുയർന്നിരുന്നതാണ്. 

Read more at: 'ഗോലി മാരോ', പ്രകോപന മുദ്രാവാക്യം വിളിച്ച് ബിജെപി എംഎല്‍എ, വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്

PREV
click me!

Recommended Stories

മുൻ തൃണമൂൽ കോൺ​ഗ്രസ് നേതാവിനെതിരായ കേസിലെ പ്രധാന സാക്ഷിയും കുടുംബവും അപകടത്തിൽപ്പെട്ടു; സംഭവത്തിൽ ദുരൂഹത
സവർക്കർ പുരസ്കാരം: ശശി തരൂർ എത്തിയില്ല, തിരഞ്ഞെടുക്കപ്പെട്ട മലയാളികളിൽ പുരസ്കാരം ഏറ്റുവാങ്ങാനെത്തിയത് എം ജയചന്ദ്രൻ മാത്രം